Latest News

റെയില്‍വേ പ്ലാറ്റ്‌ഫോമിലെ പാട്ടുകാരിയില്‍ നിന്നും പിന്നണി ഗായികയിലേക്ക്; പണവും പ്രശസ്തിയും കൈവന്നതോടെ റാണുവിനെ തേടി പത്ത് വര്‍ഷം മുമ്പ് ഉപേക്ഷിച്ച് പോയ മകളും തിരികെയെത്തി

2019-08-29 02:14:32am |

കൊല്‍ക്കത്തിയിലെ ഒരു റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്നും ഗാനമാലപിക്കുന്ന വീഡിയോ പുറത്തെത്തിയതോടെയാണ് റാണു മൊണ്ടാല്‍ എന്ന ഗായികയെ ഏവരും തിരിച്ചറിഞ്ഞ് തുടങ്ങിയത്. ഈ ഗാനം സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായതോടെ റാണുവിനെ തേടി നിരവധി അവസരങ്ങള്‍ എത്തി. പണവും പ്രശസ്തിയും റാണുവിന് സ്വന്തമായി. ഇപ്പോള്‍ പത്ത് വര്‍ഷം മുമ്പ് റാണുവിനെ ഉപേക്ഷിച്ച് പോയ മകള്‍ തിരികെ എത്തിയിരിക്കുകയാണ്. സതി റോയി എന്നാണ് മകളുടെ പേര്. അതേസമയം റാണുവിന് ഒന്നുമില്ലാതിരുന്നപ്പോള്‍ ഉപേക്ഷിച്ച് പോയ മകള്‍ ഇപ്പോള്‍ പണവും പ്രശസ്തിയുമായപ്പോള്‍ മടങ്ങിയെത്തിയതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സതി കേരളത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. മകളെ റാണു സ്വീകരിക്കുകയും ചെയ്തു.

വിവാഹബന്ധം വേര്‍പ്പെടുത്തി ജീവിച്ച് വരികയാണ് റാണുവിന്റെ മകള്‍ സതി. ഇവര്‍ക്ക് ഒരു ആണ്‍ കുട്ടിയുമുണ്ട്. ഒരു ഗ്രോസറി കട നടത്തി വരികയായിരുന്നു സതി. അമ്മയുടെ പ്രശസ്തിയും പണവും കണ്ടാണ് സതി തിരികെ എത്തിയതെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഇതിനെതിരെ റാണുവിനെ പ്രശസ്തനാക്കിയ അതിന്ദ്ര ചക്രബര്‍ത്തി രംഗത്തെത്തി. അതിന്ദ്രയായിരുന്നു റെയില്‍വേ സ്റ്റേഷനിലെ റാണുവിന്റെ ഗാനം റെക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഇന്ന് താന്‍ ഏറെ സന്തോഷവാനാണെന്നും റാണു തന്റെ മകള്‍ക്കൊപ്പമുള്ള വീഡിയോ താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നുവെന്നും അതിന്ദ്ര പറഞ്ഞു.

പശ്ചിമ ബംഗാളിലെ രണാഘട്ട് റെയില്‍വേസ്റ്റേഷനില്‍ നിന്നുള്ള റാണുവിന്റെ ഗാനം സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. പിന്നീട് നിരവധി അവസരങ്ങളാണ് റാണുവിനെ തേടിയെത്തിയത്. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ പാടിയ 'ഏക് പ്യാര്‍ കാ നഗ്മാ ഹേ' എന്ന ഗാനമായിരുന്നു റാണു ആലപിച്ചത്. മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റഫോമിലിരുന്ന് ശ്രുതിമാധുര്യത്തോടെ ഗാനമാലപിക്കുന്ന ഇവരുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഒടുവില്‍ സിനിമയില്‍ വരെ റാണു ഗാനം ആലപിച്ചു. സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയയ്‌ക്കൊപ്പമാണ് റാണു സിനിമയില്‍ പാടിയിരിക്കുന്നത്. ഇതിന്റെ റെക്കോര്‍ഡിംഗ് വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വലിയ ഹിറ്റായിരുന്നു. നിരവധി സ്റ്റേജ് ഷോകളും ടിവി പരിപാടികളില്‍ ഗസ്റ്റായുമൊക്കെ റാണു എത്തി. സോണി ടിവി അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് തനിക്കൊപ്പം പാടാന്‍ ഹിമേഷ് രേഷ്മിയ രാണുവിനെ ക്ഷണിച്ചത്. കൊല്‍ക്കത്ത, മുംബൈ, കേരളം എന്നിവിടങ്ങളില്‍ നിന്നും പരിപാടികള്‍ അവതരിപ്പിക്കാന്‍ റാണുവിന് അഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ടെന്നും വിവരമുണ്ട്.

