Latest News

ആളുകളൊക്കെ ഇപ്പോള്‍ എനിക്ക് എതിരാണ്... അമ്മയെ വച്ച് പണമുണ്ടാക്കാനാണ് ഇപ്പോഴത്തെ സംരക്ഷകര്‍ ശ്രമിക്കുന്നത്", അമ്മയെ കാണാന്‍ വന്നാല്‍ കാല്‍ തല്ലിയൊടിക്കുമെന്നാണു ഭീഷണി; രാണു മൊണ്ഡലിന്റെ മകള്‍ പറയുന്നു

2019-09-04 03:18:51am |

ഒരു മാസം മുന്‍പ് വരെ തുണയാരും ഇല്ലാതിരുന്ന റാണു മൊണ്ഡലിന് ഇപ്പോള്‍ സ്വന്തക്കാരെയൊക്കെ തിരികെ കിട്ടിക്കൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും വിലപിടിപ്പുള്ളത് മകള്‍ മടങ്ങിയെത്തി എന്നതു തന്നെയാണ്.

അമ്മ പ്രശസ്തയായപ്പോള്‍ മാത്രം പ്രത്യക്ഷപ്പെട്ട മകള്‍ എലിസബത്ത് സതി റോയ്ക്ക് വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. എന്നാല്‍ ഇപ്പോള്‍ ആരോപണങ്ങള്‍ക്കെല്ലം മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് എലിസബത്ത് റോയ്.

'ആളുകളൊക്കെ ഇപ്പോള്‍ എനിക്ക് എതിരാണ്. റെയില്‍വേ സ്‌റ്റേഷനില്‍ ഇരുന്ന് അമ്മ പാടുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. എനിക്ക് അമ്മയെ നിത്യവും സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കൊല്‍ക്കത്തയ്ക്ക് അടുത്ത് ധര്‍മതലയില്‍ പോയപ്പോള്‍ അമ്മ ഒരു ബസ് സ്റ്റാന്റില്‍ യാതൊരു ലക്ഷ്യവും ഇല്ലാതെ ഇരിക്കുന്നത് കണ്ടിരുന്നു. അന്ന് ഞാന്‍ 200 രൂപ നല്‍കി വീട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഞാന്‍ കഴിയുമ്പോഴെല്ലാം അമ്മയ്ക്കുവേണ്ടി അമ്മാവന്റെ അക്കൗണ്ടിലേയ്ക്ക് 500 രൂപ അയച്ചു കൊടുക്കാറുണ്ട്.'

ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണ് ഞാന്‍. ഒരു ചെറിയ കട നടത്തിയാണ് ജീവിതം നയിക്കുന്നത്. ഒരു മകനുണ്ട്. കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. എന്നിട്ടും ഞാന്‍ അമ്മയെ നോക്കാറുണ്ട്. വിവാഹം കഴിഞ്ഞപ്പോള്‍ കൂട്ടുകുടുംബത്തിലായിരുന്നു താമസം. അപ്പോള്‍ അമ്മയെ ഒപ്പം താമസിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. പിന്നീട് തനിച്ചായപ്പോള്‍ അമ്മയെ കൂടെക്കൂട്ടാന്‍ ശ്രമിച്ചതാണ്. പക്ഷേ അമ്മ സമ്മതിച്ചില്ല. ഇതൊന്നും അറിയാത്ത ആളുകളാണ് ഇപ്പോള്‍ തന്നെ കുറ്റപ്പെടുത്തുന്നത്. ഞാന്‍ ഇനി എവിടെപ്പോകുമെന്നും എലിസബത്ത് പറഞ്ഞു.

അമ്മയെ ഇപ്പോള്‍ പരിചരിക്കുന്ന അമ്ര ശോഭൈ ഷൊയ്താന്‍ ക്ലബിലെ ഭാരവാഹികള്‍ എന്നെ ഭീഷണിപ്പെടുത്തുകയാണ്. അമ്മയെ കാണാന്‍ അവര്‍ അനുവദിക്കുന്നില്ല. അമ്മയെ കാണാനോ സംസാരിക്കാനോ ശ്രമിച്ചാല്‍ എന്റെ കാല്‍ തല്ലിയൊടിക്കുമെന്നാണ് അവരുടെ ഭീഷണി. അമ്മയോട് ഫോണില്‍ സംസാരിക്കാന്‍ പോലും അവര്‍ അനുവദിക്കുന്നില്ല. ഇപ്പോള്‍ അമ്മയെ എനിക്കെതിരാക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

അമ്മയെ വച്ച് പണമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അമ്മയുടെ അക്കൗണ്ടില്‍ നിന്നും 10,000 രൂപ പിന്‍വലിച്ചു കഴിഞ്ഞു. എന്നാല്‍, അമ്മയ്ക്കു വേണ്ടി ഒന്നും വാങ്ങിയതായി കാണുന്നില്ല.

അമ്മയ്ക്ക് ദോഷമുണ്ടാകരുത് എന്നു കരുതിയാണ് ഇപ്പോള്‍ ഞാന്‍ ഒന്നും ചെയ്യാത്തത്. സംഗീതത്തിലുള്ള അവരുടെ ശ്രദ്ധ നഷ്ടപ്പെടരുത്. മാനസികമായി അത്ര കരുത്തയല്ല അവര്‍. അതും പോരാത്തതിന് മാധ്യമങ്ങള്‍ നന്നായി ശല്യം ചെയ്യുന്നുമുണ്ടെന്നും സതി പറഞ്ഞു.

ലത മങ്കേഷ്‌കറുടെ 'ഏക് പ്യാര്‍ ക നഗ്മ ഹൈ' എന്ന ഗാനം പശ്ചിമ ബംഗാളിലെ രാണാഘട്ട് റെയില്‍വേ സ്‌റ്റേഷനിലിരുന്ന് പാടിയാണ് രാണു ഇന്റര്‍നെറ്റില്‍ വൈറലായത്.