Latest News

ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസ്; കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തെ തീഹാര്‍ ജയിലിലേക്ക് മാറ്റി

2019-09-06 02:34:51am |

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം തീഹാര്‍ ജയിലില്‍. കേസില്‍ ഡല്‍ഹി കോടതി ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളിയതോടെയാണ് മുന്‍ ധനമന്ത്രിക്ക് തീഹാര്‍ ജയിലില്‍ പോകേണ്ട സാഹചര്യമുണ്ടായത്. സെപ്റ്റംബര്‍ 19 വരെ ചിദംബരം തീഹാര്‍ ജയിലില്‍ കഴിയും. തീഹാര്‍ ജയിലില്‍ പോകാതിരിക്കാന്‍ ചിദംബരത്തിന്റെ അഭിഭാഷകര്‍ അവസാനവട്ട ശ്രമവും നടത്തിയെങ്കിലും വിജയിച്ചില്ല.

ജയിലില്‍ അടയ്ക്കാതിരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റിനോട് എതിര്‍പ്പില്ലെന്ന് പോലും ചിദംബരത്തിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു. ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ചിദംബരം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിന് എപ്പോള്‍ വേണമെങ്കിലും ചിദംബരത്തെ അറസ്്്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്യാപ്പെട്ടാല്‍ ജയിലിലേക്ക് പോകാതെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ കഴിയാം. ഇത് മുന്‍കൂട്ടി കണ്ടാണ് അറസ്റ്റിനോട് എതിര്‍പ്പില്ലെന്ന് ചിദംബരം കോടതിയെ അറിയിച്ചത്. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റിന് തയ്യാറായില്ല.

എന്‍ഫോഴ്‌സ്‌മെന്റ് ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് വ്യക്മാക്കിയതോടെ ഒന്നുകില്‍ ജാമ്യം അനുവദിക്കണം അല്ലെങ്കില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണം എന്ന സാഹചര്യം വന്നു. ഇതോടെയാണ് ജുഡീഷ്യല്‍ കസ്റ്റഡി അനുവദിച്ച് സ്‌പെഷ്യല്‍ ജഡ്ജ് അജയ് കുമാര്‍ കുഹാര്‍ വിധിച്ചത്. അതേസമയം എയര്‍സെല്‍ മാക്‌സിസ് കേസില്‍ ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.