നാഗഞ്ചേരി മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു; 37,000 ഏക്കര്‍ ഭൂമിയും 800 കിലോ സ്വര്‍ണവും കൈവശമുണ്ടായിരുന്ന കേരളത്തിലെ അവസാന നാടുവാഴി

2019-07-27 02:35:17am |

പെരുമ്പാവൂര്‍: കേരളത്തില്‍ ജീവിച്ചിരുന്ന അവസാന ജന്മികളില്‍ ഒരാളായ നാഗഞ്ചേരി മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു. 107 വയസ്സായിരുന്നു. പ്രായാധിക്യത്തെത്തുടര്‍ന്ന് അവശതയിലായ അദ്ദേഹം ഇളയമകനൊപ്പമാണ് കഴിഞ്ഞിരുന്നത്. പ്രശസ്ഥമായ പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വനത്തിന്റെയും അതിനുള്ളിലെ ദുര്‍ഗ്ഗാ ക്ഷേത്രത്തിന്റെയും ഉടമയായിരുന്നു വാസുദേവന്‍ നമ്പൂതിരി.

പ്രായത്തിന്റെ അവശതയില്‍ 107ാം വയസ്സില്‍ പെരുമ്പാവൂര്‍ അല്ലപ്രയിലെ മൂന്നര സെന്റിലെ കൂരയിലായിരുന്നു വാസുദേവന്‍ നമ്പൂതിരി താമസിച്ചിരുന്നത്. 15,000 ഹെക്ടര്‍ കൃഷിഭൂമിയുടെ ഉടമയും ഒന്‍പതോളം ക്ഷേത്രങ്ങളുടെ ഊരണ്മക്കാരനുമായിരുന്ന അദ്ദേഹം ഭൂപരിഷ്‌കരണ നിയമത്തിലൂടെ എല്ലാം നഷ്ടപ്പെട്ട് മൂന്ന് സെന്റിലെ ചെറിയ കൂരയിലായി താമസം.

തുടര്‍ന്ന് ക്ഷേത്രം നടത്തിക്കൊണ്ട് പൊകാന്‍ പറ്റാത്ത സാഹചര്യമായപ്പോള്‍ ഇരിങ്ങോള്‍ വനവും ക്ഷേത്രവും തിരുവിതാങ്കൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുകയായിരുന്നു. കടുത്ത ദാരിദ്ര്യത്തിനിടയിലും ക്ഷേത്രത്തിന്റെ കൈയ്യിലുണ്ടായിരുന്ന 200 കിലോ സ്വര്‍ണാഭരണങ്ങളും ചെമ്പ്, ഓട്ടുപാത്രങ്ങളും ദേവസ്വം ബോര്‍ഡിന് സൗജന്യമായി നല്‍കുകയും ചെയ്തു.

തിരുവിതാംകൂര്‍ രാജാക്കന്മാര്‍ സമ്മാനിച്ച 4000 ബ്രിട്ടീഷ് പവനും നാഗമാണിക്യം പോലെയുള്ള രത്‌ന ശേഖരവും ഒരുകാലത്ത് മനയ്ക്ക് സ്വന്തമായിരുന്നു. കന്നിക്കൊയ്ത്തും മകര കൊയ്ത്തും കഴിഞ്ഞാല്‍ ഒന്നേകാല്‍ ലക്ഷം പറ നെല്ല് ആണ് ഇല്ലം മുറ്റത്ത് ഒരു കാലത്ത് ഉണ്ടായിരുന്നത്.

മുന്നോട്ട് പോകുവാന്‍ നിവര്‍ത്തിയില്ലാത്ത സാഹചര്യത്തില്‍ 1980 കളിയിലാണ് തുച്ഛമായ തുകയ്ക്ക് നാഗഞ്ചേരി മന പെരുമ്പാവൂര്‍ നഗരസഭയ്ക്ക് വാസുദേവന്‍ നമ്പൂതിരി കൈമാറുന്നത്. മന വിറ്റുകിട്ടിയ പണം കൊണ്ടാണ് രണ്ട് പെണ്‍മക്കളെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം അല്ലപ്രയിലെ മൂന്ന് സെന്റിലെ ഇടിഞ്ഞുപൊളിഞ്ഞ വീട്ടിലേക്ക് താമസം മാറ്റിയത്.

പിന്നീട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ നാഗഞ്ചേരി മനയില്‍ നിന്നും സര്‍ക്കാര്‍ പാട്ടത്തിന് എടുത്ത തിരുവനന്തപുരത്തുള്ള ഒരേക്കര്‍ 63 സെന്റ് സ്ഥലം തിരികെ പിടിക്കാന്‍ ശ്രമം നടത്തി. എന്നാല്‍, വഴുതക്കാട് ഗണപതിക്ഷേത്രത്തിന് വടക്കുവശത്തുള്ള സ്ഥലം മറ്റുള്ളവര്‍ കൈയ്യേറുകയായിരുന്നു. അതിന് പകരമായി തിരുവനന്തപുരം നഗരത്തില്‍ മൂന്ന് സെന്റ് സ്ഥലം അനുവദിക്കാന്‍ റവന്യൂ സെക്രട്ടറി ഉത്തരവിറക്കി. ഈ സമയം ആ സ്ഥലത്ത് ഇഎംഎസിന്റ് പ്രതിമ വയക്കാന്‍ ഉപയോഗിച്ചുകൊള്ളുവെന്ന് പറഞ്ഞ് അന്നത്തേ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നയനാര്‍ക്ക് അദ്ദേഹം കത്തെഴുതിയിരുന്നു. ഒരു പക്ഷെ കേരളം സാക്ഷിയായ രണ്ട് വലിയ പ്രളയങ്ങള്‍ക്കും സാക്ഷ്യം വഹിച്ച വ്യക്തിത്വമാണ് നാഗഞ്ചേരി വാസുദേവന്‍ നമ്പൂതിരി.