വെസ്റ്റ് ബംഗാളിലെ രണാഘട്ട് സ്വദേശിനിയാണ് റാണു. മുംബൈ സ്വദേശിയായ ബബുല്‍ മൊണ്ടാലാണ് റാണുവിനെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം റാണു മുംബൈയിലേക്ക് താമസം മാറ്റി. ഭര്‍ത്താവ് മരിച്ചതോടെ തന്റെ സ്വന്തം നാട്ടിലേക്ക് റാണു തിരികെ എത്തി. ഇതായിരുന്നു അവരുടെ ജീവിതത്തിലെ ഏറ്റവും മോശമായ നിമിഷങ്ങള്‍. സാമ്പത്തികമായി വളരെ മോശമായിരുന്നു അവസ്ഥ. തുടര്‍ന്നാണ് റെയില്‍വേ പ്ലാറ്റ് ഫോമുകളില്‍ ഗാനം ആലപിക്കാന്‍ തുടങ്ങിയത്. എന്നാല്‍ പത്ത് വര്‍ഷം മുമ്പ് മകള്‍ സതി റാണുവിനെ ഉപേക്ഷിച്ച് പോവുകയായിരുന്നു. റാണു റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ പാട്ട് പാടുന്നത് ഇഷ്ടപ്പെടാതെയാണ് മകള്‍ ഉപേക്ഷിച്ച് പോയതെന്നാണ് വിവരം.

20-ാം വയസ്സിലാണ് റാണു പാട്ട് പാടി തുടങ്ങുന്നത്. ക്ലബ്ബുകളില്‍ ഗാനം ആലപിച്ചാണ് റാണുവിന്റെ കരിയര്‍ ആരംഭിക്കുന്നത്. റാണു ബോബി എന്ന പേരിലാണ് അന്ന് റാണു അറിയപ്പെട്ടിരുന്നത്. എന്നാല്‍ കുടുംബത്തിന് റാണു ക്ലബ്ബില്‍ പാടുന്നതില്‍ താത്പര്യമുണ്ടായിരുന്നില്ല. ഇതോടെ റാണു തന്റെ അന്നത്തെ പാട്ട് ജീവിതം അവസാനിപ്പിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് മരിച്ച ശേഷമാണ് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഗാനം ആലപിക്കാന്‍ തുടങ്ങിയത്. വര്‍ഷങ്ങളായി റാണു വെസ്റ്റ് ബംഗാളിലെ രണഘട്ടിലെ റെയില്‍വേ സ്റ്റേഷനില്‍ ഗാനം ആലപിച്ചിരുന്നെങ്കിലും കഴിഞ്ഞിടയ്ക്കാണ് ഇവര്‍ ശ്രദ്ധിക്കപ്പെടുന്നത്. സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറയാ അതിന്ദ്രയാണ് റാണു ഗാനം ആലപിക്കുന്ന വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചത്.

റാണു സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സോണി എന്റര്‍ടൈന്‍മെന്റ് ചാനലാണ് ആദ്യമായി ഇവരെ ക്ഷണിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലെ അതിഥിയായിട്ടായിരുന്നു റാണു എത്തിയത്. ഷോയ്ക്ക് ഇടെ റാണുവിന്റെ ഗാനം കേട്ട് ഇഷ്ടപ്പെട്ട് പ്രശസ്ത സംഗീത സംവിധായകന്‍ ഹിമേഷ് രഷ്മിയ അദ്ദേഹത്തിന്റെ സിനിമയില്‍ ഗാനം ആലപിക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു. 'ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍' എന്ന ചിത്രത്തിലെ 'തേരി മേരി കഹാനി' എന്ന ഗാനം ആലപിക്കുകയും ചെയ്തു. ഇപ്പോള്‍ നിരവധി സംഗീത സംവിധായകരില്‍ നിന്നും റാണുവിന് ഗാനം ആലപിക്കാനുള്ള അവസരം ലഭിക്കുന്നുണ്ട്. ഇതിന് പ്ിന്നാലെയാണ് പത്ത് വര്‍ഷം മുമ്പ് ഉപേക്ഷിച്ച് പോയ മകള്‍ തിരികെ എത്തിയതും.