Latest News

സൗദി അറേബ്യയില്‍ രാജാവ് പടിയിറങ്ങുന്നു ; മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് അടുത്തയാഴ്ച കിരീടധാരണം ; കരുതിയിരുന്നോളാന്‍ ഇറാന് മുന്നറിയിപ്പ്

2017-11-18 02:13:29am |

റിയാദ്: അഴിമതി വിരുദ്ധ കമ്മീഷന്റെ തലവനായി ചുമതലയേറ്റതിന് തൊട്ടു പിന്നാലെ രാജകുടുംബത്തിലെ 40 രാജകുമാരന്മാരെ അറസ്റ്റ് ചെയ്ത സൗദി അറേബ്യയിലെ മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അടുത്തയാഴ്ച സൗദി രാജാവായി കിരീടധാരണം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. സൗദിയുടെ രാജാവ് സല്‍മാന്‍ പടിയിറങ്ങുമെന്നും മൊഹമ്മദ് ബിന്‍ സല്‍മാന് അധികാര കൈമാറ്റം അടുത്തയാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണെന്നും പാശ്ചാത്ത്യ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അധികാരമേറ്റു കഴിഞ്ഞാല്‍ രാജകുമാരന്‍ ആദ്യം ലക്ഷ്യം വെയ്ക്കുക ഇറാനെയും ഹിസ്ബുള്‍ തീവ്രവാദികളേയുമായിരിക്കുമെന്നും പറയുന്നു. രാജകുടുംബത്തെ ഉദ്ധരിച്ചാണ് ഡെയ്‌ലിമെയ്ല്‍ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. നാടകീയമായ തിരിമറികള്‍ നടന്നില്ലെങ്കില്‍ അടുത്തയാഴ്ച തന്നെ പുതിയ ഭരണാധികാരിയെ പ്രഖ്യാപിക്കലും കിരീടധാരണവും അധികാര കൈമാറ്റവും നടക്കും. ഇത്രയുമായാല്‍ വിശുദ്ധ ദേവാലയങ്ങളുടെ ഉടമസ്ഥാന്‍ മാത്രമായി രാജാവ് മാറും. അഴിമതിയാരോപണത്തെ തുടര്‍ന്ന് 40 രാജകുമാരന്മാരെ മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത് കഴിഞ്ഞയാഴ്ച ആയിരുന്നു. അഴിമതി വിരുദ്ധ കമ്മീഷന്റെ തലവനായി നിയോഗിതനായതിന് പിന്നാലെയായിരുന്നു ഇത്. അധികാര കൈമാറ്റം നടക്കുന്നതിന്റെ ആദ്യ പടിയായിരുന്നു ഇതെന്നാണ് വിലയിരുത്തല്‍.

കിരീടധാരണത്തിന് തൊട്ടു പിന്നാലെ രാജകുമാരന്‍ എണ്ണ കാര്യത്തില്‍ മദ്ധ്യേഷ്യയിലെ തങ്ങളുടെ ഏറ്റവും വലിയ ശത്രുവായ ഇറാനിലേക്ക് ശ്രദ്ധ തിരിക്കുമെന്നും കഴിയുമെങ്കില്‍ സൈനിക നടപടി തന്നെ നോക്കിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇറാനെ സൈനികമായി സഹായിക്കുന്ന ഹിസ്ബുള്ളയെ തകര്‍ക്കാന്‍ ഇസ്രായേലിന്റെ സഹായവും സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം ഇത്തരം കാര്യങ്ങളില്‍ രാജകുടുംബത്തിലെ മുതിര്‍ന്നവരുടെ ഉപദേശം കൂടി അനുസരിച്ചായിരിക്കും നീക്കങ്ങള്‍. ഇസ്രായേലിനെ കൂടാതെ തന്നെ ഹിസ്ബുള്ളകളുടെ കേന്ദ്രമായ ലെബനനെതിരേ നീങ്ങാനും പദ്ധതിയുണ്ട്. നവംബര്‍ നാലിന് റിയാദിന് സമീപത്ത് വെച്ച് ഒരു മിസൈല്‍ ആക്രമണം സൗദി പരാജയപ്പെടുത്തിയിരുന്നു.

ഇതിന്റെ പേരില്‍ ഇറാനെയാണ് സൗദി കുറ്റപ്പെടുത്തിയത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇത് മോശമാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. സൗദി തലസ്ഥാനത്തെ ലക്ഷ്യമിട്ടുള്ള ഈ റോക്കറ്റ് യെമനില്‍ നിന്നുമായിരുന്നു തൊടുത്തത്. അതേസമയം ആരോപണം ഇറാനിയന്‍ സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്. യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത ആരോപണമെന്നാണ് ഇറാന്‍ പ്രതികരിച്ചത്.