Latest News

"പെണ്ണുങ്ങള്‍ ആയാല്‍ വിശേഷം ഒക്കെ ഉണ്ടാവും, നിന്നെ പോലെ മച്ചി (പ്രസവിക്കാത്ത സ്ത്രീ), ആണെന്നു വിചാരിച്ചോ?; "ഭൂമി താന്നു പോണപോലെ, തോന്നി"

2019-09-04 03:15:56am |

വിവഹം കഴിയുന്നതിന് പിന്നാലെ വിശേഷം ആയില്ലേ എന്ന ചോദ്യമാണ് ഏവര്‍ക്കും ചോദിക്കാനുള്ളത്. ഗര്‍ഭം ധരിക്കാന്‍ അല്‍പം വൈകിയാല്‍ ഈ ചോദ്യം ചോദിതച്ച് കുത്തുന്നവരുടെ എണ്ണവും കൂടും. ഇത്തരം ഒരു സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സ്ലൈഗോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നാനോ ടെക്‌നോളജി ആന്‍ഡ് ബയോ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയും, ലീഡ് സയന്റിസ്റ്റും അയര്‍ലണ്ടിലെ അരോഗ്യ വിദഗ്ദ സമിതിയുടെ ചെയര്‍മാനുമായ സുരേഷ് സി പിള്ള.

സുരേഷ് സി പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

അച്ഛന്റെയും അമ്മയുടെയും കല്യാണം കഴിഞ്ഞു അഞ്ചു വര്ഷം. ഇനി അമ്മയുടെ വാക്കുകളില്‍

'കുട്ടികള്‍ ഒന്നും ആയില്ലേ എന്ന് ആള്‍ക്കാര്‍ ചോദിയ്ക്കാന്‍ തുടങ്ങി'.

'വേറൊന്നും ഇല്ലെങ്കിലും, ഒരു കുഞ്ഞിക്കാല്‍ മാത്രം കണ്ടാല്‍ മതി, എന്ന് വിചാരിച്ചിരുന്ന കാലം'

'കരയാത്ത ദിവസങ്ങള്‍ ഇല്ല, ഒരിക്കല്‍ എന്റെ കരച്ചില്‍ കണ്ട്, ഓമന ചേച്ചി (അമ്മയുടെ ചേച്ചി) മൂന്നാമതും ഗര്‍ഭിണി ആയപ്പോള്‍ പറഞ്ഞു, ഇത് പുത്രിക്ക് (അമ്മയെ അങ്ങിനെയാണ് എല്ലാവരും വിളിച്ചിരുന്നത്) കൊടുത്താല്‍ മതിയായിരുന്നു .' അമ്മ തുടര്‍ന്നു.........

'അന്നൊക്കെ നാട്ടു വിശേഷങ്ങള്‍ ഒക്കെ അറിയുന്നത് നടമേല്‍ കുളത്തില്‍ (കറുകച്ചാല്‍, ചമ്പക്കര) ഉള്ള കുളിയുടെ ഇടയിലുള്ള, സംസാരത്തില്‍ നിന്നാണ്'
'അങ്ങിനെ ഇരിക്കുമ്പോള്‍, ഒരു ദിവസം നടമേല്‍ കുളത്തില്‍, കുളിച്ചു കൊണ്ടിരുന്നപ്പോള്‍, ഒരു അമ്മൂമ്മയുടെ മകള്‍ക്ക്, വിശേഷം ഉണ്ട് എന്ന് ആരോ പറഞ്ഞു'.

'ഞാന്‍ ഒരിക്കല്‍ ആ അമ്മൂമ്മയെ കുളിക്കടവില്‍ കണ്ടപ്പോള്‍ പറഞ്ഞു'

'മോള്‍ക്ക് വിശേഷം ഉണ്ടെന്ന് കേട്ടല്ലോ. എത്ര ആയി മാസം?'

'അവര്‍, എടുത്തടിച്ചപോലെ, പറഞ്ഞു'

'പെണ്ണുങ്ങള്‍ ആയാല്‍ വിശേഷം ഒക്കെ ഉണ്ടാവും, നിന്നെ പോലെ മച്ചി (പ്രസവിക്കാത്ത സ്ത്രീ), ആണെന്നു വിചാരിച്ചോ?'

'ഭൂമി താന്നു പോണപോലെ, തോന്നി'. 'അന്നു മുഴുവന്‍ ഞാന്‍ കരഞ്ഞു'

'അവര്‍ നല്ല സ്ത്രീ ഒക്കെ തന്നെ, പക്ഷെ അന്നത്തെ കാലത്തെ ആള്‍ക്കാര്‍ക്ക്, പ്രത്യേകിച്ചും പ്രായം അയ സ്ത്രീകള്‍ക്ക് അങ്ങിനയേ സംസാരിക്കാന്‍ അറിയൂ'.

