Latest News

മരുജീവിതത്തിന്റെ മണമുള്ള കഥയുമായി ഒരു പ്രവാസി മലയാളി കൂടി സിനിമയിലേയ്ക്ക്

2017-08-19 02:29:48am |

മരുഭൂമി ജീവിതത്തിന്റെ ചൂടും ചൂരുമുള്ള കഥയുമായി ഒരു പ്രവാസി മലയാളി കൂടി സിനിമാ ലോകത്തേയ്ക്ക്. റാസൽഖൈമയിൽ ബിസിനസുകാരനായ പാലക്കാട് കുമരനല്ലൂർ സ്വദേശി ബഷീർ കൊള്ളനൂരാണ് എഴുത്തിന്റെ വഴിയിലൂടെ വെള്ളിവെളിച്ചത്തിലേയ്ക്ക് പ്രവേശിക്കുന്നത്. അക്കു അക്ബർ സംവിധാനം ചെയ്യുന്ന പേരിനൊരാൾ എന്ന പുതിയ ചിത്രത്തിൻ്റെ രചന നിർവഹിച്ചത് ബഷീറാണ്.

സുരാജ് വെഞ്ഞാറമൂട്, ആഭിജ ശിവകല എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പേരിനൊരാൾ പ്രവാസിയുടെ ജീവിത പ്രശ്നമാണ് പറയുന്നത്.

basheer-22

കേരളത്തിൽ ചിത്രീകരണം പുരോഗമിച്ചുവരുന്ന ചിത്രത്തിൽ ഇമ്മാനുവൽ എന്ന കഥാപാത്രത്തെ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നു. ഇദ്ദേഹം ഏറെ കാലം ഒമാനിൽ ജീവിച്ച ശേഷം നാട്ടിലേയ്ക്ക് മടങ്ങിപ്പോകുന്ന പ്രവാസിയാണ്. തുടർന്ന് നാട്ടിൽ അദ്ദേഹം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയം. പേരറിയാത്തവർ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ സുരാജിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരേടായിരിക്കും ഇൗ ചിത്രമെന്ന് ബഷീർ പറയുന്നു. ശ്രീലങ്കൻ ഭാര്യയോടും മകളോടുമൊപ്പം 20 വർഷത്തോളം സലാലയിൽ കർഷകനായി കഴിഞ്ഞ ഇമ്മാനുവലും നാട്ടിലേയ്ക്ക് എത്തുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ആക് ഷൻ ഹീറോ ബിജുവിലെ ഹ്രസ്വമായ കഥാപാത്രത്തെ തീക്ഷ്ണതയോടെ അവതരിപ്പിച്ചത് കണ്ടാണ് സംവിധായകനും തിരക്കഥാകൃത്തും ഇമ്മാനുവല്‍ ആയി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഇതേ ചിത്രത്തിലെ അഭിനയം കണ്ടാണ് ശ്രീലങ്കൻ യുവതിയുടെ റോളിലേയ്ക്ക് ആഭിജാ ശിവകലയെ ഉറപ്പിച്ചത്. സുധീർ കരമന മറ്റൊരു പ്രധാന കഥാപാത്രമായി വരുന്നു. സായ്കുമാർ, അൻവർ, നോബി, അനുമോൾ, സേതു ലക്ഷ്മി, ബേബി മധുരിമ എന്നിവരും വേഷമിടുന്നു. കേരളത്തിൽ തൊടുപുഴ കൂടാതെ, സലാല, ചെന്നൈ എന്നിവിടങ്ങളിലാണ് പേരിനൊരാൾ ചിത്രീകരിക്കുന്നത്.

basheer-1

ചെറുപ്പത്തിലേ എഴുത്തിലും വായനയിലും തത്പരനായിരുന്ന ബഷീർ കൊള്ളനൂർ പിന്നീട്, പ്രവാസിയായി ബിസിനസ് രംഗത്ത് മുഴുകിയതോടെ ഇൗ രംഗവുമായുള്ള ബന്ധം വിട്ടുപോയിരുന്നു. പിന്നീട്, ദുബായിൽ ഹോമിയോ ഡോക്ടറായ ഹിറ്റ് തിരക്കഥാകൃത്ത് ഇഖ്ബാൽ കുറ്റിപ്പുറത്തിൻ്റെ പ്രോത്സാഹനമാണ് തന്നെയൊരു തിരക്കഥാകൃത്താക്കി മാറ്റിയതെന്ന് ബഷീർ പറയുന്നു. ഇതിനകം അറുപതോളം ചെറുകഥകളും പതിനഞ്ച് ടെലിഫിലിമുകൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്. കഥകളുടെ വിളനിലമായ ഗൾഫിൽ നിന്ന് തന്നിലൂടെ മലയാള സിനിമയ്ക്ക് ഏറെ സംഭാവനകൾ ലഭിക്കുമെന്ന് ഇൗ യുവാവ് പ്രതീക്ഷിക്കുന്നു.

സുനിതാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.മണി നിർമിക്കുന്ന പേരിനൊരാളിന്റെ സംഭാഷണം രചിച്ചത് ജെമിൻ സിറിയക്കാണ്. സംഗീതം സൗദിയിൽ ജനിച്ച് വളർന്ന് മലയാള സംഗീത ലോകത്ത് സ്ഥാനമുറപ്പിച്ച യുവ സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ്. ഗാനങ്ങൾ: എസ്. രമേശൻ നായർ, വയലാർ ശരത് ചന്ദ്രവർമ. ഛായാഗ്രഹണം: വിഷ്ണു നാരായണൻ. എഡിറ്റിങ്: ലിജോ പോൾ.