കശ്മീരില്‍ 11,500 അടി ഉയരെ ദുര്‍ഘടപാതയില്‍ മഞ്ഞുപാളികള്‍ വെട്ടിമാറ്റിയും പാറതുരന്നും റോഡുണ്ടാക്കി ; കാര്‍ഗിലില്‍ ഇന്ത്യന്‍സൈന്യം കടപ്പെട്ടിരിക്കുന്ന മിണ്ടാപ്രാണി ടുള്ളാ...!!

2019-07-25 02:24:56am |

കാര്‍ഗില്‍: ഏകദേശം 11,500 അടി ഉയരെ ഡോസറിന് മുകളിലിരുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി മലതുരന്ന് പാറകള്‍ നീക്കം ചെയ്യുന്ന ജോലിയിലാണ് ഇനായത്ത് ഉള്ളാ ഖാന്‍ ബാള്‍ട്ടി. ആന്റി യുവി ഗ്‌ളാസ്സും ഹെല്‍മറ്റും ധരിച്ച് മുഖം മറച്ച് ലഡാക്കിലെ ഏറ്റവും ദുര്‍ഘട പാതയായ സോജിലാപാസ്സിന് വീതി കൂട്ടുകയാണ് ബാള്‍ട്ടി. ഇന്ത്യന്‍ ആര്‍മിയിലെ 14 കോര്‍പ്പ്‌സിന്റെ വാഹനങ്ങള്‍ക്ക് എളുപ്പം കാര്‍ഗിലില്‍ എത്താനുള്ള വഴിയുണ്ടാക്കുകയാണ് ഇനായത്ത് ഉള്ളാ ഖാന്‍ ബാള്‍ട്ടിയും സംഘവും. കഴിഞ്ഞ 24 വര്‍മായി സൈന്യത്തിന് വേണ്ടി ഇത്തരം ജോലികള്‍ ചെയ്യുന്നത് കേള്‍ക്കാനോ സംസാരിക്കാനോ ശേഷിയില്ലാത്ത ഈ യുവാവാണ്.

മഞ്ഞുപാളികള്‍ വീണുകിടക്കുന്ന മലനിരകളില്‍ വഴിയുണ്ടാക്കാനുള്ള ഇടം കണ്ടെത്താനുള്ള മിടുക്കും പ്രവര്‍ത്തി പരിചവും ബാള്‍ട്ടിയുടെ കുറവുകളെ മറയ്ക്കുന്നു. വലിയ അപകടം നിറഞ്ഞ ഇത്തരം ജോലികള്‍ സന്തോഷത്തോടെയാണ് ബാള്‍ട്ടിയും സംഘവും ഏറ്റെടുക്കുന്നത്. അടുത്തിടെ വലിയൊരു ഹിമപാതത്തില്‍ നിന്നും ബാള്‍ട്ടി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ജോലിക്കിടയില്‍ ഹിമപാളി വീണത് വെറും മൂന്നടി അകലത്തിലായിരുന്നു. കനത്ത മഞ്ഞുവീഴ്ച കാഴ്ച മറച്ച് വളവുകളും തിരിവുകളും ഉയര്‍ച്ചയും താഴ്ചയുമെല്ലാം കൊണ്ട് ബുദ്ധിമുട്ടേറിയ ഇടത്ത് സൈന്യത്തിന് തുണയായത് ഈ 40 കാരനാണ്.

uploads/news/2019/07/324382/kargil.jpg

തന്റെ യൂണിറ്റായ 32 ടാസ്‌ക്ക് ഫോഴ്‌സില്‍ അദ്ദേഹത്തിന്റെ വിളിപ്പേര് 'ടുള്ളാ' എന്നാണ്. കശ്മീരിലെ ഗന്ധര്‍ബാലിനും ലഡാക്കിലെ ഡ്രാസ്സിനും ഇടയില്‍ കാണപ്പെടുന്ന ഒരു പ്രത്യേക ഗോത്രവിഭാഗത്തിലെ അംഗമാണ് ടുള്ളാ. ഇവര്‍ ഉയര്‍ന്ന പ്രദേശങ്ങളിലും അപകടകരമായ അതിര്‍ത്തിരേഖയിലെയും അന്താരാഷ്ട്ര അതിര്‍ത്തികളിലെ മലനിരകള്‍ പോലെ ജനജീവിതം ദുഷ്‌ക്കരമായ ഇടങ്ങളില്‍ സൈന്യത്തിനും നാട്ടുകാര്‍ക്കും വേണ്ടി റോഡുകളും മറ്റും നിര്‍മ്മിക്കുന്നതില്‍ വിദഗ്ദ്ധരായ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ (ബിആര്‍ഒ) ദിവസക്കൂലിക്കാരാണ്.

