Latest News

മക്കളുടെ പഠനമോർത്ത് സഹായിച്ചു; തിരിച്ച് കിട്ടിയത് കൊടുംചതി! ഒരു പ്രവാസി മലയാളി നേരിട്ട ചതിയുടെ കഥ

2019-07-30 02:02:57am |

ഷാർജ: മലയാളിയല്ലെ, മക്കളുടെ പഠനം മുടങ്ങില്ലെ എന്നോർത്താണ്  തിരുവനന്തപുരം ആനയറ സ്വദേശിയും ഷാർജ  നാഷണൽ പെയിൻറിന് സമീപം അൽ ഇസ്ഫാർ ഹൗസ്ഹോൾഡ് ട്രേഡിങ് കമ്പനി നടത്തുന്ന ശശികുമാർ ഒരാളെ സഹായിക്കാൻ മനസുകാട്ടിയത്. എന്നാൽ അന്ന് ചെയ്ത സഹായത്തി​​​െൻറ പേരിൽ കോടതിയും കേസുമായി നടന്നു തേയുകയാണ് ശശികുമാറിപ്പോൾ. യു.എ.ഇയിൽ  പൂജാസാമഗ്രികളുടെ മൊത്ത വിതരണമാണ്​  ശശികുമാറിന്​. 
യർമൂക്കിലെ സ്വന്തം സ്ഥാപനം പൂട്ടിയതോടെ നിൽക്കാൻ പോലും  ഇടമില്ലാത്ത അവസ്ഥയിലായിരുന്ന ഒരു പ്രവാസിയോട്​ മനുഷ്യത്വം കാണിച്ചതാണ്​ അദ്ദേഹത്തിന്​ കുരുക്കായത്​.

മക്കൾ പഠിക്കുകയാണെന്നും ആഹാരത്തിനു പോലും വകയില്ലെന്നും  സങ്കടം പറഞ്ഞ​ു വന്നയാൾക്ക്​ 3500 ദിർഹം മാസ ശമ്പളവും കമ്മീഷനും നൽകാമെന്ന വ‍്യവസ്ഥയിൽ സ്വന്തം സ്​ഥാപനത്തിൽ സെയിൽസ്മാനായി ജോലി നൽകി.   ഒരുമാസം കഴിഞ്ഞപ്പോൾ, രണ്ടുതലയും കൂട്ടിമുട്ടിക്കുവാനാകുന്നില്ല എന്ന സങ്കടം  പറഞ്ഞപ്പോൾ ശമ്പളം 4000 ദിർഹമാക്കി ഉ‍യർത്തിക്കൊടുത്തു. ജോലിയുമായി മുന്നോട്ട് പോകുന്നതിനിടയിൽ  ജീവനക്കാരൻ  വേറൊരാളുമായി   ചേർന്ന് കമ്പനി തുടങ്ങി.  ഈ വിവരം ശശികുമാറാകട്ടെ അറിഞ്ഞതുമില്ല. ശശികുമാറി​​​െൻറ വാഹനത്തിൽ സ്വന്തം കമ്പനിയുടെ കാര്യങ്ങളുമായി അയാൾ വിലസി നടന്നു. ഇതിനിടെ കുടുംബ വിസയെടുക്കാനായി സെയിൽസ് മാനേജരുടെ തസ്തികയും 6500 ദിർഹം മാസ ശമ്പളവും രേഖപ്പെടുത്തി കൊടുക്കണമെന്ന അപേക്ഷയുമായി എത്തിയപ്പോൾ  കെണിയാകുമെന്നോർക്കാതെ ശശികുമാർ അംഗീകരിച്ചു.  

