വനിത ഹോട്ടലിൽ അതിക്രമം: ഏഴ്​ കോളജ് വിദ്യാർഥികൾ അറസ്​റ്റിൽ; പാത്രങ്ങൾ എടുക്കാൻ ചെന്നപ്പോഴാണ് പകുതിയും തുറന്നിട്ട്‌ പോലുമില്ല

2019-09-10 02:11:28am |

കൊച്ചി: എറണാകുളം നോർത്ത് എസ്​.ആർ.എം റോഡിൽ വനിതകൾ നടത്തുന്ന ഹോട്ടലിൽ അതിക്രമം നടത്തിയ ഏഴ്​ വിദ്യാർഥികൾ അറസ്​റ്റിൽ. മഹാരാജാസ് കോളജ് ഹോസ്​റ്റലിൽ താമസിക്കുന്ന കൊല്ലം ആയൂർ ശ്രീനിലയം വീട്ടിൽ നിഖിൽ (21), എഴുപുന്ന സ്വദേശി പുത്തൻതറ വീട്ടിൽ നന്ദു (19), ഞാറക്കൽ സ്വദേശി തുമ്പപറമ്പിൽ വീട്ടിൽ അർജുൻ (25), ചേർത്തല സ്വദേശി കേശവ നിവാസിൽ ശ്രീകേഷ് (20), അർത്തുങ്കൽ ആര്യശ്ശേരി വീട്ടിൽ ജെൻസൺ (18), മുടിക്കൽ കുന്നത്ത് വീട്ടിൽ  മനു (19), ഇടപ്പള്ളി സ്വദേശി കിഴവന പറമ്പിൽ വീട്ടിൽ നിതിൻ ദാസ് (20) എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്​റ്റ്​ ചെയ്തത്. 

കഴിഞ്ഞ വെള്ളിയാഴ്​ച മഹാരാജാസ് ഹോസ്​റ്റലിൽ നടക്കുന്ന ഓണാഘോഷത്തിന്​ 455 പേരുടെ ഭക്ഷണം ഓർഡർ ചെയ്യാൻ ജെൻസനാണ് ആദ്യം ഹോട്ടലിൽ എത്തിയത്. 90 രൂപ നിരക്കിൽ ഭക്ഷണം നൽകാൻ തീരുമാനിച്ച്​ 28,000 രൂപ അഡ്വാൻസ് കൊടുത്തു. ആറിന്​ രാവിലെ ജെൻസൺ ഉൾപ്പെടെ ഹോട്ടലിൽനിന്ന്​ 68 പാത്രങ്ങളിലായി ഭക്ഷണം ഓട്ടോയിൽ ഹോസ്​റ്റലിൽ എത്തിച്ചു. 

എന്നാൽ, ഉച്ചക്ക്​ രണ്ടരയോടെ പ്രതികളായ ഏഴുപേരും ഹോട്ടലിൽ എത്തി ഭക്ഷണം 150 പേർക്ക് പോലും തികഞ്ഞില്ലെന്ന്​ പറഞ്ഞ്​ ഉടമ ശ്രീകലയെയും മറ്റു വനിത ജീവനക്കാരെയും ഭീഷണിപ്പെടുത്തി പാത്രങ്ങൾ അടിച്ചു തകർക്കുകയായിരുന്നു. അഡ്വാൻസ് തുക മടക്കി നൽകണമെന്ന ആവശ്യം നിരസിച്ച ഹോട്ടലുടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 20,000 രൂപ കൈക്കലാക്കി സംഘം സ്​ഥലം വിട്ടതായി പൊലീസ്​ പറയുന്നു.

രാത്രിയോടെ ഹോസ്​റ്റലിൽ പാത്രങ്ങൾ എടുക്കാൻ ചെന്നപ്പോഴാണ് പകുതിയും തുറന്നിട്ട്‌ പോലുമില്ലെന്ന്​ മനസ്സിലായത്. തുടർന്ന് ഹോട്ടലുടമ പൊലീസിൽ എത്തി പരാതി നൽകി. എറണാകുളം അസിസ്​റ്റൻറ്​ കമീഷണർ ലാൽജിയുടെ നിർദേശപ്രകാരം നോർത്ത് എസ്​.എച്ച്​.ഒ സിബി ടോം, എസ്​.ഐമാരായ അനസ്, ജബ്ബാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്.