Latest News

ജോര്‍ദ്ദാനും മൗറിത്ത്യാനയും ഖത്തറിനെ ഒറ്റപ്പെടുത്തി; സൗദി ഖത്തര്‍ എയര്‍വേയ്‌സിന്റെ ലൈസന്‍സ് റദ്ദാക്കി

2017-06-07 02:51:54am |

ദോഹ: ഗള്‍ഫ് മേഖലയില്‍ രാജ്യാന്തര ഗതാഗതമേഖലയില്‍ ഒറ്റപ്പെട്ടുപോയ ഖത്തറിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ട് അയല്‍ക്കാരായ ജോര്‍ദ്ദാനും മൗറിത്ത്യാനയും കൂടി നയതന്ത്ര ബന്ധം വിഛേദിച്ചു. സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ബഹ്‌റിന്‍ എന്നിവരാണ് നയതന്ത്രബന്ധം ഖത്തറുമായി വിഛേദിച്ചത്. ഇതിന് പിന്നാലെ യെമനും ലിബിയയും മാലദ്വീപും ഗതാഗത ബന്ധവും വിഛേദിച്ചു. ഖത്തറുമായി ഏറ്റവും ഒടുവില്‍ ബന്ധം വിഛേദിച്ച രാജ്യമാണ് മൗറിത്താന.

ഖത്തറിന്റെ ടെലിവിഷനായ അല്‍ ജസീറയ്ക്കും നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം പഠിച്ചുകൊണ്ടിരിക്കുകയാണ് ജോര്‍ദ്ദാന്‍. ഉപരോധത്തിന്റെ കാരണം പഠിച്ച ശേഷമാണ് തീരുമാനമെന്നാണ് ജോര്‍ദാന്‍ അധികൃതര്‍ പറഞ്ഞത്. അതിനിടയില്‍ സൗദി ഖത്തര്‍ എയര്‍വേയ്‌സിന്റെ ലൈസന്‍സ് റദ്ദാക്കി. 48 മണിക്കൂറില്‍ രാജ്യത്തെ ഓഫീസ് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഇറാനെ പ്രകീര്‍ത്തിച്ചും സൗദിയെ നിഷേധിച്ചും സംസാരിച്ചു, ഐഎസ്, അല്‍ കൈ്വദ, മുസ്‌ളീം ബ്രദര്‍ഹൂഡ് എന്നീ ഭീകര സംഘടനകളെ സഹായിക്കുന്ന നിലപാട് എടുത്തു തുടങ്ങി പ്രതിസന്ധിക്ക് കാരണമായിരിക്കുന്ന ആരോപണങ്ങള്‍ ഖത്തര്‍ നിഷേധിച്ചു.

എല്ലാം കെട്ടിച്ചമച്ചതും വ്യാജവുമായ വാര്‍ത്തകളാണെന്നാണ് ഖത്തര്‍ അധികൃതര്‍ പറയുന്നത്. അതിനിടയില്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് ക്ഷാമം നേരിടുമെന്ന പ്രചരണവും അസ്ഥാനത്താണെന്നും പാല്‍ പോലെ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ചുരുക്കം ചില സാധനങ്ങള്‍ക്ക് മാത്രമായിരിക്കും പ്രതിസന്ധി എന്നും അത്യാവശ്യത്തിനുള്ള കാര്യങ്ങളെല്ലാം രാജ്യത്തു തശന്നയുണ്ടെന്നും ഖത്തര്‍ അധികൃതര്‍ പറഞ്ഞു. സൗദി ഖത്തര്‍ അതിര്‍ത്തി അടച്ചതോടെ റോഡ് വഴിയുള്ള ചരക്കുനീക്കം ഇല്ലാതായതാണ് ഭീതിയായി മാറിയിരിക്കുന്നത്. മൂന്ന് വശവും കടലായ ഖത്തറിന് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ കഴിയാതെ വരുമെന്നതാണ് പ്രചരണം.

കരമാര്‍ഗ്ഗം ഖത്തര്‍ അതിര്‍ത്തി പങ്കിടുന്ന ഏകരാജ്യമാണ് സൗദി. എന്നാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ക്ക മുന്‍ തൂക്കം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം പ്രതിസന്ധി മുതലെടുത്തു കൃത്രിമക്ഷാമം ഉണ്ടാക്കാനോ വിലക്കയറ്റം സൃഷ്ടിക്കാനോ അനുവദിക്കാത്ത രീതിയിലും നടപടിയെടുത്തിട്ടുണ്ട്. പ്രതിസന്ധി ബിസിനസ് മേഖലയിലുള്ള അനേകം മലയാളികള്‍ക്കും തിരിച്ചടിയായേക്കും. തൊഴില്‍ രംഗത്തായിരിക്കും ഇതിന്റെ പ്രതിഫലനം ഉണ്ടാക്കുക.

ഖത്തറിലുള്ള ഇന്ത്യാക്കാരില്‍ ഭൂരിപക്ഷവും മലബാറില്‍ നിന്നുള്ള മലയാളികളാണ്. ഇവരില്‍ മള്‍ട്ടിനാഷണല്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഏറെ. മറ്റ് രാജ്യങ്ങളിലേക്കുള്ള വ്യോമഗതാഗതം താറുമാറായത് ബിസിനസ് രംഗത്ത് ആശങ്കയ്ക്ക് കാരണമായി മാറിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലും ബിസിനസ് ശാഖകള്‍ ഉള്ളവര്‍ക്ക് യാത്രാ പ്രതിസന്ധി പ്രശ്‌നമായി മാറിയേക്കും. മൂന്ന് ലക്ഷം മലയാളികള്‍ ഉണ്ടെന്നാണ് കരുതുന്നത്. മലപ്പുറം, കോഴിക്കോട് മേഖലകളില്‍ നിന്നുള്ളവരാണ്.