Latest News

ഖത്തര്‍ പുരോഗതിയില്‍ മുന്നിലുള്ള ചെറുരാജ്യം; പ്രതിസന്ധിക്കു പിന്നില്‍ അമേരിക്ക? ഇറാനുള്ള പിന്തുണ ഖത്തറിനെ അമേരിക്കയ്ക്ക് കരടാക്കി, മലയാളികള്‍ക്കും തിരിച്ചടിയായേക്കും

2017-06-06 03:25:17am |

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഖത്തറിനെതിരായ പുതിയനീക്കത്തിനുപിന്നിലെ സമ്മര്‍ദശക്തി അമേരിക്കയെന്നു സൂചന. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാണെങ്കിലും അടുത്തിടെ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനി നടത്തിയ വിവാദപ്രസ്താവനയാണ് അമേരിക്കയെ ചൊടിപ്പിച്ചതെന്നാണു സൂചന.

അമേരിക്ക ഭീകരപ്രസ്ഥാനങ്ങളുടെ പട്ടികയില്‍പ്പെടുത്തിയ സംഘടനകള്‍ക്കുള്ള സഹായവും ഇപ്പോഴത്തെ നോട്ടപ്പുള്ളി ഇറാനുള്ള പിന്തുണയുമാണു ഖത്തറിനെ അമേരിക്കയുടെ കണ്ണിലെ കരടാക്കിയത്. യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിനു പിന്നാലെയാണു ഖത്തറിനെതിരായ ഗള്‍ഫ്‌രാജ്യങ്ങളുടെ നീക്കമെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ മേയിലാണ് ഇറാനും ഹമാസ്, മുസ്ലിം ബ്രദര്‍ഹുഡ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കുമുള്ള പിന്തുണ ആവര്‍ത്തിച്ച് അമീറിന്റെ പ്രസ്താവന പുറത്തുവന്നത്. കൂടാതെ ഇസ്രയേലുമായി നല്ല ബന്ധമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ, ഖത്തറിനെതിരായ ഗൂഢാലോചന കണ്ടെത്തിയെന്നും അതിനാല്‍ സൗദി, ബഹ്‌ൈറന്‍, ഈജിപ്ത്, യു.എ.ഇ. എന്നിവിടങ്ങളില്‍നിന്ന് നയതന്ത്രപ്രതിനിധികളെ പിന്‍വലിക്കുമെന്നു ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിതന്നെ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് നിഷേധക്കുറിപ്പുമായി ഖത്തര്‍ രംഗത്തെത്തിയെങ്കിലും ഈ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണിരുന്നെന്നാണു പുറത്തുവരുന്ന വിവരം.

 

ഹമാസിനുള്ള പിന്തുണ ആവര്‍ത്തിച്ചതിനുപിന്നാലെ അവരുടെ നയപരിപാടികളില്‍ മാറ്റംവരുത്താനുള്ള ഇടപെടലുകളും ഖത്തര്‍ നടത്തി. ഹമാസിന്റെ മുഖംമിനുക്കാനും തീവ്രവാദപ്രതിഛായ മാറ്റാനുമുള്ള പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചതും ഖത്തറാണെന്നത് അമേരിക്കയെ ചൊടിപ്പിച്ചു.

ഖത്തര്‍ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അല്‍-ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങളും പ്രശ്‌നങ്ങളുടെ തീവ്രതകൂട്ടി. യാഥാസ്ഥിതിക ഗള്‍ഫ് രാജ്യങ്ങളെ മുള്‍മുനയില്‍നിര്‍ത്തിയ മുല്ലപ്പൂ വിപ്ലവത്തിന്റെ കനലൂതിക്കത്തിക്കുന്നതില്‍ അല്‍-ജസീറ മോശമല്ലാത്ത പങ്കുവഹിച്ചതായാണു വിലയിരുത്തല്‍. ഖത്തറിനെ സമ്മര്‍ദത്തിലാക്കാന്‍ 2014-ല്‍ ഇതേരാജ്യങ്ങള്‍ ദോഹയില്‍നിന്ന് തങ്ങളുടെ നയതന്ത്രപ്രതിനിധികളെ ഇതേ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പിന്‍വലിച്ചിരുന്നു.

ഒന്‍പതുമാസത്തിനുശേഷം ആ പ്രശ്‌നം പരിഹരിച്ചെങ്കിലും അതിലേക്കു നയിച്ച കാരണങ്ങള്‍ക്കു പരിഹാരമുണ്ടായില്ല. മുമ്പ് 2002-ലും 2008-ലും ദോഹയില്‍നിന്ന് സൗദി തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചിരുന്നു. എന്നാല്‍, അപ്പോഴൊക്കെ സമ്മര്‍ദനീക്കം പാളുകയായിരുന്നു.

