Latest News

നിർദിഷ്ട എരുമേലി വിമാനത്താവളം പ്രവാസികൾക്കു നേട്ടം; കോട്ടയം, പത്തനംതിട്ട, മേഖലകളിൽ നിന്നു യാത്രാ സൗകര്യം മെച്ചമാകും

2017-07-21 02:33:48am |

എരുമേലി∙ ശബരിമല തീർഥാടകരുടെ സൗകര്യാർഥം കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിൽ ബിലീവേഴ്സ് ചർച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിൽ നിർമിക്കാൻ തീരുമാനിച്ച നിർദിഷ്ട വിമാനത്താവളം പ്രവാസികൾക്കും കൂടുതൽ പ്രയോജനകരം. കോട്ടയം, പത്തനംതിട്ട, റാന്നി കുമ്പനാട്, തിരുവല്ല ,കോഴഞ്ചേരി മേഖലകളിൽ നിന്നു വിദേശത്തു ജോലി ചെയ്യുന്നവർക്കു യാത്രാ സൗകര്യം മെച്ചമാകും. 

കോട്ടയം, ഇടുക്കി ജില്ലകളിലെയും തമിഴ്നാട്ടിലെ കമ്പം, തേനി,ഗുഡല്ലൂർ, ദിണ്ഡിഗൽ , മധുര മേഖലകളിലെയും ആളുകൾക്കും വിമാനത്താവളം ഏറെ പ്രയോജനകരമാകും. ഭാവിയിലെ ആവശ്യം കൂടി കണക്കിലെടുത്താണു രാജ്യാന്തര വിമാനത്താവളം തന്നെ നിർമിക്കാനുള്ള നീക്കം.ശബരിമലയിലേക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കു പുറമേ ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽനിന്നു തീർഥാടകരെത്തുന്നുണ്ട്. മണ്ഡലകാലത്തു ക്വാലലംപുരിൽനിന്നുൾപ്പെടെ കൊച്ചിയിലേക്കു പ്രത്യേക വിമാന സർവീസുകൾ ഇപ്പോൾത്തന്നെ നടത്തുന്നുണ്ട്. 

സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിന്റെ കണക്കുകൾ പ്രകാരം കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി 2.75 ലക്ഷം പ്രവാസികളാണുള്ളത്. മൂന്നുവർഷത്തിനിടെ കേരളത്തിൽനിന്നു വിദേശരാജ്യങ്ങളിലേക്കു തൊഴിൽ തേടിപ്പോകുന്നവരുടെ എണ്ണം ഒന്നരലക്ഷത്തിലേറെ കുറഞ്ഞപ്പോൾ പ്രവാസികളുടെ എണ്ണത്തിൽ അരലക്ഷത്തോളം പേരുടെ വർധന ഉണ്ടായ ഒരേയൊരു ജില്ലയാണു കോട്ടയം.

ഇപ്പോൾ മധ്യതിരുവിതാംകൂറിൽ നിന്ന് 100–150 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പലരും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്നത്. കൊച്ചി, ആലുവ, അങ്കമാലി പോലുള്ള നഗരങ്ങളിലെ ഗതാഗതക്കുരുക്ക് വിമാനത്താവളത്തിലേക്കുള്ള യാത്രാ സമയം വർധിപ്പിക്കുന്നുമുണ്ട്.  

ബ്രിട്ടിഷുകാർ പറന്നു നടന്ന് കണ്ടെത്തിയ എസ്റ്റേറ്റ്

എരുമേലി∙ ചെറുവള്ളി എസ്റ്റേറ്റിന് ഒരു നൂറ്റാണ്ടിന് അടുത്തു പഴക്കമുണ്ട്.  ബ്രിട്ടിഷ് ഭരണകാലത്തു സായിപ്പന്മാർ ഹെലികോപറ്ററിൽ പറന്നു നടത്തിയ സർവേയിലാണു റബർ കൃഷിക്ക് അനുയോജ്യമായ ഈ സ്ഥലം കണ്ടെത്തിയത് – ഏകദേശം 2500 ഏക്കർ. ഹാരിസൺ പ്ലാന്റേഷന്റെ കൈവശമിരുന്ന ചെറുവള്ളി എസ്റ്റേറ്റ് പിന്നീടു കൈമാറ്റം വഴി ആർപിജി ഗോയങ്ക ഗ്രൂപ്പിനു ലഭിച്ചു. 12 വർഷം മുൻപാണു ബിലീവേഴ്സ് ചർച്ച് ഏറ്റെടുക്കുന്നത്. അതിനുശേഷം ഇതിന്റെ പേര് ബിസി ചെറുവള്ളി എസ്റ്റേറ്റ് എന്നായി. 

കേരളത്തിലെ ആദ്യകാല റബർ എസ്റ്റേറ്റുകളിലൊന്നാണിത്. തമിഴ് വംശജർക്കു പുറമെ നാട്ടുകാരും ഇവിടെ തൊഴിലാളികളായി‌എത്തി.എസ്റ്റേറ്റിൽ സ്കൂൾ, ആശുപത്രി, ചന്ത അടക്കമുള്ള സൗകര്യങ്ങൾ ആദ്യകാലത്തുണ്ടായിരുന്നു. ഇപ്പോൾ തൊഴിലാളികളുടെ എണ്ണം കുറഞ്ഞു. പലരും എസ്റ്റേറ്റിലെ ജോലി വിട്ട് പുറംജോലികളിലേക്കു തിരിഞ്ഞു.

ചെറുവള്ളി എസ്റ്റേറ്റിന് ഏറ്റവും അടുത്തുള്ള പട്ടണം എരുമേലിയാണ്. തീർഥാടന കാലത്തു മാത്രം പ്രാധാന്യമുള്ള എരുമേലിക്ക് ഇനി വിമാനത്താവളത്തിന് അടുത്തുള്ള പട്ടണം എന്ന പ്രാധാന്യം കൂടി ഉണ്ടാവുന്നതോടെ വൻ വികസനക്കുതിപ്പാണു സംഭവിക്കുക.   സമീപ ഗ്രാമങ്ങളായ മുക്കട, ചാരുവേലി, കരിമ്പിൻതോട്, കനകപ്പലം, മണിമല, പൊന്തൻപുഴ, കരിമ്പനക്കുളം, കരിക്കാട്ടൂർ, വെച്ചൂച്ചിറ, മുക്കൂട്ടുതറ, കണ്ണിമല. കണമല, ചാത്തൻതറ, ഇടകടത്തി, ഉമിക്കുപ്പ എന്നിവിടങ്ങളിലും വികസന സാധ്യതയേറെ.