Latest News

പീഡനക്കേസില്‍ ബിനോയ് കോടിയേരി മുംബൈ പോലീസിനു മുന്നില്‍ ഹാജരായി; ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി

2019-07-05 01:36:13am |

മുംബൈ:ലൈംഗീക പീഡനക്കേസില്‍ ബിനോയ് കോടിയേരി മുംബൈ പോലീസിനു മുന്നില്‍ ഹാജരായി. മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനിലാണ് ബിനോയ് ഹാജരായത്. ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ബിനോയ് മടങ്ങിയത്. വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിനോയ് കോടിയേരിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം ഇന്നലെയാണ് അനുവദിച്ചത്. ബിനോയ് കോടിയേരി നല്‍കിയ ഹര്‍ജിയില്‍ മുംബൈ ഡിന്‍ഡോഷി കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.

ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. 25000 രൂപ കെട്ടിവെയ്ക്കുകയും, ഒരു ആള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയാറാകണമെന്നും കോടതി നിര്‍ദേശം നല്‍കി. മുന്‍കൂര്‍ ജാമ്യം ഒരു വ്യക്തിയുടെ അവകാശമാണെന്ന് പരാമര്‍ശിച്ചുകൊണ്ടാണ് ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം കോടതി അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ബിനോയ് ഹാജരാകുമെന്നും കേസന്വേഷണവുമായി സഹകരിക്കുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചിരുന്നു. അന്വേഷണ കാലയളവില്‍ ബിനോയിക്ക് രാജ്യം വിട്ടു പോകണമെങ്കില്‍ കോടതിയെ അറിയിച്ച് അനുമതി വാങ്ങണം.

യുവതി പീഡനം ആരോപിച്ച് പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞ് ജൂണ്‍ 20നാണ് ബിനോയി കോടിയേരി മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. വിവാഹവാഗ്ദാനം ചെയ്ത് ഉപേക്ഷിച്ചതിന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് യുവതി അയച്ച വക്കീല്‍ നോട്ടീസും വിവാവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം ചെയ്തുവെന്ന് ആരോപിച്ച് യുവതി നല്‍കിയ പരാതിയും ചൂണ്ടിക്കാട്ടി ഇത് പണം തട്ടാനുള്ള ശ്രമമാണെന്നാണ് ബിനോയ് കോടിയേരിയുടെ വാദം.

യുവതിക്കും കുഞ്ഞിനും ബിനോയ് സ്വന്തം ഇമെയിലില്‍ നിന്ന് അയച്ച വിസയും വിമാനടിക്കറ്റും യുവതിയുടെ അഭിഭാഷകന്‍ വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രോസിക്യുഷന് പുറമെ കോടതി അനുവദിച്ച പ്രത്യേക അഭിഭാഷകനും പരാതിക്കാരിക്ക് വേണ്ടി കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായിരുന്നു.

ബിനോയിയ്‌ക്കെതിരെ ദുബായില്‍ ക്രിമിനല്‍ കേസുള്ളത് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മറച്ചുവച്ചു. ബിനോയിയുടെ പിതാവ് കേരളത്തിലെ മുന്‍ ആഭ്യന്തര മന്ത്രിയാണ് തുടങ്ങിയ വിവരങ്ങള്‍ മറച്ചുവച്ചു എന്നിങ്ങനെയുള്ള വാദങ്ങള്‍ കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ യുവതിക്കായി അഭിഭാഷകന്‍ വാദിച്ചിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് ബിനോയ് ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഹര്‍ജിയിലുണ്ട്. ഇരുവിഭാഗത്തിന്റെയും വാദങ്ങളും തെളിവുകളും പരിശോധിച്ച ശേഷമാണ് അഷീഷണല്‍ സെഷന്‍സ് ജഡ്ജ് എം.എച്ച് ഷെയ്ക്ക് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞിരിക്കുന്നത്.