Latest News

ഇനി "സ്വതന്ത്ര" കാറ്റലോണിയ! ചര്‍ച്ചകള്‍ക്കായി സ്വാതന്ത്ര്യ പ്രഖ്യാപനം സസ്‌പെന്‍ഡ്‌ ചെയ്തു

2017-10-11 01:42:02am |

ബാഴ്‌സലോണ: സ്‌പെയില്‍നിന്ന്‌ സ്വാതന്ത്ര്യം പ്രഖ്യാപിച്ച്‌ കാറ്റലോണിയ. കറ്റാലന്‍ പ്രസിഡന്റ്‌ കാര്‍ലെസ്‌ പുഡിമോണ്ട്‌ ആണ്‌ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌. എന്നാല്‍, സ്‌പെയിനുമായുള്ള ചര്‍ച്ചകള്‍ക്കായി സ്വാതന്ത്ര്യ പ്രഖ്യാപനം സസ്‌പെന്‍ഡ്‌ ചെയ്യാന്‍ അദ്ദേഹം പാര്‍ലമെന്റിനോട്‌ അഭ്യര്‍ഥിച്ചു. കാറ്റലോണിയയുടെ ആവശ്യം സ്‌പെയിനും യൂറോപ്യന്‍ യൂണിയനും അംഗീകരിക്കാനിടയില്ല. കറ്റാലന്‍ ജനതയ്‌ക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള അധികാരമുണ്ട്‌. ഈ മാസം ഒന്നിനു നടന്ന ഹിതപരിശോധനാ ഫലം വ്യക്‌തമാക്കുന്നതും ഇതാണ്‌. എന്നാല്‍, രാജ്യാന്തര മധ്യസ്‌ഥ ചര്‍ച്ചകള്‍ക്ക്‌ അവസരം ഒരുക്കാനാണ്‌ വേര്‍പെടല്‍ ഉടന്‍ നടപ്പാക്കാത്തത്‌- അദ്ദേഹം കറ്റാലന്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു.

സ്വാതന്ത്ര്യനീക്കത്തില്‍നിന്നു പിന്നോട്ടില്ല. 20 ലക്ഷത്തോളമുള്ള ജനതയ്‌ക്കു സ്വാതന്ത്ര്യത്തോടും സമാധാനത്തോടെയും ജീവിക്കാന്‍ അര്‍ഹതയുണ്ട്‌. അദ്ദേഹം വ്യക്‌തമാക്കി.
സ്വാതന്ത്ര്യം പ്രഖ്യാപിക്കരുതെന്ന യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ടസ്‌കിന്റെ അഭ്യര്‍ഥന തള്ളിയാണു കറ്റാലന്‍ നേതാക്കള്‍ സ്വാതന്ത്ര്യനീക്കം നടത്തിയത്‌. യൂറോപ്പിന്റെ ഐക്യമാണു വേണ്ടതെന്നും വിഭജനം അംഗീകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. വിഭജനത്തെ അംഗീകരിക്കില്ലെന്നു സ്‌പെയിന്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. രാജ്യത്തെ പ്രധാനകേന്ദ്രങ്ങളില്‍ സപെയിന്‍ പോലീസിനെ വിന്യസിച്ചു. വിമാനത്താവളങ്ങളുടെയും പ്രധാനകേന്ദ്രങ്ങളുടെയും നിയന്ത്രണവും സ്‌പെയിന്‍ ഏറ്റെടുത്തു. സാമ്പത്തിക ഉപരോധമടക്കമുള്ള തിരിച്ചടികള്‍ നല്‍കാന്‍ സ്‌പെയിനും യൂറോപ്യന്‍ യൂണിയനും ഒരുങ്ങിയിട്ടുണ്ട്‌.

സ്‌പെയിനിന്റെ കടുത്ത എതിര്‍പ്പ്‌ അവഗണിച്ചാണു കറ്റാലന്‍ സ്വയംഭരണ സര്‍ക്കാര്‍ ഹിതപരിശോധന നടത്തിയത്‌. വോട്ടെടുപ്പ്‌ കേന്ദ്രങ്ങള്‍ പലതും പോലീസ്‌ പിടിച്ചെടുത്തു. എങ്കിലും 43 ശതമാനം പേര്‍ വോട്ട്‌ ചെയ്‌തെന്നാണു കണക്ക്‌. ഇവരില്‍ 90 ശതമാനവും പുതിയ രാജ്യത്തെ അനുകൂലിച്ചു വോട്ട്‌ ചെയ്‌തു.
കാറ്റലോണിയയ്‌ക്കു സ്വാതന്ത്ര്യം വേണമെന്ന ആവശ്യത്തിനു വര്‍ഷങ്ങള്‍ പഴക്കമുണ്ട്‌. 2012 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കാറ്റലോണിയയ്‌ക്ക് സ്വാതന്ത്ര്യം വേണമെന്ന്‌ ആവശ്യപ്പെടുന്ന കക്ഷികള്‍ വിജയിച്ചതോടെയാണു കറ്റാലന്‍ സ്വാതന്ത്ര്യത്തിനുള്ള നീക്കം ശക്‌തമായത്‌.