Latest News

കുറ്റപത്രം പറയുന്നു, സാമിനെ കിടപ്പറയില്‍ ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തിക്കൊടുത്ത് കൊലപ്പെടുത്തി! മെല്‍ബണ്‍ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുറ്റം നിഷേധിച്ചു

2017-06-28 03:05:55am |

മെൽബൺ ∙ യുഎഇ എക്സ്ചേഞ്ച് ഉദ്യോഗസ്ഥനായിരുന്ന പുനലൂർ കരുവാളൂർ ആലക്കുന്നിൽ സാം ഏബ്രഹാ(34)മിനെ ഭാര്യയും കാമുകനും ചേർന്നു സയനൈഡ് നൽകി കൊലപ്പെടുത്തി എന്ന കേസിൽ പ്രാരംഭവാദം ആരംഭിച്ചു. പ്രതികളായ സാമിന്റെ ഭാര്യ സോഫിയ, കാമുകൻ അരുൺ കമലാസനൻ എന്നിവർക്കെതിരെയുള്ള കുറ്റപത്രം മെൽബൺ മജിസ്ട്രേട്ട് കോടതി ഇരുവരെയും വായിച്ചുകേൾപ്പിച്ചു. ഇരുവരും കുറ്റം നിഷേധിച്ചു.

സാമിനെ കിടപ്പറയിൽ ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തിക്കൊടുത്ത് കൊലപ്പെടുത്തിയെന്ന കുറ്റമാണ് ഇരുവർക്കും മേൽ ചുമത്തിയിരിക്കുന്നത്. സംഭവത്തിനു മൂന്നു മാസം മുൻപു റെയിൽവേ സ്റ്റേഷനിൽ സാമിനെ വധിക്കാൻ ശ്രമിച്ച കേസ് കൂടി അരുൺ കമലാസനനു മേൽ ചുമത്തിയിട്ടുണ്ട്. ടോക്സിക്കോളജി വിദഗ്ധന്റെ റിപ്പോർട്ട്‌ കോടതി പരിശോധിച്ചു. സാമിന്റെ ശരീരത്തിൽ ഒരു ലീറ്ററിൽ 35 മില്ലിഗ്രാം സയനൈഡിന്റെ അംശം കണ്ടെത്തിയതായി ടോക്സിക്കോളജിസ്റ്റ് കോടതിയെ അറിയിച്ചു. സാമിന്റെ രക്തത്തിലും കരളിലും സയനൈഡിന്റെ അംശം കണ്ടെത്തിയതായും ഇദ്ദേഹം സ്ഥിരീകരിച്ചു. സോഫിയയും അരുണും കുറ്റം നിഷേധിച്ചതിനെ തുടർന്ന്, കേസ് വിചാരണനടപടികൾക്കായി സുപ്രീം കോടതിയിലേക്കു മാറ്റി.

വിചാരണയുടെ തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി വിക്ടോറിയ സുപ്രീം കോടതി ഇന്നു കേസ് പരിഗണിക്കും. ഭാര്യ സോഫിയയും നാലു വയസ്സുള്ള മകനും ഒപ്പം താമസിച്ചിരുന്ന എപ്പിങ്ങിലെ വീടിനുള്ളിലെ കിടപ്പുമുറിയിൽ സാം മരിച്ചനിലയിൽ കാണപ്പെട്ടത് 2015 ഒക്ടോബർ 14ന് ആയിരുന്നു. ഹൃദയാഘാതം മൂലം ആണു സാം മരിച്ചതെന്നു വീട്ടുകാരെ വിശ്വസിപ്പിച്ച ഭാര്യ സോഫിയ, മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്കരിച്ചശേഷം മെൽബണിലേക്കു മടങ്ങി.

മരിക്കുന്നതിനു മൂന്നുമാസം മുൻപു റെയിൽവേ സ്റ്റേഷനിൽ സാമിനെതിരെ ഉണ്ടായ വധശ്രമം സംബന്ധിച്ച അന്വേഷണത്തിനിടെയാണു മരണം സംബന്ധിച്ചു പൊലീസിനു സംശയം ജനിച്ചത്‌. ഇതെത്തുടർന്ന് ഒൻപതു മാസത്തോളം സോഫിയയുടെയും അരുണിന്റെയും ടെലിഫോൺ സംഭാഷണങ്ങൾ നിരീക്ഷിക്കുകയും മറ്റു തെളിവുകൾ ശേഖരിക്കുകയും ചെയ്തശേഷം 2016 ഓഗസ്റ്റ്‌ 12ന് ആണ് ഇരുവരെയും മെൽബൺ പൊലീസ് അറസ്റ്റ് ചെയ്തത്. അന്നു മുതൽ ഇരുവരും റിമാൻഡിൽ കഴിയുകയാണ്.