Latest News

സന്യസ്തര്‍ ഒരു കാര്യം ഓര്‍ക്കണം, പൗരോഹിത്യത്തിന്റെ ഊറാലയ്ക്കും അല്മായതയുടെ തിരിക്കാലിനുമിടയില്‍ ഞെങ്ങിഞെരിയാനുള്ള ജീവിതമല്ല നിങ്ങളുടേത്.. ഫാ.മാര്‍ട്ടിന്‍ ആന്റണി പറയുന്നു

2019-09-09 04:03:09am |

കോട്ടയം: 'സന്യസ്തര്‍ ഇന്നലെകളില്‍ ജീവിക്കേണ്ടവരല്ല, ഇന്നിന്റെ നന്മയിലും നാളെയുടെ പ്രത്യാശയിലും ജീവിക്കേണ്ടവരാണ്'. എഴുതിവയ്ക്കപ്പെട്ട ചട്ടക്കൂടുകളുടെയും മാമൂലുകളുടെയും പേരില്‍ സന്യസ്ത ജീവിതങ്ങള്‍ക്ക് കടിഞ്ഞാണിടുന്നവരോടും അവരെ തെരുവിലേക്ക് വലിച്ചിഴക്കുന്നവരോടും എന്താണ് ക്രൈസ്തവ സന്യാസമെന്ന് വ്യക്തമാക്കുകയാണ് കത്തോലിക്കാ വൈദികനായ മാര്‍ട്ടിന്‍ ആന്റണി. പലതിന്റെയും പേരില്‍ സന്യസ്ത ജീവിതങ്ങളെ തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ ഫാ. മാര്‍ട്ടിന്‍ ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സന്യസ്തര്‍ ഒരു കാര്യം ഓര്‍ക്കണം, പൗരോഹിത്യത്തിന്റെ ഊറാലയ്ക്കും അല്മായതയുടെ തിരിക്കാലിനുമിടയില്‍ ഞെങ്ങിഞെരിയാനുള്ള ഒരു ജീവിതമല്ല നിങ്ങളുടേത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. നിലനില്‍പ്പിന്റെ ഒരു ധര്‍മ്മ സങ്കടം സന്യസ്ത ജീവിത്തിന്റെ ആന്തരികതയിലുണ്ട്. അതിനെ ഒരതു പടയാളിയുടെ വീറോടെ അംഗീകരിക്കുന്ന ആത്മവിശ്വാസം മാത്രമാണ് സന്യസ്ത ജീവിതത്തിന്റെ തനിമ. പൗരോഹിത്യത്തിന്റെ റിച്വലിസത്തില്‍ മയങ്ങാതെയും അല്മായതയുടെ ആക്ടിവിസത്തിലേക്ക് വഴുതി വീഴാതെയും ഒരു പൂര്‍ണ ചന്ദ്രനെപോലെ പ്രശോഭിക്കേണ്ട ജീവിതമാണ് ക്രൈസ്തവ സന്യാസം.

ഫാ.മാര്‍ട്ടിന്‍ ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ:

സന്യസ്തരോട്...

"This is the seashore. Neither land nor sea. It's a place that does not exist"

ഇറ്റാലിയൻ എഴുത്തുകാരിൽ ധിഷണയും ഭാവനയും സമമായി കലർത്തി വായനയുടെ മറ്റൊരു ലോകം സൃഷ്ടിക്കുന്ന Alessandro Barrico യുടെ Oceano Mare (Ocean Sea) എന്ന പുസ്തകത്തിൽ നിന്നും കടമെടുത്ത വരികളാണ് മുകളിൽ കുറിച്ചിരിക്കുന്നത്. കടൽത്തീരമാണിത്. കരയുമല്ല, കടലുമല്ല. നിലനിൽക്കാത്ത ഒരിടമാണിത്. കടൽ തീരം നിലനിൽക്കാത്ത ഇടം തന്നെയാണ്. അറിയില്ല എത്രനാൾ ആ ഇടം ഉണ്ടാകുമെന്ന്. എപ്പോൾ വേണമെങ്കിലും അത് കടലായി മാറാം. എങ്കിലും മനസ്സിനൊരു അസ്വസ്ഥത വരുമ്പോൾ ആരും കൊതിച്ചു പോകുന്ന ഒരു ഇടവും കടൽതീരം തന്നെയാണ്.

