Latest News

ത്രിലോകനാഥ ക്ഷേത്രത്തിൽ മത-ദേശങ്ങളുടെ അതിർത്തികൾ കടന്നൊരുമിന്നുകെട്ട്...

2017-11-13 01:57:51am |

സഹപാഠിയും മലയാളിയുമായ യുവാവുമായി മൂന്നുവർഷം നീണ്ട പ്രണയത്തിനൊടുവിൽ റഷ്യക്കാരി മരിയ കിസ്റ്റിക്കോവയ്ക്കു ദൈവത്തിന്റെ സ്വന്തം നാട്ടിൽ മാംഗല്യം. പ്രാവച്ചമ്പലം വെള്ളംകെട്ടുവിള ബാബുഭവനിൽ എസ്.എൻ.ബാബുവിന്റെയും സി.കോമളകുമാരിയുടെയും മകൻ റിനോ ബാബു(27)വും മോസ്കോയ്ക്കു സമീപം യരോസ്ലാവ് മാസ്കോവിസ്കിയിൽ അലക്സാണ്ടറുടെയും സ്വറ്റ്ലാനയുടെയും മകൾ മരിയ കിസ്റ്റിക്കോവ(22)യുമാണ് ഇന്നലെ രാവിലെ 8.15നും 8.45നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ വരണമാല്യം ചാർത്തി ജീവിതത്തിലേക്കു നടന്നുകയറിയത്.

റിനോയുടെ വീടിനു സമീപമുള്ള ദേവാധിദേവ ത്രിലോകനാഥ ശ്രീകൃഷ്ണ ക്ഷേത്രമായിരുന്നു വിവാഹവേദി. ഇരുവരുടെയും പ്രണയത്തിന് ഇരുവീട്ടുകാരും സമ്മതം മൂളിയതോടെ മുഹൂർത്തം നിശ്ചയിച്ചു വിവാഹക്കത്തടിച്ചു ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്ന തിരക്കായി. അഞ്ചുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.

സംഭവം നാട്ടിൽ അറിഞ്ഞതോടെ നാട്ടിലെ അപൂർവ വിവാഹം വീക്ഷിക്കാനും സാക്ഷിയാകാനും ഒട്ടേറെപ്പേർ പുലർച്ചെതന്നെ ക്ഷേത്രത്തിൽ എത്തിയിരുന്നു. മുല്ലപ്പൂവും സാരിയും ആഭരണങ്ങളും അണിഞ്ഞു തനി കേരളീയ വേഷത്തിലായിരുന്നു പ്രതിശ്രുത വധു. ഇഷ്ട ദൈവമായ ശ്രീകൃഷ്ണ ഭഗവാനു മുന്നിൽ കണ്ണുകളടച്ച് അൽപസമയം മംഗല്യ സൗഭാഗ്യത്തിനായി മരിയ പ്രാർഥിച്ചു. തുടർന്നാണു ഹിന്ദു ആചാരപ്രകാരമുള്ള ലളിതമായ വിവാഹചടങ്ങുകൾ നടന്നത്.

മൂന്നുവർഷം മുമ്പു സൈപ്രസിലെ സിഎൽടി യൂറോ കോളജിൽ എംബിഎ വിദ്യാർഥിയായി റെനോ എത്തുന്നതോടെയാണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത്. അവിടെ ബിബിഎ വിദ്യാർഥിയായിരുന്നു മരിയ. വിവാഹത്തിനു മരിയയോടൊപ്പം അമ്മയും അടുത്ത ബന്ധുവും നേരത്തേ എത്തിയിരുന്നു. റഷ്യയിലെ ബിസിനസ് കുടുംബാംഗമാണു മരിയ. തിരുവനന്തപുരത്തു വിദേശ ബാങ്കുകളുടെ കരാർ ജോലി ചെയ്യുന്ന റെനോ വിദേശത്തു താമസമാക്കാനാണ് ഉദ്ദേശിക്കുന്നത്.