Latest News

മൃതദേഹം നാട്ടിലെത്തിക്കൽ: സമയപരിധി വയ്ക്കരുതെന്ന് യുഎഇയിൽ ആവശ്യം

2017-07-26 03:28:37am |

ദുബായ് ∙ വിദേശത്തുനിന്നു മൃതദേഹം നാട്ടിലെത്തിക്കുന്നതിനു 48 മണിക്കൂർ മുൻപ് രേഖകൾ എത്തിക്കണമെന്ന സമയപരിധി 12 മണിക്കൂറായി കുറച്ചെങ്കിലും പ്രായോഗികമല്ലെന്നു ഗൾഫിലെ സാമൂഹിക പ്രവർത്തകർ. എംബാമിങ്ങിനുശേഷം മൃതദേഹവും എംബാമിങ് സർട്ടിഫിക്കറ്റും ഒന്നിച്ചാണു ലഭിക്കുന്നത്.

തുടർന്നു രേഖകൾ അയച്ച് 12 മണിക്കൂർ കാത്തിരിക്കേണ്ടിവരും. ഈ സമയം മൃതദേഹം എവിടെ സൂക്ഷിക്കുമെന്നു സാമൂഹിക പ്രവർത്തകർ ചോദിച്ചു. സമയപരിധി പന്ത്രണ്ടുമണിക്കൂറായി കുറച്ച കേന്ദ്ര സർക്കാരിന്റെ സർക്കുലർ അംഗീകരിച്ചു ഹൈക്കോടതി വിധി പുറപ്പെടുവിച്ചെങ്കിലും ഇക്കാര്യത്തിൽ കോടതിയെ നിജസ്ഥിതി അറിയിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നു സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ അവാർഡ് ജേതാവുമായ അഷ്റഫ് താമരശേരി പറഞ്ഞു.

ഇക്കാര്യത്തിൽ നിർദിഷ്ട സമയപരിധി വയ്ക്കാതെ നടപടികൾ പൂർത്തിയാക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അഷ്റഫ് പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു 48 മണിക്കൂർ മുൻപു രേഖകൾ നാട്ടിലെ ബന്ധപ്പെട്ട വിമാനത്താവളത്തിൽ എത്തിക്കണമെന്ന കോഴിക്കോട് വിമാനത്താവളത്തിലെ ഹെൽത്ത് ഓഫിസറുടെ സർക്കുലർ ഈ മാസം ആദ്യം ഇറങ്ങിയതുമുതലാണു പ്രതിസന്ധി ഉടലെടുത്തത്. ഡെത്ത് സർട്ടിഫിക്കറ്റ്, എംബാമിങ് സർട്ടിഫിക്കറ്റ്, പാസ്പോർട്ടിന്റെ പകർപ്പ്, എംബസിയിൽനിന്നുള്ള എൻഒസി എന്നിവ 48 മണിക്കൂറിനു മുൻപ് എയർപോർട്ടിൽ ലഭിക്കണമെന്നായിരുന്നു സർക്കുലറിലെ വ്യവസ്ഥ.

നിലവിലിരുണ്ടായിരുന്ന കേന്ദ്രസർക്കാർ നിയമമാണിതെന്ന വാദം ഉയർന്നെങ്കിലും പ്രവാസികൾ പ്രായോഗിക ബുദ്ധിമുട്ട് ഉയർത്തിക്കാട്ടി പ്രതിഷേധിച്ചതിനെ തുടർന്നു വ്യവസ്ഥയിൽ മാറ്റം വരുത്തുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നു. കോടതിയെ സമീപിച്ചതിനെ തുടർന്നു നിയമം മരവിപ്പിക്കുകയും ചെയ്തു. എന്നാൽ സമയപരിധി 12 മണിക്കൂറാക്കി കുറച്ച കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവു കോടതി അംഗീകരിക്കുകയായിരുന്നു. സമയം കൂട്ടിയാലും കുറച്ചാലും പ്രശ്നം നിലനിൽക്കുന്നതായി അഷ്റഫ് താമരശ്ശേരി പറഞ്ഞു. സർക്കുലർ ഇറങ്ങിയതോടെ ഷാർജയിൽനിന്നു മൃതദേഹങ്ങൾ കോഴിക്കോട്ടേക്ക് അയയ്ക്കുന്നതു തടസ്സപ്പെട്ടിരുന്നു.

പ്രതിദിനം അഞ്ചു മുതൽ പത്തുവരെ ഇന്ത്യക്കാർ യുഎഇയിൽ മരിക്കുന്നുണ്ട്. എംബാമിങ്ങിനുശേഷം ഇത്രയും മൃതദേഹം സൂക്ഷിക്കാൻ നിലവിൽ സൗകര്യമില്ല. സാധാരണ മരണമാണെങ്കിലും പുതിയ സർക്കുലർ അനുസരിച്ചു 12 മണിക്കൂറിനു ശേഷമേ മൃതദേഹം നാട്ടിലെത്തിക്കാനാവൂ. ഇത് ഇവിടെയും നാട്ടിലുമുള്ള ബന്ധുക്കളെ ഏറെ പ്രയാസത്തിലാക്കും. അതുകൊണ്ടുതന്നെ നടപടി പൂർത്തിയാക്കിയ മൃതദേഹം ഉടനെ നാട്ടിൽ അയയ്ക്കാനുള്ള സംവിധാനം ഉണ്ടാകണമെന്നും സമയനിഷ്ട പൂർണമായും എടുത്തുകളയണമെന്നുമാണ് ആവശ്യം. മൃതദേഹം തൂക്കി നിരക്ക് ഈടാക്കുന്ന പ്രവണതയും അവസാനിപ്പിക്കേണ്ടതുണ്ടെന്നും സാമൂഹിക പ്രവർത്തകർ പറയുന്നു.