Latest News

അറബിയുടെ തടവറയില്‍ മൂന്നു വര്‍ഷം പീഡനം സഹിച്ച മണി ഇന്ന്‌ ജന്മനാട്ടില്‍ തിരിച്ചെത്തും

2017-06-11 03:52:45am |

പത്തനംതിട്ട: കുവൈത്തില്‍ അറബിയുടെ തടവറയില്‍ മൂന്നു വര്‍ഷം പീഡനം സഹിച്ച കൊടുമണ്‍ ഐക്കാട്‌ മഠത്തിനാല്‍ മേലേതില്‍ പൊടിയന്റെ ഭാര്യ മണി (45) ഇന്നു നാട്ടില്‍ തിരിച്ചെത്തും. പ്രവാസി മലയാളി ഫെഡറേഷന്‍ അസോസിയേഷന്റെയും ഇലന്തൂര്‍ സ്വദേശിനി മഞ്‌ജു വിനോദ്‌ നേതൃത്വം നല്‍കുന്ന സ്‌നേഹക്കൂട്‌ എന്ന സംഘടനയുടെയും നിരന്തരപ്രയത്‌നമാണ്‌ മണിയെ നാട്ടില്‍ തിരിച്ചെത്തിക്കുന്നത്‌. എംബസിയുടെ സഹായത്തോടെ മുംബൈയിലെത്തിയ മണിയെ കോഴിക്കോട്‌ സ്വദേശിയായ സലാം എന്ന യുവാവ്‌ മുംബൈയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള ബസില്‍ യാത്രയാക്കി. ബസ്‌ ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നോടെ പത്തനംതിട്ടയിലെത്തും. മൂന്നു വര്‍ഷത്തിനു ശേഷം പൊടിയന്‌ ഇന്നു ഭാര്യയെ കാണാം. മക്കളായ നന്ദുജ(16), നന്ദു (22) എന്നിവര്‍ക്ക്‌ ഇന്ന്‌ അമ്മയെ അരികില്‍ തിരിച്ചുകിട്ടും. ഈശ്വരനാണ്‌ തനിക്ക്‌ ഇതിന്‌ അവസരം ഒരുക്കിയതെന്ന്‌ മഞ്‌ജു വിനോദിന്‌ അയച്ച സന്ദേശത്തില്‍ മണി പറഞ്ഞു.

പത്തനാപുരം സ്വദേശി ബാലന്‍ പിള്ളയാണ്‌ മണിയെ മൂന്നു വര്‍ഷം മുമ്പ്‌ കുവൈത്തിലേക്ക്‌ അയച്ചത്‌. ആദ്യത്തെ മൂന്നു മാസം ഇവര്‍ വീട്ടിലേക്കു പണമയച്ചു. പിന്നീട്‌ വിവരങ്ങള്‍ ഒന്നും ഉണ്ടായില്ല. അതോടെ നന്ദുജയും നന്ദുവും ഇലന്തൂരിലുള്ള ബന്ധു പൊന്നമ്മയുടെ വീട്ടിലെത്തി. ആറു മാസം കഴിഞ്ഞപ്പോള്‍ നന്ദുവിന്റെ ഫോണില്‍ മണിയുടെ സന്ദേശമെത്തി. താന്‍ ജീവനോടെയുണ്ടെന്നും അറബിയുടെ വീട്ടില്‍ പീഡനം അനുഭവിക്കുകയാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കാന്‍ ശ്രമിക്കണമെന്നുമായിരുന്നു സന്ദേശം.പൊന്നമ്മയും നന്ദുവും വിവരം ഇലന്തൂരിലുള്ള സ്‌നേഹക്കൂട്ടായ്‌മയുടെ ഡയറക്‌ടര്‍ മഞ്‌ജു വിനോദിനെ അറിയിച്ചു. മഞ്‌ജു ദുരിതകഥ ഗള്‍ഫിലുള്ള പ്രവാസി മലയാളി അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചു.