സഭയുടെ പിരമിഡ് സമ്പ്രദായത്തിന്റെ ചട്ടക്കൂടിനകത്ത് സന്യസ്ത ജീവിതവും ഒരു കടൽത്തീരം പോലെയാണ്. ഈ ജീവിതം പൗരോഹിത്യം ആണോ എന്ന് ചോദിച്ചാൽ, ഉത്തരം അല്ല എന്നതാണ്. ഇത് അല്മായ ജീവിതം ആണോ എന്ന് ചോദിച്ചാൽ, അതിന് ഉത്തരവും അല്ല എന്ന് തന്നെയാണ്. ചരിത്രം പരിശോധിച്ചാൽ ഒരു കാര്യം മനസ്സിലാകും; ചില കാലഘട്ടങ്ങളിൽ സന്യാസം എന്ന തീരത്തെ പൗരോഹിത്യം എന്ന കടൽ വീഴുങ്ങിയിരുന്നു എന്ന കാര്യം. ചില സമയത്ത് ഈ തീരം അല്മായ ലൗകികതയുടെ കരയായി വരണ്ടുണങ്ങിയിരുന്നു എന്നതും സത്യമാണ്. അതുകൊണ്ടുതന്നെ നിലനിൽപ്പിന്റെ ഒരു ധർമ്മസങ്കടം സന്യസ്ത ജീവിതത്തിൻറെ ആന്തരികതയിലുണ്ട്. അതിനെ ഒരു പടയാളിയുടെ വീറോടെ അംഗീകരിക്കുന്ന ആത്മവിശ്വാസം മാത്രമാണ് സന്യസ്ത ജീവിതത്തിൻറെ തനിമ. പൗരോഹിത്യത്തിൻറെ റിച്വലിസത്തിൽ മയങ്ങാതെയും അല്മായതയുടെ ആക്ടിവിസത്തിലേക്ക് വഴുതി വീഴാതെയും ഒരു പൂർണചന്ദ്രനെപ്പോലെ പ്രശോഭിക്കേണ്ട ജീവിതമാണ് ക്രൈസ്തവ സന്യാസം. ഇവിടെ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയ നൈർമല്യത്തിനുപരിയായ കൃത്രിമ സദാചാരത്തെ കൂസാത്ത സ്വഭാവ ലാവണ്യ മാത്രമാണ്. ഒരു സന്യസ്ത/തൻ എന്ന നിലയിൽ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത് ആരെയും ബോധിപ്പിക്കാൻ എടുത്ത ഒരു ജീവിതരീതി അല്ല. ക്രിസ്തു എന്ന പ്രണയിനിയോടുള്ള സ്നേഹം മാത്രമാണ് ഇതിൻറെ മാനദണ്ഡം. അവനിൽ നിന്നും നമുക്ക് ലഭിച്ച മരണത്തെ അതിജീവിക്കുന്ന അഭിലാഷവും മനസ്സിൻറെ അജയ്യമായ ഇച്ഛാശക്തിയും മാത്രമാണ് നമ്മുടെ അത്താണി. അതുകൊണ്ടുതന്നെ നമ്മുടെ ഭാഷ ഹൃദയത്തിൻറെ ഭാഷയാണ്. അങ്ങനെയാകണം നമ്മുടെ ഭാഷ. എന്നിട്ടിപ്പോൾ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത് ആ ഭാഷ തന്നെയാണ്. എവിടുന്ന് കിട്ടി ഈ വെല്ലുവിളിയുടെയും ഭീഷണിയുടെയും ഭാഷകൾ? ഒരു കാര്യം സന്യസ്തർ ഓർക്കണം. പൗരോഹിത്യത്തിന്റെ ഊറാലയ്ക്കും അല്മായതയുടെ തിരിക്കാലിനുമിടയിൽ ഞെങ്ങി ഞെരിയാനുള്ള ഒരു ജീവിതമല്ല ഇത്. അതുകൊണ്ടാണ് നോബിൾ അച്ഛൻറെ "പ്രശസ്തമായ" വീഡിയോ അവതരണത്തോടും സിസ്റ്റർ ലൂസിയുടെ "വിപ്ലവാത്മകമായ" ചില നിലപാടുകളോടും യോജിച്ചു പോകുവാൻ ഈയുള്ളവനു സാധിക്കാത്തത്.