ബിആര്‍ഒ കാര്‍ഗിലില്‍ ഏറ്റെടുത്ത മൂന്ന് പദ്ധതികള്‍ പ്രൊജക്ട് ബീക്കണ്‍ (ഡ്രാസ്സിന് തൊട്ടുമുമ്പ്) പ്രൊജക്ട് വിജയാക് (കാര്‍ഗില്‍ വരെ), പ്രൊജക്ട് ഹിമാങ്ക (സിയാച്ചിന്‍ വരെ) എന്നിവയാണ്. 1999 വരെ ഡിസംബറിനും മെയ് മാസത്തിനും ഇടയില്‍ കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് സോജിലാ പാസ് സാധാരണഗതിയില്‍ അടച്ചിടുമായിരുന്നു. ഇന്ത്യയും പാകിസ്താനും രണ്ടു ദശകം മുമ്പ് കൊമ്പുകോര്‍ത്ത ഡ്രാസ്സില്‍ നിന്നും 40 കിലോമീറ്റര്‍ നീളത്തില്‍ 10,000 അടി വ്യത്യാസത്തില്‍ മുകളിലും താഴെയും രണ്ടു റോഡുകളും ഈ സമയത്ത് ഗുണകരമാകില്ല. എന്നാല്‍ ഇവയെ ബന്ധിപ്പിച്ച് ഒരു പാത ബാള്‍ട്ടിയും സംഘവും ചേര്‍ന്ന് രൂപപ്പെടുത്തിയതോടെ ഇതിലേ ഇപ്പോള്‍ വാഹനങ്ങളുടെ കുത്തൊഴുക്കാണ്.

uploads/news/2019/07/324382/drass-1.jpg

ഇന്റര്‍ലോക്ക് കോണ്‍ക്രീറ്റ് കട്ടകള്‍ കൂടി പാകി റോഡ് മിനുക്കി ഈ വര്‍ഷം ജൂണ്‍ 28 ന് തുറന്നു കൊടുത്തു. റോഡ് നിര്‍മ്മിക്കപ്പെട്ടതോടെ കാര്‍ഗിലിനെയും ലഡാക്കിനെയും പുറംലോകവുമായി ബന്ധിപ്പിക്കാനുമായി. ബാല്‍ട്ടിയും അദ്ദേഹത്തെപ്പോലെയുള്ള മറ്റ് 200 പേരും ചേര്‍ന്നായിരുന്നു പണികള്‍ ചെയ്തത്. 50 മെട്രിക് ടണ്ണാണ് ഈ പാതയുടെ വാഹകശേഷി. 2016 മുതല്‍ എല്ലാ ദിവസവും ജോലി ചെയ്ത് 10,000 ലധികം കട്ടകള്‍ പാകി. റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴി നിര്‍മ്മിക്കാമെന്ന് ആദ്യം കണ്ടെത്തിയത് ടുള്ള ആയിരുന്നു. സ്ഥലം കണ്ടെത്തി ഡോസര്‍ കൊണ്ടു വന്ന് മഞ്ഞും കല്ലും മാറ്റുന്ന ജോലിക്ക് നേതൃത്വം നല്‍കി. ആംഗ്യഭാഷയിലൂടെയാണ് ബാള്‍ട്ടിയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

ഡോസര്‍ പ്രവര്‍ത്തിപ്പിക്കുക, അതില്‍ ഇന്ധനം നിറയ്ക്കുക, ജലാറ്റിന്‍ സ്‌ഫോടനത്തിന് ശേഷം റോഡുകള്‍ വൃത്തിയാക്കുക തുടങ്ങി എല്ലാ ജോലികളും ബാല്‍ട്ടിക്ക് വൈദഗ്ദധ്യമുണ്ട്. 1999 യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിനായി പോര്‍ട്ടര്‍മാരായി ജോലി ചെയ്തിട്ടുള്ള അബ്ദുള്‍ റഷീദും ഫയാസ് ഭട്ടുമാണ് ബാള്‍ട്ടിയുടെ കൈക്കാര്‍. സൈന്യത്തിനും നാട്ടുകാര്‍ക്കും വേണ്ടി ചെയ്യുന്ന ഓരോ കാര്യങ്ങളും ഇവര്‍ക്ക് ആനന്ദകരവും സന്തോഷവും അഭിമാനം നിറഞ്ഞതുമാണ്.