സ്‌നേഹക്കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ പോലീസിനു പരാതി നല്‍കി. വൈകാതെ മണിയെ ഗള്‍ഫിലേക്കയച്ച്‌ പണം തട്ടിയെടുത്ത പത്തനാപുരം സ്വദേശി ബാലനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
സ്‌നേഹക്കൂട്ടായ്‌മ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്‌ ട്വിറ്ററിലൂടെയും പരാതി അയച്ചു. എ.ഡി.ജി.പി സന്ധ്യക്കും വിവരം കൈമാറി. കുവൈത്തിലുള്ള അഡ്വ. അനൂപുമായി കൂട്ടായ്‌മ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന്‌ അദ്ദേഹം ഇന്ത്യന്‍ എംബസിക്കു പരാതി നല്‍കി. എന്നാല്‍, വീണ്ടും ആറു മാസത്തോളം മണിയെപ്പറ്റി യാതൊരു വിവരവും ലഭിച്ചില്ല. സൗദി അറേബ്യയിലുള്ള പ്രവാസി മലയാളി ഫെഡറേഷന്‍ അംഗം മുരളിയും മണിയുടെ മോചനത്തിനായി മുന്നിട്ടിറങ്ങി. ഇതിനിടെ അറബി കുവൈത്തിലുള്ള അയാളുടെ ബന്ധു ഇമാന്‍ എന്ന യുവതിയുടെ വീട്ടിലേക്ക്‌ ഇവരെ മാറ്റി.

ഇമാനോട്‌ തനിക്കുണ്ടായ അനുഭവം മണി പറഞ്ഞു. മനസലിഞ്ഞ ഇമാന്‍ വീട്ടിലേക്കു വിളിക്കാന്‍ മണിയെ അനുവദിച്ചു.അങ്ങനെ ആറുമാസത്തിനുശേഷം വീണ്ടും മണിയുടെ ഫോണ്‍ നന്ദുവിനെത്തി. അറബി തന്നെ ഫ്രിഡ്‌ജിനുള്ളില്‍ അടച്ച്‌ കൊല്ലാന്‍ ശ്രമിച്ചെന്ന കാര്യം അവര്‍ വെളിപ്പെടുത്തി. തുടര്‍ന്ന്‌ സ്‌നേഹക്കൂട്ടായ്‌മ ഇമാനുമായി നിത്യവും ബന്ധപ്പെട്ടു. ഇടയ്‌ക്ക്‌ അറബിയെത്തി മണിയെ ഉപദ്രവിക്കുന്നത്‌ പതിവായതായും അറിയാന്‍ കഴിഞ്ഞു. ഒടുവില്‍ സാഹചര്യം ഒത്തുവന്നപ്പോള്‍ കുവൈത്തിലുള്ള അഡ്വ. അനൂപിന്റെ സഹായത്തോടെ മണിയെ ഇന്ത്യന്‍ എംബസിയില്‍ ഏല്‍പ്പിച്ചു.

എന്നാല്‍ രേഖകള്‍ എല്ലാം അറബിയുടെ കൈവശമായിരുന്നതിനാല്‍ മടക്കയാത്ര എളുപ്പമായിരുന്നില്ല. പിന്നീട്‌ എംബസി ഇടപെട്ടാണ്‌ മണിയെ വ്യാഴാഴ്‌ച മുംബൈയിലേക്ക്‌ അയച്ചത്‌. മുംബൈയില്‍ നിന്നുള്ള യാത്രച്ചെലവിനായി എംബസി 2000 രൂപ നല്‍കിയിരുന്നു. മുംബൈയില്‍ എത്തിയ മണി വിമാനത്തില്‍ ഉണ്ടായിരുന്ന കോഴിക്കോട്‌ സ്വദേശി സലാമിന്റെ ഫോണില്‍നിന്നു മഞ്‌ജു വിനോദിനെ വിളിച്ചു. മഞ്‌ജു പറഞ്ഞതനുസരിച്ച്‌ സലാമാണ്‌ ബസ്‌ ടിക്കറ്റ്‌ തരപ്പെടുത്തയത്‌. യാത്രച്ചെലവിന്‌ 500 രൂപയും നല്‍കി.