Latest News

നെറ്റ് വഴി കിട്ടിയ ‘കൂട്ടുകാരിയെ’ കണ്ടപ്പോൾ ഞെട്ടി; ദുബായിൽ എത്തിയ വിനോദ സഞ്ചാരിക്ക് ധനനഷ്ടവും മാനഹാനിയും

2017-10-11 01:28:51am |

ദുബായ് ∙ പണം നൽകി സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ദുബായിൽ എത്തിയ സ്വദേശി വിനോദ സഞ്ചാരിക്ക് കിട്ടിയത് ‘എട്ടിന്റെ പണി’. നൈജീരിയൻ യുവതിയും രണ്ടു സുഹൃത്തുക്കളും ചേർന്ന് ഇയാളുടെ നഗ്നചിത്രങ്ങൾ പകർത്തുകയും പണം തട്ടുകയും ചെയ്തുവെന്നാണ് പരാതി. സംഭവം ഇങ്ങനെ: ഡേറ്റിങ് ആപ് വഴി യൂറോപ്യൻ യുവതിയുമായി ചാറ്റ് ചെയ്തതിനു ശേഷം ഒാഗസ്റ്റിൽ ദുബായിലെ ഹോട്ടലിൽ എത്താനായിരുന്നു തീരുമാനം. ഇവരുടെ ചിത്രങ്ങള്‍ വിനോദസഞ്ചാരി ആപ് വഴി കണ്ടിരുന്നു. 

മുൻനിശ്ചയിച്ചതു പ്രകാരം ഇയാൾ ഹോട്ടലിൽ എത്തി. എന്നാൽ, മുറിയിൽ ഉണ്ടായിരുന്നത് ഒരു നൈജീരിയൻ യുവതിയായിരുന്നു. താൻ ചാറ്റ് ചെയ്തിരുന്ന 22 വയസുള്ള യൂറോപ്യൻ വനിതയെക്കുറിച്ച് വിനോദ സഞ്ചാരി ചോദിച്ചപ്പോൾ, അവൾ തനിക്കൊപ്പമുണ്ടെന്നും ഒരു മിനിറ്റിനുള്ളിൽ വരുമെന്നും പറഞ്ഞ് അവർ ശുചിമുറിയിലേക്ക് കയറി. ഏതാനും നിമിഷത്തിനുശേഷം ആഫ്രിക്കൻ യുവതി അർധനഗ്നയായി വരികയും താനുമായാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടതെന്നും പറഞ്ഞു. എന്നാൽ, തനിക്ക് താൽപര്യമില്ലെന്ന് വിനോദ സഞ്ചാരി പറഞ്ഞു.

ഈ സമയം ഏതാണ്ട് 25, 27 വയസ് പ്രായമുള്ള രണ്ട് പുരുഷൻമാരെ സ്ത്രീ വിളിച്ചുവരുത്തുകയും വിനോദ സഞ്ചാരിയെ ബലമായി നഗ്നനാക്കി യുവതിക്കൊപ്പമുള്ള ചിത്രങ്ങള്‍ പകർത്തിയെന്നാണ് ആരോപണം. 1000 ദിർഹം നൽകിയില്ലെങ്കിൽ ഈ നഗ്നന ചിത്രങ്ങൾ ഒാൺലൈനിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. പണത്തിനുപുറമേ യുവാവിന്റെ വാച്ചും സംഘം തട്ടിയെടുത്തു. സംഭവത്തിനുശേഷം യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

എന്നാൽ, കോടതിയിൽ നൈജീരിയൻ സ്വദേശികളായ മൂന്നു പേരും കുറ്റം സമ്മതിച്ചില്ല. ആരുടെയും പണം ഭീഷണിപ്പെടുത്തി വാങ്ങിയില്ലെന്നും 500 ദിർഹം തനിക്കും 500 ദിർഹം യുവതിയ്ക്കും നൽകുകയായിരുന്നുവെന്ന് സംഘത്തിലുണ്ടായിരുന്ന 27കാരൻ പറഞ്ഞു. വിനോദസഞ്ചാരി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനായാണ് ഹോട്ടൽ മുറിയിൽ വന്നത്. അദ്ദേഹം വാച്ച് സമ്മാനമായി നൽകിയതാണെന്നും നൈജീരിയൻ സ്വദേശി പറഞ്ഞു. കേസ് ഈ മാസം 30ലേക്ക് മാറ്റി.