ഇക്കുറി കൃത്യമായ കണക്കുകൂട്ടലോടെയാണ് സൗദിയും യു.എ.ഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നടപടി. ഭീകരസംഘടനകള്‍ക്കുള്ള സഹായം തടയുന്നതിനൊപ്പം ദോഹയില്‍ സുരക്ഷിതരായി കഴിയുന്ന ഹമാസിന്റെ നേതാക്കളെ ഖത്തറിനു പുറത്താക്കുകയെന്ന ലക്ഷ്യവും പുതിയ നീക്കത്തിനുപിന്നിലുണ്ട്.

മലയാളികള്‍ ഉള്‍പ്പെടെ അനേക ഇന്ത്യാക്കാര്‍ക്കും വന്‍ തിരിച്ചടിയായേക്കുന്ന ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തും തുര്‍ക്കിയും . ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരത്തിന് എല്ലാ കക്ഷികളും തയ്യാറാകണമെന്ന് തുര്‍ക്കി അഭ്യര്‍ത്ഥിച്ചു. കുവൈത്തിലെ പാര്‍ലമെന്റ് അംഗങ്ങളും പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാന്‍ രാജ്യനേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇരു രാജ്യങ്ങളും ചേര്‍ന്ന് മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അതിനിടയില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന പ്രചരണത്തെ തുടര്‍ന്ന് അവ ശേഖരിക്കാനുള്ള തിരക്ക് ജനങ്ങള്‍ തുടങ്ങി. പാല്‍, മുട്ട, പഞ്ചസാര, അരി എന്നിവയെല്ലാം ശേഖരിക്കുന്നതിനായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധിയില്‍ ആശങ്ക വേണ്ടെന്നും ഭക്ഷ്യക്ഷാമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ഖത്തര്‍ നേതൃത്വം ജനങ്ങളെ അറയിച്ചു.

നിലവില്‍ പഞ്ചസാര ഉള്‍പ്പെടെ ഖത്തറിലേക്കുള്ള പഞ്ചസാര കയറ്റുമതി സൗദിയും യുഎഇയും താല്‍ക്കാലികമായി നിര്‍ത്തി. ഇന്ത്യയ്ക്ക് എണ്ണ വിതരണം ചെയ്യുന്നതില്‍ ഖത്തറിനുള്ള പങ്കും നിര്‍ണ്ണായകമായിരിക്കും. സൗദിയില്‍ നിന്നാണ് ഖത്തര്‍ വിപണിയിലേക്ക് ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ എത്തുന്നത് എന്നതിനാല്‍ രാജ്യത്തെ വാണിജ്യ വ്യവസായ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും.

ഗതാഗതം, ഓഹരി, നിര്‍മ്മാണം, വാഹനം, ടൂറിസം എന്നീ രംഗങ്ങളെയും ഇത് പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തുന്നത്. പ്രതിസന്ധി മുമ്പോട്ട് പോയാല്‍ ദ്രവീകൃത പ്രകൃതിവാതകം വ്യാപകമായി ഖത്തറില്‍ നിന്നും സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്ക് അത് കനത്ത തിരിച്ചടിയകും. സൗദി അതിര്‍ത്തി അടച്ചതോടെ ഖത്തറിന്റെ ലോകകപ്പ് ഫുട്‌ബോള്‍ ഒരുക്കവും പ്രതിസന്ധിയലാകും.

ഭീകരസംഘടനകള്‍ക്ക് സഹായം നല്‍കുന്നു എന്നാരോപിക്കപ്പെട്ടാണ് ഖത്തറിന് അഞ്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തര്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതോടെ വന്‍ തിരിച്ചടിയാകുന്നവരില്‍ ഇവിടെ ജോലി ചെയ്യുന്ന മലയാളികളുമുണ്ട്.

വ്യോമ നാവിക ഗതാഗതം ഉള്‍പ്പെടെയുള്ളവ നിര്‍ത്തി വെച്ചിരിക്കെ യാത്രാ ക്‌ളേശം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ഖത്തറിലുള്ള ആറു ലക്ഷം ഇന്ത്യാക്കാരില്‍ പകുതിയും മലയാളികളാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വ്യാപാര വാണിജ്യ പ്രവര്‍ത്തനങ്ങളും മലയാളികള്‍ നടത്തുന്നുണ്ട്.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഗള്‍ഫില്‍ നിന്നുള്ള പണത്തിന്റെ വന്‍ സ്വാധീനമാണുള്ളത്. പുതിയ നിയന്ത്രണങ്ങള്‍ വാണിജ്യ വ്യാവസായിക മേഖലകളില്‍ പ്രതിഫലിക്കുമ്പോള്‍ അത് ഇന്ത്യയ്ക്ക് കൂടി തിരിച്ചടിയാകും.