Latest News

"ദാഹിച്ചു നിലവിളിച്ചിട്ടും കരഞ്ഞുചോദിച്ചിട്ടും രാജ്കുമാറിനു തുള്ളിവെള്ളം കൊടുത്തില്ല" ; മരണസമയത്ത് മൂത്രസഞ്ചി ശൂന്യം തുട മുതല്‍ പാദം വരെ ചതവ് , 22 പരുക്ക് ; അവസാന മണിക്കൂറുകളില്‍ അനുഭവിച്ചതു കൊടിയ ക്രൂരത

2019-07-02 02:23:56am |

കട്ടപ്പന: തുട മുതല്‍ പാദം വരെ ചതവ്. ശൂന്യമായ മൂത്രസഞ്ചി. മുറിവുകളും ചതവുകളുമടക്കം 22 പരുക്ക്... റിമാന്‍ഡിലിരിക്കെ മരിച്ച രാജ്കുമാര്‍ ജീവിതത്തിന്റെ അവസാന മണിക്കൂറുകളില്‍ അനുഭവിച്ചതു കൊടിയ ക്രൂരതയെന്നു സൂചിപ്പിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കരഞ്ഞുചോദിച്ചിട്ടും രാജ്കുമാറിനു തുള്ളിവെള്ളം കൊടുത്തിരുന്നില്ലെന്ന സഹതടവുകാരന്റെ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്നതാണു പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലെ സൂചന.

 

അരയ്ക്കു താഴോട്ടുള്ള പരുക്കുകള്‍ പോലീസിന്റെ മര്‍ദനത്തിന്റെ ഫലമാണെന്നും നാട്ടുകാരാണു മര്‍ദിച്ചതെങ്കില്‍ അരയ്ക്കു മുകളിലാകും പരുക്കുകള്‍ സംഭവിക്കുകയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മൂര്‍ച്ചയില്ലാത്ത വസ്തു ഉപയോഗിച്ചു മര്‍ദിച്ചതിനു പുറമേ കുപ്രസിദ്ധ മൂന്നാംമുറയായ ഉരുട്ടലിനും രാജ്കുമാറിനെ വിധേയനാക്കിയെന്നാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് വിദഗ്ധര്‍ തയാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. മുറിവുകളും ചതവുകളുമടക്കം 22 പരുക്കുകളാണ് രാജ്കുമാറിന്റെ ശരീരത്തിലുണ്ടായിരുന്നത്. ഇവയില്‍ 15 എണ്ണം മുറിവുകളാണ്, ബാക്കിയുള്ളവ ചതവുകളാണ്.

തുട മുതല്‍ കാല്‍പാദം വരെയുള്ള ഭാഗത്ത് അസ്വാഭാവികമായി നാലു വലിയ ചതവുകളുണ്ട്. ലാത്തിയോ സമാനമായ വസ്തുക്കളോ കൊണ്ട് ഉരുട്ടുകയോ ശക്തമായി മര്‍ദിക്കുകയോ ചെയ്യുമ്പോഴാണ് ഇത്തരം പരുക്കുകള്‍ ഉണ്ടാകാന്‍ സാധ്യത.

തുടയുടെ ഭാഗത്ത് ഏഴോളം ചതവുകളാണുള്ളത്. നാലു വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ടെങ്കിലും അതു ജീവന്‍ രക്ഷിക്കാനുള്ള ഡോക്ടര്‍മാരുടെ ശ്രമത്തിനിടെ സംഭവിക്കാനും സാധ്യതയുള്ളതാണ്. മരണസമയത്ത് രാജ്കുമാറിന്റെ മൂത്രസഞ്ചി ശൂന്യമായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

കസ്റ്റഡിയിലിരിക്കെ തുള്ളി വെള്ളം പോലും നല്‍കിയിരുന്നില്ലെന്നതാണ് ഇതില്‍നിന്നുള്ള നിഗമനം. വെള്ളം കുടിക്കാതെ നിര്‍ജലീകരണം സംഭവിച്ചിരിക്കാനുള്ള സാധ്യതയുമുണ്ട്. രാജ്കുമാര്‍ ദാഹിച്ചു നിലവിളിച്ചെന്നും ആ സമയത്ത് ഒരു തുള്ളിവെള്ളം പോലും കൊടുത്തില്ലെന്നും നേരത്തേ സഹതടവുകാരന്‍ വെളിപ്പെടുത്തിയിരുന്നു.

മര്‍ദനത്തില്‍ ആന്തരികമായി മുറിവേറ്റ് അവശനിലയിലായ രാജ്കുമാറിനു പോലീസ് കൃത്യമായ ചികിത്സ നല്‍കിയില്ല. ന്യൂമോണിയയാണു മരണകാരണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ 21-നാണ് പീരുമേട് ജയിലില്‍ റിമാന്‍ഡിലിരിക്കെ രാജ്കുമാര്‍ മരണത്തിനു കീഴടങ്ങിയത്. തൂക്കുപാലം കേന്ദ്രീകരിച്ച് നടന്ന ഹരിത ഫിനാന്‍സ് തട്ടിപ്പിലെ മുഖ്യ പ്രതിയായിരുന്നു രാജ് കുമാര്‍.