2018 മാർച്ചിൽ അയാൾ കുടുംബത്തെ നാട്ടിൽ സ്ഥിരമാക്കി. ഇതിനു ശേഷം  നാട്ടിൽ പോകേണ്ട ആവശ‍്യം വന്നു, ശമ്പളം ബാങ്കിലിട്ടാൽ കൃത്യസമയത്ത് കിട്ടില്ലെന്നു പറഞ്ഞപ്പോൾ​ ശശികുമാർ കൈയിൽ തന്നെ കൊടുത്തു, യാത്രയാക്കി. മെയ് ഒന്നിന് പോയ ഇ‍യാൾ 20ന് തിരിച്ചുവന്നു. 30 വരെ ജോലി ചെയ്യുകയും ശശികുമാറിനെ അറിയിക്കാതെ, വാഹനം യർമുക്കിൽ ഉപേഷിച്ച് 31ന് നാട്ടിലേക്ക് പോകുകയും ചെയ്തു. ഇയാൾ നാട്ടിലേക്ക് പറയാതെ പോയ അന്നുതന്നെ പരാതി കൊടുക്കാൻ പലരും  പറഞ്ഞങ്കിലും ശശികുമാർ ലേബറിൽ മാത്രമാണ് വിവരം നൽകിയത്, ഒാടിപ്പോയെന്നു കാണിച്ച്​ എമിഗ്രേഷനിൽ പരാതി നൽകിയില്ല. ചങ്ങാതി ചതിക്കില്ല എന്നാണ് കരുതിയത്. എന്നാൽ സെപ്തംബറിൽ ശശികുമാർ അറിയാതെ ഷാർജയിൽ തിരിച്ചെത്തിയ  കൃത്യമായി ശമ്പളം കിട്ടുന്നില്ല എന്ന് കാണിച്ച് ലേബറിൽ പരാതി നൽകി. രണ്ട് കള്ള സാക്ഷികളെയും സംഘടിപ്പിച്ചാണ് പിന്നീട് ഇ‍യാൾ ലേബർ കോർട്ടിലെത്തിയത്. ഇതിൽ ഒരാൾ ശശികുമാറി​​​െൻറ കമ്പനിയിലെ മുൻജീവനക്കാരനുമായിരുന്നു.  1,35,000 ദിർഹം പരാതിക്കാരന് നൽകാനാണ് കോടതി വിധി വന്നത്.  ഇതിനെതിരെ അപ്പീൽ പോയപ്പോൾ സംഖ‍്യ  90,000 ദിർഹമാക്കി കുറച്ചു.  

25,000 ദിർഹം നൽകി കേസ് ഒത്തുതീർപ്പാക്കാൻ കോടതി ശ്രമം നടത്തുകയും ചെയ്തു. എന്നാൽ പരാതിക്കാരൻ ഇതിന് കൂട്ടാക്കിയില്ല.  തുടർന്ന് നൽകിയ അപ്പീൽ പരിഗണിച്ച കോടതി പരാതിയിൽ പറയുന്ന കാലയളവിൽ ഇയാൾ ശശികുമാറി​​​െൻറ കമ്പനിയിൽ  ജോലി ചെയ്തിട്ടില്ല എന്ന് നിരീക്ഷിച്ചു. എന്നാൽ ജോലി ചെയ്ത 14 മാസം 4000 ദിർഹം മാത്രമെ തനിക്ക് ശമ്പളം തന്നിട്ടുള്ളുവെന്നും, അതിൽ തന്നെ ഒരു മാസത്തെ ശമ്പളം കിട്ടിയിട്ടില്ലെന്നും ( നാട്ടിൽ പോകുമ്പോൾ കൈയിൽ കൊടുത്ത 4000) 6500 ദിർഹം ആണ് ശമ്പള കരാറെന്നുമുള്ള  രേഖാമൂലമുള്ള വാദം കോടതി അംഗീകരിച്ചു. ഇതു പ്രകാരം 41,000 ദിർഹം അയാൾക്ക്​ നൽകാനാണ് കോടതി ഇപ്പോൾ വിധിച്ചിരിക്കുന്നത്. സത്യത്തിൽ വെറും 10 ദിവസത്തെ ശമ്പളം മാത്രമാണ് കൊടുക്കാൻ ബാക്കിയുള്ളതെന്നാണ് ശശികുമാർ പറയുന്നതെങ്കിലും വിസയെടുക്കാൻ ഒപ്പിട്ടുകൊടുത്ത ശമ്പള കരാർ പരാതിക്കാരൻ ഉയർത്തി കാട്ടുമ്പോൾ മറുവാക്കില്ലാതാകുന്നു. പാലുകൊടുത്ത കൈക്ക് തിരിച്ച് കൊത്ത് കിട്ടിയ അവസ്​ഥ.  വിസയെടുക്കുവാനും മറ്റുമായി ശമ്പളം കൂട്ടികാണിച്ച് തൊഴിലാളികൾക്ക് രേഖാമൂലം കൊടുക്കുമ്പോൾ പണികിട്ടുമെന്ന കാര‍്യം മറക്കരുതെന്നുമാണ് ശശികുമാറിന് പറയാനുള്ളത്.