Latest News

ഇഷ്ടങ്ങള്‍ക്ക് വഴങ്ങാത്തതിന് ക്രൂരപീഡനം; പൈലറ്റിനെതിരെ മലയാളി എയര്‍ഹോസ്റ്റസ്– വിഡിയോ

2017-11-11 03:10:58am |

 വിമാന ജീവനക്കാരായ സ്ത്രീകള്‍ ആകാശത്ത് പീഡിപ്പിക്കപ്പെടുന്നുവെന്നതിന് തെളിവായി എയര്‍ ഇന്ത്യ എക്സ്പ്രസ് എയര്‍ഹോസ്റ്റസിന്റെ ഗുരുതര വെളിപ്പെടുത്തല്‍. ‍കോക്പിറ്റിലും വിമാനത്തിൽ ഒറ്റയ്ക്കുള്ളപ്പോഴും ശാരീരികമായി അപമാനിക്കാൻ ശ്രമം നടന്നതായി തിരുവനന്തപുരം സ്വദേശിയായ എയര്‍ഹോസ്റ്റസ് പറഞ്ഞു. മനോരമ ന്യൂസാണ് വാർത്ത പുറത്തുവിട്ടത്.

ഇംഗിതത്തിന് വഴങ്ങാത്തവരെ പരസ്യമായി അധിക്ഷേപിക്കുകയാണ് ചെയ്യുക. ക്രൂവില്‍ ഒറ്റയ്ക്കാവുമ്പോള്‍ ശല്യം വര്‍ധിക്കും. ജോലി കഴിഞ്ഞാലും രക്ഷയില്ലാത്ത അവസ്ഥയാണ്. ഫെയ്സ്ബുക് വഴിയും ശല്യപ്പെടുത്തൽ തുടരും- പീഡനങ്ങളെത്തുടര്‍ന്ന രാജിവച്ച എയർഹോസ്റ്റസ് പറ‍ഞ്ഞു. നിരന്തരം പൈലറ്റിനെതിരെ നിരവധി പരാതികള്‍ പലരായി നല്‍കിയിട്ടും അധികൃതര്‍ നടപടിക്ക് തയാറായിട്ടില്ല. ഈ പൈലറ്റിൽ നിന്നുള്ള ദുരനുഭവങ്ങൾ ഒരാളിൽ ഒതുങ്ങുന്നില്ല.

ഏറെക്കാലമായി ശല്യപ്പെടുത്തലിന് ഇരയാകാറുണ്ടെങ്കിലും പുറത്തുപറഞ്ഞിരുന്നില്ല. സെപ്തംബർ 18ന് മറ്റു ജീവനക്കാർക്കു മുന്നിൽ അപമാനിതയാക്കിയതോടെയാണ് പ്രതികരിക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് പൈലറ്റിനെതിരെ മറ്റൊരു എയര്‍ ഹോസ്റ്റസ് തിരുവനന്തപുരം വലിയതുറ പൊലീസില്‍ പരാതി നല്‍കിയത്. സംഭവം കണ്ടുനിന്ന രണ്ടുയാത്രക്കാർ പിന്തുണയുമായെത്തിയതും ധൈര്യമായി. പരാതികൾ കുമിഞ്ഞുകൂടിയിട്ടും പൈലറ്റിനെതിരെ നടപടിയെടുക്കാൻ എയർ ഇന്ത്യ ഏക്സ്പ്രസ് തയാറാവാത്തതിന്റെ ആശങ്കയിലും നിരാശയിലുമാണ് എയർഹോസ്റ്റസുമാർ. 

ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നമ്മുടെ ആകാശവും സുരക്ഷിതമല്ലെന്ന് ഗുരുതര സത്യമാണ് എയര്‍ഹോസ്റ്റസിന്റെ തുറന്നു പറച്ചിലോടെ പുറത്തുവരുന്നത്. വിമാനം ആകാശത്തേക്കുയർന്നാൽ പൈലറ്റാണ് നാഥൻ. വേലി തന്നെ വിളവു തിന്നുന്ന സാഹചര്യത്തിൽ സ്ത്രീകൾക്ക് എങ്ങിനെയാണ് വിമാനത്തിൽ അഭിമാനത്തോടെ ജോലി ചെയ്യാനാവുക എന്ന ചോദ്യമാണ് ഉയരുന്നത്.