Latest News

പാര്‍ട്ടി അറിയാതെ സ്വകാര്യ ആശുപത്രി വാങ്ങി; ചാത്തന്നൂര്‍ എം.എല്‍.എയോട് വിശദീകരണം തേടി സി.പി.ഐ

2019-07-05 01:48:03am |

തിരുവനന്തപുരം: പാര്‍ട്ടി അറിയാതെ സ്വകാര്യ ആശുപത്രി വാങ്ങിയ ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാലിന് സി.പി.ഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗമാണ് ജയലാലില്‍ നിന്ന് വിശദീകരണം തേടി നോട്ടീസ് നല്‍കിയത്.

ജയലാല്‍ നേതൃത്വം നല്‍കുന്ന സ്വാന്തനം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് മേവാറത്ത് പ്രവര്‍ത്തിക്കുന്ന അഷ്ടമുടി ആശുപത്രി വാങ്ങാന്‍ തീരുമാനിച്ചത്. അഞ്ച് കോടി രൂപയ്ക്കാണ് ഇടപാട്. ഇതില്‍ ഒരു കോടി രൂപ നല്‍കി. ആശുപത്രി വാങ്ങാനുള്ള തീരുമാനം പാര്‍ട്ടിയോട് ആലോചിക്കാതിരുന്നത് വീഴ്ചയാണെന്നും ജാഗ്രതക്കുറവ് സമ്മതിക്കുന്നുവെന്നും ജയലാല്‍ കൊല്ലം ജില്ലാ എക്‌സിക്യുട്ടീവില്‍ സമ്മതിച്ചിരുന്നു. വരുന്ന ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ജയലാലിന്റെ വിശദീകരണം ചര്‍ച്ച ചെയ്ത് നടപടി വേണമോയെന്ന് തീരുമാനിക്കും.

പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ ജയലാല്‍ പ്രസിഡന്റായി സഹകരണ സംഘം രൂപീകരിക്കുന്നതിനും ആശുപത്രി വിലയ്ക്ക് വാങ്ങുന്നതിനും പാര്‍ട്ടിയുടെ അനുമതി തേടാതിരുന്നതാണ് അന്വേഷണത്തിലേക്ക് നയിച്ചത്. സംഘത്തിന് ഓഹരി സമാഹരിക്കാന്‍ അനുവാദം തേടി സംസ്ഥാന നേതൃത്വത്തിന് ജയലാല്‍ കത്ത് നല്‍കിയപ്പോഴാണ് പാര്‍ട്ടി വിവരം അറിയുന്നത്.

പാര്‍ട്ടിയുടെ സമുന്നത നേതാവും മുഖ്യമന്ത്രിയുമായിരുന്ന അച്യുത മേനോന്റെ പേരിലുള്ള സഹകരണ ആശുപത്രി പൂട്ടിക്കിടക്കുമ്പോഴാണ് എം.എല്‍.എ സ്വകാര്യ ആശുപത്രി വാങ്ങിയത്. അച്യുത മേനോന്‍ സഹകരണ ആശുപത്രിയ്ക്കായി പാര്‍ട്ടി ഓഹരി സമാഹരണത്തിനായി പാര്‍ട്ടി ശ്രമം നടത്തിക്കൊണ്ടിരിക്കെയാണ് എം.എല്‍.എ സ്വകാര്യ ആശുപത്രിയ്ക്കായി ഓഹരി സമാഹരണം തുടങ്ങിയത്.