Latest News

സഖ്യ എം.എൽ.എമാരുടെ കൂട്ടരാജി; കർണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജിയിലേക്ക്​, വ്യാഴാഴ്​ച നിർണായക മന്ത്രിസഭ യോഗം

2019-07-11 01:56:10am |

ബംഗളൂരു: സഖ്യ എം.എൽ.എമാരുടെ കൂട്ടരാജി മൂലം കർണാടകയിൽ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി എച്ച്​.ഡി. കുമാരസ്വാമി രാജിയിലേക്ക്​. സഖ്യത്തിൽ അതൃപ്​തി പ്രകടിപ്പിച്ച്​ 16 എം.എൽ.എമാർ രാജിവെക്കുകയും രണ്ടു​ മന്ത്രിമാർ ബി.ജെ.പിക്ക്​ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്​തതോടെ സർക്കാറിനെ രക്ഷിക്കാൻ മറ്റു വഴികളില്ലെന്ന സാഹചര്യത്തിലാണ്​ കുമാരസ്വാമി രാജിക്കൊരുങ്ങുന്നത്​. വ്യാഴാഴ്​ച രാവിലെ 11ന്​ നിർണായകമായ മന്ത്രിസഭ യോഗം മുഖ്യമന്ത്രി  വിളിച്ചുചേർത്തിട്ടുണ്ട്​. അതേസമയം, കർണാടക നിയസഭയായ വിധാൻ സൗധക്ക്​ ചുറ്റും 11ാം തീയതി മുതൽ 14ാം തീയതി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
 

വിമതർക്ക്​ അവസരമൊരുക്കാൻ കോൺഗ്രസ്​- ജെ.ഡി.എസ്​ സഖ്യ സർക്കാറിലെ മുഴുവൻ മന്ത്രിമാരും രാജിവെച്ചിരുന്നെങ്കിലും രാജിക്കത്ത്​ പാർട്ടി നേതൃത്വങ്ങൾ ഗവർണർക്ക്​ ​ൈകമാറാത്തതിനാൽ സാ​േങ്കതികമായി ഇവരെ മന്ത്രിമാരായിത്തന്നെയാണ്​ കണക്കാക്കുക. മന്ത്രിസഭ യോഗത്തിനു​ ശേഷം രാജ്​ഭവനിലെത്തി ഗവർണറെ കണ്ട്​ രാജിക്കാര്യം അറിയിക്കുകയോ വെള്ളിയാഴ്​ച ആരംഭിക്കുന്ന വർഷകാല നിയമസഭ സമ്മേളനത്തിൽ സഭയെ അഭിസംബോധന ചെയ്​ത ശേഷം രാജി പ്രഖ്യാപിക്കുകയോ ചെയ്യുമെന്നാണ്​ സൂചന. വിമതർ രാജിയിൽ ഉറച്ചുനിൽക്കുന്നതും കൂടുതൽപേർ രാജിയിലേക്ക്​ നീങ്ങുന്നതും സഖ്യനേതൃത്വത്തി​​െൻറ കണക്കുകൂട്ടലുകൾ തെറ്റിച്ചിട്ടുണ്ട്​.

മൂന്ന്​ ജെ.ഡി.എസ്​ എം.എൽ.എമാരും 13 കോൺഗ്രസ്​ എം.എൽ.എമാരുമാണ്​ ഇതുവരെ രാജി നൽകിയത്​. ഇൗ സ്​ഥിതി തുടർന്നാൽ ഗവർണർ സർക്കാറിനെ പിരിച്ചുവിടുന്നതിനു​ മുമ്പ്​ രാജിവെച്ചൊഴിയുന്നതാണ്​ നല്ലതെന്നാണ്​ മുതിർന്ന കോൺഗ്രസ്​, ജെ.ഡി.എസ്​ നേതാക്കളുടെ അഭിപ്രായം. ബുധനാഴ്​ച രാത്രി എ​േട്ടാടെ കുമാരസ്വാമി ജെ.ഡി.എസ്​ അധ്യക്ഷൻ എച്ച്​.ഡി. ദേവഗൗഡയുടെ വസതിയിലെത്തി ഇക്കാര്യത്തിൽ അവസാന വട്ട ചർച്ച നടത്തിയിരുന്നു.