Latest News

പാടുന്നതിനിടെ ജീവന്‍ കൈയിലെടുത്ത്ജാസണ്‍ ഓടി ; ഇതു നമ്മുടെ സ്റ്റീഫനോ? വിശ്വാസിക്കാനാകാതെ ബന്ധുക്കള്‍ ; ആഘോഷത്തിനായി മാന്‍ഡലേ ബേ ഹോട്ടലില്‍ തടിച്ചു കൂടിയത് 22,000 പേര്‍

2017-10-04 01:44:01am |

ലാസ് വെഗാസ്: പ്രാദേശിക സമയം രാത്രി 9.40. റൂട്ട് 91 ഹാര്‍വെസ്റ്റ് ഫെസ്റ്റിവലില്‍ ജാസണ്‍ അല്‍ദിയാന്‍ പാടിത്തകര്‍ക്കുകയായിരുന്നു. ജനക്കൂട്ടത്തിന്റെ ആവേശം വേദിയിലേക്ക് ഇരച്ചുകയറുമെന്ന അവസ്ഥ...പെട്ടെന്നായിരുന്നു വെടിയൊച്ച ഉയര്‍ന്നത്. പടക്കത്തിന്റെ ശബ്ദമാകാമെന്നായിരുന്നു പലരുടെയും ധാരണ. സത്യം പുറത്തുവരാന്‍ നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ. ജനക്കൂട്ടത്തിനിടയിനിന്നു നിലവിളി ഉയര്‍ന്നു. വെടിവയ്‌പ്പെന്ന് ആരോ അലറിവിളിച്ചു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ജാസണ്‍ വേദിയില്‍നിന്ന് ഓടിരക്ഷപ്പെട്ടു.

ആരാധകരുടെ പ്രശ്‌നങ്ങള്‍ അവിടെയും തീര്‍ന്നില്ല. നിലവിളിച്ചുകൊണ്ട് ഓടി രക്ഷപ്പെടാന്‍ ചിലര്‍ ശ്രമിച്ചു. നിലത്തുകിടന്ന് വെടിയേല്‍ക്കാതിരിക്കാന്‍ മറ്റു ചിലരും. നിലത്തുകിടന്നവര്‍ക്കു മുകളിലൂടെ മറ്റുള്ളവര്‍ പാഞ്ഞു. ഒരു നിമിഷം വെടിയൊച്ച നിന്നു. ആശ്വാസത്തോടെ ചിലരെങ്കിലും തലയുയര്‍ത്തി. ഓട്ടോമാറ്റിക് ഗണ്ണില്‍ വെടിയുണ്ട നിറയ്ക്കാന്‍ അപ്പോള്‍ അക്രമി ശ്രമിക്കുകയായിരുന്നു. ഒന്നും അവസാനിച്ചിരുന്നില്ല. നിമിഷങ്ങള്‍ക്കകം വീണ്ടും വെടിയൊച്ച... ''സന്തോഷം വേദനയ്ക്കു വഴിമാറിയ ഭീകര നിമിഷങ്ങള്‍ക്കാണു ഞാന്‍ സാക്ഷ്യം വഹിച്ചത്. എന്നെകാണാനെത്തിയവര്‍ കൊല്ലപ്പെട്ടതറിഞ്ഞു ഹൃദയം നുറുങ്ങുന്നു''- ജാസണ്‍ അല്‍ദിയാന്‍ പ്രതികരിച്ചു. തന്റെ ട്രൂപ്പിലുള്ളവരെല്ലാം സുരക്ഷിതരാണെന്ന് അദ്ദേഹം പറഞ്ഞു.

 

22,000 ജനങ്ങളാണ് ആഘോഷത്തിനായ മാന്‍ഡലേ ബേ ഹോട്ടലില്‍ മൂന്നു ദിവസത്തെ റൂട്ട് 91 ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒത്തുചേര്‍ന്നത്. അവധി ആഘോഷിക്കുന്നതിന്റെ തിരക്കിലായിരുന്നു പലരും. വെടിയേറ്റ മുറിവുകളില്‍നിന്നു രക്തമൊഴുക്കിക്കൊണ്ട് രക്ഷപ്പെടാന്‍ പരക്കംപായുന്ന സംഗീത പ്രേമികള്‍... രക്ഷപ്പെടാന്‍ മാര്‍ഗമെന്തെന്നറിയാത്ത ജനക്കൂട്ടം. ഉല്ലാസ നഗരമായ ലാസ് വെഗാസിന് ആ കാഴ്ചകള്‍ നല്‍കിയ ആഘാതം കനത്തതാണ്.

