Latest News

മക്കയിൽ ചാവേറാക്രണം; സുരക്ഷാസേന വളഞ്ഞതോടെ ഭീകരൻ സ്വയം പൊട്ടിത്തെറിച്ചു

2017-06-24 03:16:24am |

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ ഭീകരാക്രമണശ്രമം സുരക്ഷാസേന തകർത്തു. ഹറം പള്ളിയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് സൗദി ആഭ്യന്തരവകുപ്പ് വക്താവ് മൻസൂർ അൽ തുർക്കിയെ ഉദ്ധരിച്ച് അൽ അറബിയ ടിവി റിപ്പോർട്ട് ചെയ്തു.

മേഖലയിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. രാത്രി വൈകിയായിരുന്നു സംഭവം. മക്കയിൽ ഭീകരരുടെ രണ്ടു സംഘങ്ങളെയും ജിദ്ദയിൽ മറ്റൊരു സംഘത്തെയും പിടികൂടി. അഞ്ചു സുരക്ഷാസേനാംഗങ്ങൾ ഉൾപ്പെടെ 11 പേർക്കു പരുക്കേറ്റു. സ്ത്രീ ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിലായിട്ടുണ്ട്. മക്കയിലെ അൽ അസ്സില മേഖലയിൽ പിടിയിലായ ഭീകരനിൽനിന്നു ലഭിച്ച വിവരങ്ങളാണു ഭീകരാക്രമണ നീക്കം തകർക്കാൻ സഹായകരമായതെന്നാണു വിവരം. തുടർന്നുള്ള പരിശോധനയ്ക്കിടെ മക്കയിലെ തന്നെ അജ്യാദ് അൽ മസാഫിയിൽ ഭീകരൻ ഒളിച്ചിരുന്ന വീട് സുരക്ഷാസേന വളഞ്ഞു. കീഴടങ്ങാനുള്ള നിർദേശം തള്ളി ഇയാൾ പൊലീസിനു നേരെ വെടിയുതിർക്കുകയും ചെയ്തു. ഏറ്റുമുട്ടലിനൊടുവിൽ ബെൽറ്റ് ബോംബ് ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ചതായി അധികൃതർ അറിയിച്ചു.

Mecca Attackറമസാനിൽ ലക്ഷക്കണക്കിനു തീർഥാടകരുള്ള സമയത്ത് മക്കയിൽ ഭീകരരെ പിടികൂടാനായത് ഏറെ പ്രാധാന്യത്തോടെയാണ് സുരക്ഷാസേന കാണുന്നത്. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമടക്കം ഭരണ രംഗത്തെ പ്രമുഖരെല്ലാം മക്കയിലുണ്ട്. ഹറം പള്ളിയിൽ തീർഥാടകർ സുരക്ഷിതരാണ്. തറാവീഹ് നമസ്കാരവും മറ്റു പ്രാർഥനകളും സുഗമമായി തുടർന്നു.