തനിമ നഷ്ടപ്പെട്ടാൽ വലിച്ചെറിയപ്പെടുമെന്നും മനുഷ്യരാൽ ചവിട്ടപ്പെടുമെന്നും മത്തായി 5: 13 ൽ പറഞ്ഞിട്ടുണ്ട്. എത്രയോ ശരിയാണ്. തനിമ നഷ്ടപ്പെട്ടതു കൊണ്ടു തന്നെയാണ് എല്ലാവരും അതിനെ ചവിട്ടിമെതിക്കുന്നത് എന്നു തോന്നുന്നു. നോക്കൂ, ചവിട്ടിമെതിക്കാൻ മാധ്യമങ്ങളുണ്ട്. അതവരുടെ വയറ്റി പിഴപ്പാണ്. സഭാ സ്നേഹികളുണ്ട്. അത് അവരുടെ ധാർമിക രോഷമാണ്. സഭ വിരോധികളുണ്ട്. അതവരുടെ വിഷം ചീറ്റലാണ്.

സന്യസ്തർ ഇന്നലെയിൽ ജീവിക്കേണ്ടവരല്ല. ഇന്നിൻറെ നന്മയിലും നാളെയുടെ പ്രത്യാശയിലും ജീവിക്കേണ്ടവരാണ്. അതാണ് പാപിനിയായ ഒരു സ്ത്രീയുടെ മുൻപിലിരുന്ന് നിലത്ത് എന്തോ എഴുതിയവൻ പഠിപ്പിച്ചുതന്ന ലോജിക്. മുന്നിലേക്ക് നോക്കാം നമുക്ക്. ക്രൈസ്തവ സന്യാസത്തിന്റെ തനിമയെ തിരികെ പിടിക്കാൻ ശ്രമിക്കാം. അതിന് വലിയ ബഹളമൊന്നും ഉണ്ടാക്കണമെന്നില്ല. നിശബ്ദതയുടെ സ്വരം ഒന്ന് ശ്രവിച്ചാൽ മാത്രം മതി (1രാജ 19:12).

മാധവിക്കുട്ടിയുടെ ഒരു കവിതയുണ്ട്. പേര്, "ഉറങ്ങുന്ന തേളുകൾ"
എൻറെ മുത്തശ്ശിയുടെ വീട്ടിൽ, പണ്ട്,
ചുവരിൽ ഫ്രെയിം ചെയ്തു തൂക്കിയ തവിട്ടു
നിറമുള്ള കുറച്ച് ഫോട്ടോകളുണ്ടായിരുന്നു.
എപ്പോഴെങ്കിലും അതിലൊരെണ്ണം ഞാനൊന്നു
പൊക്കി നോക്കും.
അപ്പോൾ ഒരു തേൾ മയക്കമുണർന്നു
വാലുയർത്തും. "കുത്തിയാൽ നന്നായി
വേദനിക്കും കേട്ടോ"
മുത്തശ്ശി വിളിച്ചു പറഞ്ഞു,
"അവറ്റയുടെ ഉള്ളിൽ വിഷമാണേ..."

വെറുതെ വിടുമ്പോഴാണ്
ഭൂതകാലത്തിന് ഭംഗി.

///മാർട്ടിൻ ആൻറണി///