സമീപപ്രദേശങ്ങളിലും വെടിവയ്പ് നടക്കുന്നുണ്ടെന്നും കാര്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നുമുള്ള അഭ്യൂഹം കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിച്ചു. തൊട്ടടുത്തുള്ള മക്കാരന്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ അല്‍പ്പനേരത്തേക്ക് നിര്‍ത്തിവച്ചു. ഉല്ലാസത്തിനും ഷോപ്പിങ്ങിനും ചൂതാട്ടത്തിനും നിശാ€ബുകള്‍ക്കും പേരുകേട്ട ആഡംബരനഗരമാണ് ലാസ് വെഗാസ്. ഓരോ വര്‍ഷവും 35 ലക്ഷത്തോളം സന്ദര്‍ശകര്‍ ഇവിടെയെത്തുന്നുണ്ടെന്നാണു കണക്ക്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 12-നു ഫ്‌ളോറിഡയിലെ ഓര്‍ലാഡോയില്‍ നിശാ€ബിലുണ്ടായ ആക്രമണത്തെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് ലാസ് വെഗാസിലുണ്ടായത്. ഓര്‍ലാന്‍ഡോയില്‍ 49 പേര്‍ കൊല്ലപ്പെട്ട വെടിവയ്പിനെയും കവച്ചുവച്ച ലാസ് വേഗാസ് സംഭവം യു.എസ്. ചരിത്രത്തില്‍ ഏറ്റവും വലിയ കൂട്ടക്കുരുതികളിലൊന്നായി.

ലാസ് വെഗാസ്: സ്റ്റീഫന്‍ പാഡോക്ക്, 64 വയസ്.
ജോലി: ഓഡിറ്റര്‍, െപെലറ്റ്
ഹോബി: മീന്‍പിടിത്തം.

ലാസ് വെഗാസ് വെടിവയ്പ്പിനു തൊട്ടുപിന്നാലെ സ്റ്റീഫനെ അന്വേഷിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരുടെ കണ്ടെത്തലാണിത്. പക്ഷേ, ഇയാള്‍ക്ക് ക്രിമിനലെന്ന നിലയില്‍ ഒരു ഭൂതകാലമില്ലെന്നു നാട്ടുകാരും പോലീസും ഏകസ്വരത്തില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി മെസ്‌കിറ്റില്‍ 2.7 കോടി രൂപ വില മതിക്കുന്ന വീട്ടിലായിരുന്നു താമസം. 2015 ല്‍ സര്‍വീസില്‍നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച പണം ഉപയോഗിച്ചാണ് ഈ വീട് വാങ്ങിയത്. ഇയാള്‍ നേരത്തെ കാലിഫോര്‍ണിയയിലും ഫ്‌ളോറിഡയിലും താമസിച്ചിട്ടുണ്ടെന്നും രേഖകളിലുണ്ട്.

ലോക്ഹീഡ് മാര്‍ട്ടിനില്‍ ഇന്റേണല്‍ ഓഡിറ്റര്‍ എന്ന നിലയിലാണു പലര്‍ക്കും സ്റ്റീഫനെ പരിചയം. ഏഷ്യക്കാരിയായ മാരിലു ഡാന്‍ലി(62)യാണു ജീവിത പങ്കാളി. മീന്‍പിടിത്തത്തിനും വേട്ടയാടലിനുമുള്ള െലെസന്‍സ് സ്റ്റീഫനുണ്ടെന്നാണു നെവാഡ സംസ്ഥാനത്തുള്ള രേഖകളിലുള്ളത്. ഇയാള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ അക്കൗണ്ടുള്ളതായി കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ മാസം 28 നാണ് ആക്രമണം ഉണ്ടായ മാന്‍ഡലേ ബേ കാസിനോ ഹോട്ടലിലെത്തിയത്. സാമ്പത്തികമായി മികച്ച നിലയിലാണ് സ്റ്റീഫന്‍. സ്വന്തമായി രണ്ട് ചെറുവിമാനങ്ങളുണ്ട്. ഇത് പറത്താന്‍ െലെസന്‍സും.

ലാസ് വെഗാസില്‍ സംഗീതപരിപാടിക്കിടെ ആക്രമണം നടത്തിയത് സ്റ്റീഫന്‍ പാഡോക്കാ(64)ണെന്ന തിരിച്ചറിവില്‍ നടുങ്ങിയെന്നാണു ബന്ധുക്കളുടെ നിലപാട്. സ്റ്റീഫനു ഭീകര സംഘടനകളുമായി ബന്ധമില്ലെന്നു സഹോദരന്‍ എറിക് പാഡോക് അറിയിച്ചു. 2015 നവംബര്‍ 13-ന് ഫ്രാന്‍സിലെ സാന്‍ ഡെയ്‌നില്‍ ബറ്റാക്ലാന്‍ തിയറ്ററില്‍ സംഗീതപരിപാടിക്കിടെയുണ്ടായ വെടിവയ്പില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു.