വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, പിന്നാലെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചു; കുട്ടിയെ ലോഡ്ജില്‍ താമസിപ്പിച്ചത് ആണ്‍വേഷം കെട്ടിച്ച്; മുറിയുടെ വാതില്‍ ചവിട്ടി തുറന്ന് പോലീസ് പ്രതികളെ പിടികൂടി

2019-12-23 09:21:36am |

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ച വയ്ക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജില്‍ താമസമാക്കിയിരുന്ന ഇവരെ മുറിയുടെ വാതില്‍ പൊളിച്ച് അകത്ത് കയറിയാണ് പിടികൂടിയത്. അടുത്ത ദിവസം പെണ്‍കുട്ടിയെ മാര്‍ത്താണ്ഡത്ത് എത്തിച്ച് മറ്റൊരു സംഘത്തിന് വില്‍്ക്കാനായിരുന്നു ഇവരുടെ പദ്ധതി.

പാലോട് പെരിങ്ങമ്മല ഒഴുകുപാറ മുനീറ മന്‍സിലില്‍ മുഹ്‌സീന്‍(19) ആണ് പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ട് പോന്നത്. തുടര്‍ന്ന് ലോഡ്ജില്‍ വെച്ച് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് ഇയാളുടെ സുഹൃത്തുക്കളായ തമിഴ്‌നാട് മാര്‍ത്താണ്ഡം പൊങ്ങിന്‍കല പുത്തന്‍വീട്ടില്‍ ആസിന്‍ (21), കല്‍ക്കുളം തിരുവട്ടാര്‍ മാര്‍ത്താണ്ഡം കണ്ണന്‍കരവിളയില്‍ വീട്ടില്‍ വിജയകുമാര്‍ (32) എന്നിവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇവരെ മൂന്ന് പേരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതിയുമായി അമ്മ കഴിഞ്ഞ 17ന് പാലോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുഹ്‌സിനുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് വ്യക്തമായത്. ഇതോടെ മുഹ്‌സിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആസിനെയും വിജയകുമാറിനേയും കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. പൊലീസിന്റെ പരിശോധനയില്‍ ഇവരുടെ ഫോണുകളെല്ലാം നന്ദിയോട് മേഖലയില്‍ വെച്ച് സ്വിച്ച് ഓഫ് ആക്കിയതായി കണ്ടെത്തി.

പെണ്കുട്ടിയെ ഇടിഞ്ഞാറില്‍നിന്നു മുഹ്‌സിന്‍ മലയോര ഹൈവേയുടെ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹിറ്റാച്ചിയുടെ ഡ്രൈവര്‍മാരായ വിജയകുമാര്‍, ആസിന്‍ എന്നിവര്‍ വാടകയ്ക്കുതാമസിക്കുന്ന താന്നിമൂട്ടിലെ ലോഡ്ജ് മുറിയിലെത്തിക്കുകയായിരുന്നു. ആണ്‍ വേഷം ധരിപ്പിച്ചാണ് പെണ്‍കുട്ടിയെ മറ്റുള്ളവരുടെ കണ്ണുവെട്ടിച്ചു ലോഡ്ജിനുള്ളില്‍ എത്തിച്ചത്.

ലോഡ്ജില്‍ എത്തിയ പൊലീസ് സംഘം മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. ഈ സമയം മുറിയില്‍ പെണ്കുട്ടിയും പ്രതികളുമുണ്ടായിരുന്നു. അടുത്ത ദിവസം പെണ്കുട്ടിയെ മാര്‍ത്താണ്ഡത്തെ ഒരു സംഘത്തിന് വില്‍ക്കാനായിരുന്നു പദ്ധതിയെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഒന്നാം പ്രതി മുഹ്സിന്‍ പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പും ബെംഗളൂരുവില്‍ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തതായി പോലീസ് വ്യക്തമാക്കി.