ഒരിക്കലും സ്‌കൂളില്‍ പോയിട്ടില്ലാത്ത ടുള്ളാ പക്ഷേ മെഷീനുകളുമായി കടുത്ത പ്രണയത്തിലാണ്. രണ്ടു വൈകല്യം സ്‌കൂളില്‍ നിന്നും ടുള്ളയെ അകറ്റി നിര്‍ത്തി. പക്ഷേ കരഗതമായ പരിമിത സൗകര്യങ്ങളുമായി വിധിയോട് ടുള്ളാ പൊരുതി. വളരെ ചെറുപ്പത്തില്‍ തന്നെ ഡോസര്‍ ഓടിക്കാനും പ്രവര്‍ത്തിപ്പിക്കാനും പരിശീലനം നേടിയ ടുള്ളാ പിന്നീട് അക്കാര്യത്തിലെ മാസ്റ്ററായി മാറി. പ്രൊജക്ട് ബീക്കണ്‍ പദ്ധതിയുടെ സര്‍വ്വസ്വവും ടുള്ളായാണ്. ഭൂപ്രദേശത്തെക്കുറിച്ചുള്ള അഗാധമായ അറിവും ഇവിടെ ഉപയോഗപ്പെടുത്താവുന്ന യന്ത്രങ്ങളെക്കുറിച്ചുള്ള ധാരണകളും ടുള്ളയെ വ്യത്യസ്തനാക്കി.

uploads/news/2019/07/324382/tulla.jpg

ടുള്ളായുടെ അഭാവും ബിആര്‍ഒ ഉദ്യോഗസ്ഥര്‍ക്കും പേടി സ്വപ്‌നമാണ്. ഒരിക്കല്‍ ടുള്ളാ രണ്ടു മണിക്കൂര്‍ ഇല്ലാതെ ജീവനക്കാര്‍ പണി തുടങ്ങി. ടുള്ള തിരിച്ചു വന്നപ്പോള്‍ ഞെട്ടിപ്പോയി. റോഡ് വെട്ടിയിരുന്നവര്‍ പോയിരുന്നത് ഭൂമിയിലൂടെയായിരുന്നില്ല. 15 അടിമാറി മഞ്ഞുപാളിയിലൂടെയായിരുന്നു. സോജി ലായില്‍ ജോലി ചെയ്യുക എന്നാല്‍ ഓരോ വര്‍ഷവും ഓരോ റോഡ് എന്നതാണ്. പക്ഷേ ഇത് അത്ര എളുപ്പമല്ല. ഒന്നാമത് ശ്വാസവായു ദുഷ്‌ക്കരമായ ഉയര്‍ന്നപ്രദേശത്തെ തണുത്തുറഞ്ഞ കാലാവസ്ഥ. രണ്ടാമത് മൈനസ് 10 മുതല്‍ 30 ഡിഗ്രിവരെയുള്ള താപനില. പിന്നെ കടുപ്പമേറിയ ജോലി. ഏതു നിമിഷവും ഉണ്ടാകാവുന്ന മോശം കാലാവസ്ഥ, പെട്ടെന്നുള്ള മഞ്ഞുവീഴ്ച, ഇടയ്ക്കിടെ ഉണ്ടാകുന്ന ശക്തമായ മഴ, ഇടിമിന്നലുകള്‍, വെള്ളപ്പൊക്കം, ഹിമപാതം, മണ്ണിടിച്ചില്‍ തുടങ്ങിയ സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ഭീതിദമായ സാഹചര്യം.

ഓരോ ദിവസവും ജീവന്‍ പോലും പണയം വെച്ച് ജോലിചെയ്യുന്ന ടുള്ളയും സഹപ്രവര്‍ത്തകരും മറ്റാരാലും ശ്രദ്ധിക്കപ്പെടാത്ത യഥാര്‍ത്ഥ ഹീറോകളാണ്. അതേസമയം ഈ മേഖലയിലെ റോഡ് നിര്‍മ്മാണം പോലെ ഇത്രയും മാരകമായ ജോലി ചെയ്തിട്ടും ടുള്ളയ്ക്ക് ഒരു മാസം ബിആര്‍ഒ നല്‍കുന്ന ശമ്പളം 8000 രൂപനയാണ്. ചിലപ്പോള്‍ ക്ഷേമഫണ്ടില്‍ നിന്നും അരിയും കമ്പളിപ്പുതപ്പും മറ്റും നല്‍കി സഹായിക്കാറുണ്ടെന്ന് മാത്രം. ടുള്ളയുടെ 2015,2016,2017 എന്നീ വര്‍ഷങ്ങളിലെ മൂന്ന്് സീസണുകള്‍ കേന്ദ്രമാക്കി സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്.