Latest News

"കൈതപ്പൂ മണമെന്റെ ചഞ്ചലാക്ഷി.. ഇന്നു നിന്‍ മാരന്‍ വന്നു മധുരം തന്നു...." സ്‌കൂളില്‍ ഓണഘോഷ പരിപാടിയില്‍ തിരുവാതിര അവതരിപ്പിക്കുന്ന കന്യാസ്ത്രീകള്‍

2019-09-09 04:01:50am |

കോട്ടയം: ക്രൈസ്തവ സന്യസ്തരുടെ ജീവിതത്തിലെ സ്വാതന്ത്ര്യത്തിന്റെ പരിമിതികളെ കുറിച്ച് നിരന്തരം ചര്‍ച്ച നടക്കുന്ന സമൂഹത്തില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് രണ്ട് കന്യാസ്ത്രീകള്‍ അവതരിപ്പിക്കുന്ന തിരുവാതിരയാണ് ഇന്ന് വൈറലായിരിക്കുന്നത്. കോളജ് കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വൈദികരുടെ വീഡിയോ പലപ്പോഴൂം കണ്ടിട്ടുണ്ട്. കന്യാസ്ത്രീ മഠത്തിനുള്ളില്‍ നടക്കുന്ന ഓണാഘോഷ പരിപാടികള്‍ ആരും തന്നെ കണ്ടിട്ടുമില്ല. ഇതാ, കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു സ്‌കൂളില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ സഹപ്രവര്‍ത്തകരായ അധ്യാപകര്‍ക്കൊപ്പം തിരുവാതിര അവതരിപ്പിക്കുകയാണ് അവിടെ സേവനം ചെയ്യുന്ന രണ്ട് കന്യാസ്ത്രീകള്‍.

കൃത്യമായ ചുവടുകളോടെയാണ് അവരും മറ്റുള്ളവര്‍ക്കൊപ്പം കളിക്കുന്നത്. തിരുവാതിരയുടെ എല്ലാ ഭംഗിയും അവര്‍ പകര്‍ന്നുനല്‍കുന്നു. സഭാ വസ്ത്രത്തിനു മുകളില്‍ കസവ് മുണ്ട് സാരിപോലെ ചുറ്റിയാണ് അവരും തിരുവാതിരയ്ക്ക് ഒരുങ്ങിയത്. കൈതപ്പൂ മണമെന്റെ ചഞ്ചലാക്ഷി... ഇന്നു നിന്‍ മാരന്‍ വന്നു മധുരം തന്നു...' എന്ന പ്രശസ്തമായ ഗാനത്തോടെയാണ് അവരുടെ ചുവടുവയ്പ്പ്.

uploads/news/2019/09/334813/photo_1.jpg

നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ മുന്നിലാണ് തിരുവാതിര അരങ്ങേറിയത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ നല്‍കിയ പുതിയ അനുഭവം കുട്ടികളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. വലിയ ആരവത്തോടെ കൈയടിച്ചാണ് കുട്ടികള്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടുന്ന അധ്യാപക സംഘത്തിന്റെ തിരുവാതിരയെ സ്വീകരിച്ചത്. ഭാരതീയ ആചാരങ്ങള്‍ ക്രൈസ്തവര്‍ സ്വീകരിക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ ഇത് ശരിക്കും കാണുക.

വാട്സ്ആപ്പിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. സിറോ മലബാര്‍ കാത്തലിക്‌സ് ഫോര്‍ യൂണിറ്റി എന്ന ചര്‍ച്ചാഗ്രൂപ്പിലും സജീവമാണ്. കന്യാസ്ത്രീകള്‍ മഠത്തില്‍ നടത്തുന്ന പഴയ ഓണപ്പാട്ടും ഈ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്.