Latest News

ദുബായ് യാത്രയിൽ ദിലീപിനൊപ്പം കാവ്യയും മീനാക്ഷിയും; പാസ്പോർട്ട് കൈപ്പറ്റി

2017-11-28 03:06:37am |

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തി പാസ്പോർട്ട് കൈപ്പറ്റി. നടന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്ററന്റിന്റെ ദുബായ് ശാഖയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ ഹൈക്കോടതി ദിലീപിന് അനുമതി നൽ‌കിയിരുന്നു. തുടർന്നാണു പാസ്പോർട്ടിനായി ദിലീപ് കോടതിയിലെത്തിയത്. ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി എന്നിവരോടൊപ്പമാണ് ദിലീപ് ദുബായിലേക്ക് യാത്ര തിരിക്കുക എന്നാണ് വിവരം. ദിലീപിന്റെ കൂടെ സംവിധായകൻ നാദിര്‍ഷായുടെ കുടുംബവുമുണ്ട്. നാദിര്‍ഷയുടെ ഉമ്മയാണു 29ന് റസ്റ്ററന്റിന്റെ ഉദ്ഘാടനം നിർവഹിക്കുക. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമർപ്പിച്ചതിനു ശേഷമാണ് ഈ യാത്ര.

ദുബായിയുടെ ഹൃദയഭാഗമായ കരാമയിൽ ആണ് പുതിയ കട തുറക്കുന്നത്. ദിലീപിന് ദുബായില്‍ ഒട്ടേറെ സുഹൃത്തുക്കളും ബിസിനസ് പാർട്ണർമാരുമുണ്ട്. നാദിർഷയും ദുബായിലെ ബിസിനസുകാരുമടക്കം അഞ്ചു പേർ ചേർന്നാണ് ദേ പുട്ട് കരാമയിൽ ആരംഭിക്കുന്നത്. നാദിർഷ നേരത്തെ തന്നെ ദുബായിൽ എത്തിയിട്ടുണ്ട്. നാദിർഷയും ദുബായിലെ പാർട്ണർമാരുമാണ് റസ്റ്ററന്റിന്റെ നിയമപരമായ രേഖകൾ തയ്യാറാക്കിയത്. ദിലീപ് അറസ്റ്റിലാകുന്നതിന് മുൻപ് തന്നെ റസ്റ്ററന്റ് ഉദ്ഘാടനത്തിന് തയ്യാറായിരുന്നു. എന്നാൽ, അറസ്റ്റോടെ അത് നീട്ടിവയ്ക്കുകയായിരുന്നു.

ദിലീപിന്റെ ജയിൽവാസം നീണ്ടുപോയതോടെ വൻ തുക ചെലവിട്ട് ഒരുക്കിയ റസ്റ്ററന്റിന്റെ ഭാവി അടഞ്ഞുപോകുമോ എന്ന ആശങ്ക ദുബായിലെ സുഹൃത്തുക്കൾക്ക് പോലുമുണ്ടായിരുന്നു. പിന്നീട്, ജാമ്യം ലഭിച്ചതോടെയാണ് അവസാന മിനുക്കു പണികൾ നടത്തി ഉദ്ഘാടനത്തിന് ഒരുക്കിയത്. ഒട്ടേറെ മലയാളി റസ്റ്ററന്റുകളുള്ള ദുബായിലെ പ്രധാനസ്ഥലമാണ് കരാമ. മലയാളി കുടുംബങ്ങൾ നിരവധി താമസിക്കുന്ന പ്രദേശം കൂടിയാണിത്. കരാമയിലെ പാർക് റെജിസ് ഹോട്ടലിന് പിൻവശത്തായി അൽ ഷമ്മാ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ദേ പുട്ട് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.