Latest News

‘കരാർ വിവാഹ’ത്തിനെത്തിയ ഗൾഫ് സംഘം പിടിയിൽ; ഇരകളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും

2017-09-21 02:11:00am |

ഹൈദരാബാദ് ∙ പ്രാദേശിക സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ‘കരാർ വിവാഹം’ ചെയ്യുന്ന സംഘത്തെ ഹൈദരബാദ് പൊലീസ് പിടികൂടി. ഗൾഫ് രാജ്യങ്ങളിലെയും മിഡിൽ ഈസ്റ്റിലേയും വ്യക്തികൾ ഉൾപ്പെടെയുള്ള 20 പേരെയാണ് പൊലീസ് പിടികൂടിയത്. എട്ടുപേർ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള അറബി പ്രമാണിമാരാണെന്ന് പൊലീസ് പറഞ്ഞു. വിവാഹം നടത്താനെത്തിയ മൂന്നു പേർ, നാല് ലോഡ്ജ് ഉടമകൾ, അഞ്ച് ബ്രോക്കർമാർ എന്നിവരെയും പിടികൂടി. ഇവരാണ് വിവാഹം നടത്താൻ മധ്യസ്ഥത നിൽക്കുന്നതെന്ന് ഡപ്യൂട്ടി കമ്മിഷണർ ഒാഫ് പൊലീസ് (ദക്ഷിണ മേഖല) വി. സത്യനാരായണ പറഞ്ഞു.

രണ്ട് പ്രായപൂർത്തിയാകത്ത പെൺകുട്ടികൾ ഉൾപ്പെടെ ഇരുപതോളം സ്ത്രീകളെ സംഘത്തിൽ നിന്നും രക്ഷിച്ചു. പെൺകുട്ടികളെയും സ്ത്രീകളെയും നാടുകടത്താനായിരുന്നു പദ്ധതിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇത്തരം ‘കരാർ വിവാഹങ്ങൾ’ ഹൈദരാബാദിൽ നടക്കാറുണ്ടെന്ന് അധികൃതർ അറിയിച്ചു. രേഖകളിൽ കൃത്രിമത്വം കാണിച്ചാണ് വിവാഹങ്ങൾ നടക്കാറ്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളാണ് ഇത്തരം വിവാഹങ്ങൾക്ക് ഇരയാകുന്നത്. ഇടനിലക്കാർ വഴി പെൺകുട്ടികളെ വിദേശിയർക്ക് വിൽക്കുകയാണ് ചെയ്യുകയെന്നും പൊലീസ് പറ‍ഞ്ഞു.