മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ അറിയുന്നതല്ലാതെ നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ല; ലോൺ ഇനിയും അടക്കാനുണ്ട് -സൗബിൻ

2019-09-10 02:12:29am |

കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിച്ചു നീക്കാനുള്ള നടപടിക്കെതിരെ നടൻ സൗബിൻ ഷാഹിർ. മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ അറിയുന്നതല്ലാതെ നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറ‍ഞ്ഞു. കുറേ കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. അവരുടെ കാര്യം നോക്കണ്ടേയെന്നും സൗബിന്‍ ചോദിച്ചു. 

ഫ്ലാറ്റ് വാങ്ങുന്നതിന് മുമ്പേ ഇവിടെ താമസിക്കുന്ന സുഹ്യത്തുക്കളോടൊക്കെ അന്വേഷിച്ചിരുന്നു. വാങ്ങുന്നതിനു മുമ്പ് ഒരു പ്രശ്നവും ഇവിടെ ഉണ്ടായിരുന്നില്ല. അതൊക്കെ കണ്ടിട്ടല്ലെ ഒരാള്‍ വീട് വാങ്ങുന്നത്. ഇനിയും കുറെ കഷ്ടപെട്ടാലെ ഇതിന്‍റെ ലോണ്‍ അടയ്ക്കാന്‍ പറ്റൂ -സൗബിന്‍ കൂട്ടിച്ചേർത്തു. 

അതേസമയം, ഫ്ലാറ്റുകൾ പൊളിക്കണമെന്ന ഉത്തരവിനെതിരെ ഉടമകൾ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് റിട്ട് ഹരജിയാണ് ഫയൽ ചെയ്തത്. ഫ്ലാറ്റ് ഉടമകളുടെ വാദം കേൾക്കാതെയാണ് വിധി പുറപ്പെടുവിച്ചതെന്ന് ഹരജിക്കാർ ആരോപിക്കുന്നു. ഫ്ലാറ്റ് ഉടമകൾ നേരത്തെ നൽകിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു.