പൂവാറിലെ കൊലപാതകം: മിസ്ഡ് കോളില്‍ പ്രണയത്തുടക്കം, സൈനികനായ കാമുകന് മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ പ്രണയത്തില്‍ വിള്ളല്‍, കൊലപാതകത്തിനുശേഷം മൃതദേഹം നഗ്നമാക്കി ഉപ്പു വിതറി കുഴിച്ചിട്ടു, പുരയിടം കിളച്ച് കമുകിന്‍ തൈകള്‍ നട്ടു

2019-07-26 02:55:36am |

വെള്ളറട: പൂവാര്‍ സ്വദേശിനിയായ യുവതിയുടെ മൃതദേഹം അമ്പൂരിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. പൂവാര്‍ പുത്തന്‍കടയില്‍ രാജന്റ മകള്‍ രാഖി മോളു(29)ടെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹമാണ് കണ്ടെടുത്തത്.

യുവതിയുടെ സുഹൃത്തും തട്ടാന്‍മുക്ക് സ്വദേശിയുമായ കരസേന ജീവനക്കാരന്‍ അഖിലിന്റ വീടിനു പുറകിലെ പുരയിടത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ട മൃതദേഹം ആര്‍.ഡി.ഒയുടെ സാന്നിധ്യത്തിലാണ് പുറത്തെടുത്തത്.

കഴിഞ്ഞ ഒരുമാസമായി രാഖിയെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ പൂവാര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. രാഖിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരി സ്വദേശിയായ അഖിലിനെ രാഖി നിരന്തരമായി വിളിച്ചിരുന്നുവെന്ന വിവരം കിട്ടിയത്. അതേതുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി പ്രദേശത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

 

അഖിലും സഹോദരന്‍ രാഹുലും സുഹൃത്തായ ആദര്‍ശും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കിയത്. അഖില്‍ കൊലപാതകത്തിനു ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചതിനാല്‍ ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആദര്‍ശ് പിടിയിലായെങ്കിലും രാഹുല്‍ ഒളിവിലാണ്.

എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്ന രാഖിമോള്‍ അമ്പൂരി തട്ടാന്‍മുക്ക് സ്വദേശിയായ അഖിലുമായി പരിചയപ്പെട്ടത് ഒരു മിസ്ഡ് കോളിലൂടെയായിരുന്നു.

തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഇതിനിടെ മറ്റൊരു യുവതിയുമായി അഖിലിന്റ വിവാഹം ഉറപ്പിച്ചതോടെ ഇവരുടെ പ്രണയത്തില്‍ വിള്ളല്‍ വീണു. അന്തിയൂര്‍ക്കോണം സ്വദേശിനിയുമായുള്ള വിവാഹത്തെ എതിര്‍ത്ത രാഖിമോള്‍ തങ്ങള്‍ പ്രണയത്തിലാണെന്ന വിവരം പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിച്ചതോടെ വിവാഹം മുടങ്ങി.

ഇതേതുടര്‍ന്ന് കഴിഞ്ഞ 21ന് കാറില്‍ കൂട്ടിക്കൊണ്ടുവന്ന രാഖിമോളെ കൊലപ്പെടുത്തിയശേഷം അഖില്‍ പുതുതായി വയ്ക്കുന്ന വീടിന് പുറകില്‍ കുഴിച്ചു മൂടുകയായിരുന്നു. സംഭവ ശേഷം ഇയാള്‍ ഇവിടം വിട്ടു.

മൃതദേഹത്തിനും ഒരുമാസത്തെ പഴക്കമുണ്ട്. രാഖിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്് നിഗമനം. കേസ് വഴിതിരിച്ചു വിടാന്‍ ആസൂത്രണ ശ്രമവും നടത്തിയിട്ടുണ്ട്.

നഗ്‌നമായ നിലയിലുള്ള മൃതദേഹത്തില്‍ ഉപ്പു വിതറുകയും മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവന്‍ കിളച്ച് കമുകിന്റെ തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ അന്വേഷണം വഴിമുട്ടിക്കാനായി കൊലപാതകത്തിന് ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്, കൊല്ലം സ്വദേശിക്കൊപ്പം താന്‍ പോകുന്നുവെന്ന വ്യാജ സന്ദേശവും അഖിലും സംഘവും അയ്ക്കുകയും ചെയ്തു.

അഖിലിന്റ ബന്ധുവിനെയും അയല്‍വാസിയും സൂഹൃത്തുമായ യുവാവിനെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്. കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞതവണ ജോലിസ്ഥലത്തുനിന്ന് വീട്ടിലെത്തിയ രാഖി കഴിഞ്ഞമാസം 21ന് അച്ഛന്റെ ചായക്കടയില്‍ നിന്ന് സുഹൃത്തുക്കള്‍ക്ക് വേണ്ടി വാങ്ങിയ പലഹാരങ്ങളുമായിട്ടാണ് ജോലി സ്ഥലത്തേക്ക് തിരികെ പോയതെന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു.

സാധാരണ ജോലിസ്ഥലത്ത് എത്തിയാല്‍ വിളിച്ചു പറയാറുള്ള രാഖിയുടെ ഫോണ്‍വിളി എത്താത്തതോടെ ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പൂവാര്‍ പോലീസില്‍ പരാതി നല്‍കിയത്. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി: അനില്‍കുമാറിന്റ നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കൊലപാതകം പുറത്തു കൊണ്ടുവന്നത്.

വിവരമറിഞ്ഞ് സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സംഭവസ്ഥലത്തെത്തിയിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാജന്‍ നാടാര്‍-സില്‍വി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് രാഖിമോള്‍. ഷൈനി, ജോയി എന്നിവര്‍ സഹോദരങ്ങളാണ്.