Latest News

കാനഡയില്‍ ചാലക്കുടി സ്വദേശി കാറപകടത്തില്‍ മരണപ്പെട്ട സംഭവത്തില്‍ 59 വയസുകാരിക്കെതിരെ കേസെടുത്തു; ബിഷോയുടെ മൃതദേഹം വെള്ളിയാഴ്ച പൊതു ദര്‍ശനത്തിന്

2017-06-29 02:54:48am |

കാനഡയില്‍ ചാലക്കുടി സ്വദേശി ബിഷോ വര്‍ഗ്ഗീസ് (35) മരിച്ച ട സംഭവത്തില്‍ വൃദ്ധയ്‌ക്കെതിരേ കേസെടുത്തു. 59 വയസുകാരിയായ വയോധികയ്‌ക്കെതിരേയാണ് മോശം ഡ്രൈവിങിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശനിയാഴ്ച ബിഷോയുടെ മരണത്തിന് ഇടയാക്കിയ കാറപകടം ഇവരുടെ അശ്രദ്ധമൂലമാണ് ഉണ്ടായതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജോലി കഴിഞ്ഞ മടങ്ങവെയാണ് ബിഷോയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. രാത്രി 10.10ഓടെ ഹൈവേ 18, 39 എന്നിവയുടെ ഇന്റര്‍സെക്ഷനിലാണ് എസ്‌യുവിയും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

അപകടത്തില്‍ 28കാരനായ കാര്‍ ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബെയിന്‍ഫെയിറ്റില്‍ നിന്നുള്ള സ്ത്രീക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരുടെ അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടകാരണമായത്. ഇവരെ ഓഗസ്റ്റ് 14ന് രാവിലെ 9.30ന് ഈസ്റ്റവന്‍ പ്രൊവിന്‍ഷ്യല്‍ കോടതിയില്‍ ഹാജരാക്കും.

ബിഷോ കളപ്പുരക്കല്‍ എം ആന്‍ഡ് എച്ച് ടാക്‌സി ലിമിറ്റഡില്‍ ജോലി നോക്കുകയാണ്. അപകടം നടക്കുന്ന സമയത്ത് ബിഷോ ഒരു കോളില്‍ ആയിരുന്നു. ജിം ഹല്ലാഡേയുടെ ഉടമസ്ഥതയിലുള്ളതാണ് ടാക്‌സി കമ്പനി. രണ്ട് വര്‍ഷത്തോളമായി ബിഷോ കമ്പനിക്കുവേണ്ടി ജോലി ചെയ്യുന്നതായി ഹല്ലാഡേ വ്യക്തമാക്കി. ബിഷോയുടെ ഭാര്യ ജോബി കാനഡയില്‍ നഴ്‌സാണ്. ഏക സഹോദരി യുകെയിലാണ്.

മൃതദേഹം റഗിനയിലെ പാസ്‌ക്വ ഹോസ്പിറ്റലില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയിട്ടുണ്ട്. വിക്ടോറിയ ഫ്യൂണറല്‍ ഹോമിന് മൃതദേഹം കൈമാറിയിട്ടുണ്ട്. വെള്ളിയാഴ്ച മൃതദേഹം കാനഡയിലെ ബിഷോയുടെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി പൊതുദര്‍ശനത്തിന് വയ്ക്കും. ജൂലൈ 12ന് മൃതദേഹം നാട്ടിലേക്ക് പുറപ്പെടുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. റഗിന മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരെല്ലാം തന്നെ ബിഷോയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയുമായി രംഗത്തുണ്ട്.