Latest News

അറബിയുടെ തടങ്കലില്‍ രണ്ടര വര്‍ഷം; മണിക്ക് പറയാനുള്ളത് ""ഗദ്ദാമ"" യില്‍ കാവ്യാ മാധവന്‍ അവതരിപ്പിച്ച കഥാപാത്രത്തെ വെല്ലുന്ന കഥ

2017-06-13 03:30:45am |

പത്തനംതിട്ട: കുെവെത്തിലെ അറബിയുടെ തടങ്കലില്‍ രണ്ടര വര്‍ഷക്കാലം കൊടുമണ്‍ ഐക്കാട് സ്വദേശിനി മണി പൊടിയന്‍(45) അനുഭവിച്ചത് നരകയാതന. രക്ഷപ്പെട്ട് മടങ്ങിയെത്തിയ മണി വിവരിച്ചത് ''ഗദ്ദാമ'' എന്ന മലയാള ചലച്ചിത്രത്തില്‍ കാവ്യാ മാധവന്‍ അവതരിപ്പിച്ച കഥാപാത്രത്തെ വെല്ലുന്ന കഥ.

ഇന്നലെ രാവിലെ പത്തുമണിയോടെ അടൂരില്‍ എത്തിയ മണിയെ സ്വീകരിക്കാന്‍ മക്കളായ നന്ദുജ(16), നന്ദു (22) എന്നിവരും സ്‌നേഹക്കൂട്ടം പ്രവര്‍ത്തകരും കാത്തുനിന്നിരുന്നു. മക്കളെ കണ്ടയുടന്‍ മണി വാരിപ്പുണര്‍ന്നു. തന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച സ്‌നേഹക്കൂട്ടം, പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ക്ക് അവര്‍ നന്ദി അറിയിച്ചു.

കുെവെത്തില്‍ വീട്ടുജോലി വാഗ്ദാനം ചെയ്താണ് രണ്ടര വര്‍ഷം മുമ്പ് പത്തനാപുരം സ്വദേശി ബാലന്‍പിള്ള മണിയെ സമീപിച്ചത്. കോഴിക്കോട് സ്വദേശിയായ ഷംസുദ്ദീനും ബാലന്‍പിള്ളയും ചേര്‍ന്ന് ഒരുക്കിയ കെണിയായിരുന്നു ഇതെന്നു മണി തിരിച്ചറിഞ്ഞില്ല. 2015 ജൂണ്‍ 20 ന് നാഗ്പൂര്‍ വിമാനത്താവളത്തില്‍നിന്നാണ് കുെവെത്തിലേക്കു തിരിച്ചത്. കേരളത്തില്‍നിന്നു ടിക്കറ്റ് ലഭിക്കില്ലെന്നായിരുന്നു ബാലന്‍ പിള്ള പറഞ്ഞത്. കുെവെത്ത് എയര്‍പോര്‍ട്ടില്‍ കോഴിക്കോട് സ്വദേശി ഷംസുദ്ദീന്‍ കാത്തുനിന്നിരുന്നു. മണി എത്തിയ ഉടന്‍ ഷംസുദ്ദീന്‍ ബാലന്‍പിള്ളയെ വിളിച്ചശേഷം കമ്മീഷനായി വന്‍ തുക അയച്ചുകൊടുത്തതായി മണി പറഞ്ഞു. മസൂര്‍ എന്ന അറബിയുടെ വീട്ടിലേക്കാണു മണിയെ കൊണ്ടുപോയത്. മൂന്നുമാസം പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. ശമ്പളവും കൃത്യമായി ലഭിച്ചിരുന്നു. എന്നാല്‍ പിന്നീടു സ്ഥിതി മാറി.

വീട്ടിലുള്ള പത്ത് അംഗങ്ങള്‍ക്കും വെച്ചുവിളമ്പേണ്ട ചുമതല മണിക്കാണ്. 60 കിലോ തൂക്കമുള്ള അരിച്ചാക്ക് മണി തന്നത്താന്‍ ചുമന്ന് ഗോഡൗണില്‍ എത്തിക്കണം. നടു നിവര്‍ക്കാനായിഒന്നു കിടന്നാല്‍ മര്‍ദനം ഉറപ്പ്. മസൂര്‍ എപ്പോഴും ഒരു വടി െകെയില്‍ കരുതിയിരിക്കും. അതുകൊണ്ടാണ് അടി. ഒരിക്കല്‍ മണിയുടെ മുടിയില്‍ പടിച്ച് വലിയ ഫ്രീസറിലേക്ക് തള്ളി. ഓടിയെത്തിയ സ്ത്രീയാണ് രക്ഷപെടുത്തിയത്.

ഒരു നേരം മാത്രമാണു ഭക്ഷണം നല്‍കിയിരുന്നത്. െവെകിട്ട് മൂന്നു മണിക്ക് ഒരുതവി ചോറ്, അല്‍പ്പം ഉപ്പ്, ചെറിയ കുപ്പിയില്‍ വെള്ളം അത്രമാത്രം. ബാക്കി സമയത്ത് ജലപാനം പോലും പാടില്ല. കിടക്കാന്‍ ഈര്‍പ്പമുള്ള തറ. മണിയുടെ വസ്ത്രങ്ങളും മൊെബെല്‍ ഫോണും പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും മസൂര്‍ എടുത്തുമാറ്റി.

അറബി മണിയെ ഇമാന്‍ എന്ന യുവതിയുടെ വീട്ടില്‍കൊണ്ടാക്കിയതാണു രക്ഷപ്പെടലിനു വഴിയൊരുക്കിയത്. മണിയുടെ അഥ കേട്ടു മനസലിഞ്ഞ ഇമാന്‍ ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കാന്‍ അനുവദിച്ചു. പിന്നീട് ഇന്ത്യന്‍ എംബസിയിലേക്ക് അയയ്ക്കുകയും ചെയ്തു.

നാട്ടില്‍ തിരിച്ചെത്തി മക്കളെ കാണാന്‍ കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിലാണ് മണി ഇപ്പോള്‍. മണിക്കൊപ്പം സ്‌നേഹകൂട്ടം ഡയറക്ടര്‍ മജ്ഞു വിനോദ്, കണ്‍വീനര്‍ അന്നമ്മ ഏബ്രഹാം, കോര്‍ഡിനേറ്റര്‍ കെ.കെ.സുലേഖ ടീച്ചര്‍, സിസിലി, പ്രവാസി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സന്തോഷ് കുറിയാനപ്പള്ളി, കണ്‍വീനര്‍ ഉഷാതോമസ് എന്നിവരും ഉണ്ടായിരുന്നു.