'ഗ്രാമീണ നിഷ്‌കളങ്കത, എന്നായിരിക്കും അമ്മ പറയുന്നേ' ഞാന്‍ കളിയാക്കി ചോദിച്ചു.

'അങ്ങിനെ സംസാരിക്കാനെ പലര്‍ക്കും അറിയൂ. ആരുടേയും കുഴപ്പം അല്ല'

'എടാ നിനക്കറിയാമോ, കുട്ടികള്‍ ഇല്ലാത്ത ദുഃഖം ആണ്, ലോകത്തെ ഏറ്റവും വലിയ ദുഃഖം'

'മനസ്സൊക്കെ, എപ്പോളും നീറിപ്പുകയുന്ന അവസ്ഥ'.
'ജീവിതത്തില്‍ എന്തൊക്കെ ഉണ്ടായിട്ടും ഒരു പ്രയോജനവും ഇല്ല എന്ന് തോന്നുന്ന കാലം'

'അങ്ങിനെയിരിക്കുമ്പോള്‍ ആറാം വര്‍ഷം വിശേഷം ആയി'.

'രണ്ടു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ ശ്രീജയും ഉണ്ടായി'

'അമ്മ ഈ കഥ പലപ്പോളും ചെറുപ്പത്തില്‍ പറയുമായിരുന്നു.

'കുട്ടികള്‍ ഇല്ലാത്ത ദുഃഖം ആണ്, ലോകത്തെ ഏറ്റവും വലിയ ദുഃഖം' എന്നും.

അമ്മ അന്നത്തെ കരച്ചില്‍ കാലങ്ങളെ ഓര്‍ത്തു ചെറുപ്പത്തില്‍ ഞങ്ങളെ രണ്ടുപേരെയും ചേര്‍ത്തു പിടിച്ചു വീണ്ടും പൊട്ടിക്കരയുമായിരുന്നു.

ആവശ്യമില്ലാതെ ഗ്ലോറിഫൈ ചെയ്ത പദങ്ങളാണ് മാതൃ ദിനവും, മാതൃത്വവും.

അമ്മയാകാന്‍ (ചോയ്‌സ് കൊണ്ടോ, ശാരീരിക കാരണങ്ങള്‍ കൊണ്ടോ) പറ്റാത്തവര്‍ക്കും സന്തോഷായി ജീവിക്കാന്‍ സമൂഹത്തില്‍ അവസരം ഉണ്ടാകണം.

അമ്മയാകാന്‍ പറ്റാത്തത് ഒരു കുറവേ അല്ല.

ചോദിക്കുന്നവരോട് തല ഉയര്‍ത്തി പറയണം 'ഇതാണ് എന്റെ ചോയ്‌സ്' എന്ന്. ഇനിയിപ്പോള്‍ ആരോഗ്യ പ്രശ്ങ്ങള്‍ കൊണ്ട് ആണെങ്കില്‍ പോലും അങ്ങിനെ പറയാം.

കുട്ടികള്‍ ഉണ്ടാകാത്തവര്‍ക്ക് അഡോപ്റ്റ് ചെയ്യാം, കേട്ടിട്ടില്ലേ Parenthood requires love, not DNA എന്ന്, സ്‌നേഹിക്കാനുള്ള കഴിവു മാത്രം മതി കുട്ടികളെ വളര്‍ത്താന്‍.

ഇതേപോലെ Oprah Winfrey ഒരിക്കല്‍ പറഞ്ഞത് ഓര്‍മ്മയുണ്ട് 'Biology is the least of what makes someone a mother.' അതായത് 'രക്ത ബന്ധം എന്നത് മാതൃത്വത്തില്‍ ഒട്ടും പ്രധാന്യം ഉള്ളതല്ല, സ്‌നേഹിക്കാന്‍ കഴിവുണ്ടോ, അതുമതി കുട്ടികളെ അഡോപ്റ്റ് ചെയ്തു വളര്‍ത്താന്‍.

കുട്ടികള്‍ വേണ്ടെങ്കില്‍ രണ്ടു പട്ടിക്കുട്ടികളെ വാങ്ങിയാല്‍ തീരുന്ന വിഷമമേ ഉള്ളൂ. അത്രയ്ക്ക് നിസ്സാരമായി തള്ളിക്കളയേണ്ട കാര്യങ്ങള്‍ ആണ് ഇതൊക്ക.