Latest News

ടെക്സസിൽ പ്രാർഥനക്കിടെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വെടിവെപ്പിൽ 26 പേർ കൊല്ലപ്പെട്ടു

2017-11-06 02:34:32am |

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ പ്രാർഥനക്കിടെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വെടിവെപ്പിൽ 26 പേർ കൊല്ലപ്പെട്ടു. 20 പേർക്കു ഗുരുതര പരിക്ക്. പ്രാദേശിക സമയം ഉച്ചക്ക് 11.30ന് സാൻ അന്‍റോണിയോക്ക് സമീപം വിൽസൺ കൗണ്ടി സതർലാൻഡ് സ്പ്രിങ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിലാണ് സംഭവം. പള്ളിയിലേക്ക് ഒറ്റക്കെത്തിയ അക്രമി പ്രാർഥനയിൽ പങ്കെടുക്കുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

തെക്ക്-കിഴക്കൻ സാൻ അന്‍റോണിയോക്ക് 50 കിലോമീറ്റർ അകലെയാണ് ദാരുണ സംഭവം നടന്നത്. മരിച്ചവരില്‍ അഞ്ച് മുതല്‍ 72 വയസ് വരെ പ്രാ‍യമുള്ളവര്‍ ഉൾപ്പെടുന്നു. 23 പേർ പള്ളിയിലും മൂന്നു പേർ ആശുപത്രിയിലുമാണ് മരിച്ചത്. സംഭവസമയത്ത് 70 പേർ പള്ളിയിൽ ഉണ്ടായിരുന്നു.

കറുത്ത വസ്ത്രം ധരിച്ച 26 വയസുള്ള ഡെവിന്‍ പി. കെല്ലി എന്നയാളാണ് അക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. വെടിവെപ്പിനിടയില്‍ പള്ളിയിലുണ്ടായിരുന്ന ആള്‍ തോക്ക് പിടിച്ച് വാങ്ങി അക്രമിക്ക് നേരെ വെടിയുതിര്‍ത്തു. ഇതോടെ, അക്രമി കാറില്‍ കയറി രക്ഷപ്പെട്ടു. പിന്നീട് കാര്‍ ഗുഡാലുപ് കൗണ്ടിയില്‍ ഇടിച്ച് തകര്‍ന്ന നിലയിലും അക്രമിയെ കാറിനുള്ളില്‍ മരിച്ച നിലയിലും പൊലീസ് കണ്ടെത്തി. 

സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ജപ്പാനിലുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുൻ പ്രസിഡന്‍റ് ബരാക് ഒബാമ തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ കൊണ്ടുള്ള അക്രമങ്ങൾ നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.