Latest News

അമ്മയ്ക്കൊപ്പം നടൻ ദിലീപ് ദുബായിലെത്തി; കാവ്യയും മീനാക്ഷിയും ഇല്ല

2017-11-29 02:45:10am |

ദുബായ്∙ താൻ പാർ‌ട്ണറായി ദുബായ് കരാമയിൽ ബുധനാഴ്ച (നാളെ) ആരംഭിക്കുന്ന ദേ പുട്ട് റസ്റ്ററന്ററിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടൻ ദിലീപ് ദുബായിലെത്തി. മാതാവ് സരോജവും അദ്ദേഹത്തിനോടൊപ്പമെത്തിയിട്ടുണ്ട്. താടി വച്ച് സാധാരണ വേഷത്തിലെത്തിയ ദിലീപിനെ ദുബായിലെ സുഹൃത്തുക്കൾ രാജ്യാന്തര വിമാനത്താവളത്തിൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു. വീൽചെയറിലാണ് അമ്മ സരോജം പുറത്തേയ്ക്ക് വന്നത്. ഇരുവരും പിന്നീട് താമസ സ്ഥലത്തേയ്ക്ക് പോയി. ഇതെവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. 

അതേസമയം, ദിലീപിന്റെ ആത്മാർഥ സുഹൃത്തും പാർട്ണറുമായ നടനും സംവിധായകനുമായ നാദിർഷാ ഇന്ന് രാവിലെ റസ്റ്ററന്റിൽ മാധ്യമപ്രവർത്തകരെ കണ്ടു പ്രവർത്തനങ്ങൾ വിശദീകരിച്ചു. എന്നാൽ, ദിലീപ് വൈകിട്ടോടെ മാത്രമേ ഇവിടെ എത്തുകയുള്ളൂ. ദിലീപും നാദിർഷയും കൂടാതെ, യുഎഇയിൽ നിന്നുള്ള അഞ്ച് പാർട്ണർമാരാണ് റസ്റ്ററന്റിനുള്ളത്. ദിലീപിന്റെ മാതാവടക്കം അഞ്ച് പേരുടെ അമ്മമാരാണ് നാളെ വൈകിട്ട് ഏഴിന് ഉദ്ഘാടനം നിർവഹിക്കുക. 

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് കഴിഞ്ഞദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് ദുബായിലേയ്ക്ക് വരാനുള്ള പാസ്പോർട്ട് കൈപ്പറ്റിയത്. റസ്റ്ററന്റിന്റെ ദുബായ് ശാഖയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ ഹൈക്കോടതി ദിലീപിന് അനുമതി നൽ‌കിയിരുന്നു. തുടർന്നാണു പാസ്പോർട്ടിനായി ദിലീപ് കോടതിയിലെത്തിയത്. നേരത്തെ ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി എന്നിവരോടൊപ്പമാണ് ദിലീപ് ദുബായിലേക്ക് യാത്ര തിരിക്കുക എന്നു റിപോർട്ടുകളുണ്ടായിരുന്നു. മീനാക്ഷിക്ക് സ്കൂളിൽ പരീക്ഷയായതിനാലാണ് ഇൗ തീരുമാനം മാറ്റിയതെന്നറിയുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമർപ്പിച്ചതിനു ശേഷമാണ് ദുബായ് യാത്ര.

ദിലീപിന് ദുബായില്‍ ഒട്ടേറെ സുഹൃത്തുക്കളും ബിസിനസ് പാർട്ണർമാരുമുണ്ട്. നാദിർഷയും ദുബായിലെ പാർട്ണർമാരുമാണ് റസ്റ്ററന്റിന്റെ നിയമപരമായ രേഖകൾ തയ്യാറാക്കിയത്. ദിലീപ് അറസ്റ്റിലാകുന്നതിന് മുൻപ് തന്നെ റസ്റ്ററന്റ് ഉദ്ഘാടനത്തിന് തയ്യാറായിരുന്നു. എന്നാൽ, അറസ്റ്റോടെ അത് നീട്ടിവയ്ക്കുകയായിരുന്നു. 

ദിലീപിന്റെ ജയിൽവാസം നീണ്ടുപോയതോടെ വൻ തുക ചെലവിട്ട് ഒരുക്കിയ റസ്റ്ററന്റിന്റെ ഭാവി അടഞ്ഞുപോകുമോ എന്ന ആശങ്ക ദുബായിലെ സുഹൃത്തുക്കൾക്ക് പോലുമുണ്ടായിരുന്നു. പിന്നീട്, ജാമ്യം ലഭിച്ചതോടെയാണ് അവസാന മിനുക്കു പണികൾ നടത്തി ഉദ്ഘാടനത്തിന് ഒരുക്കിയത്. ഒട്ടേറെ മലയാളി റസ്റ്ററന്റുകളുള്ള ദുബായിലെ പ്രധാനസ്ഥലമാണ് കരാമ. മലയാളി കുടുംബങ്ങൾ നിരവധി താമസിക്കുന്ന പ്രദേശം കൂടിയാണിത്. കരാമയിലെ പാർക് റെജിസ് ഹോട്ടലിന് പിൻവശത്തായി അൽ ഷമ്മാ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് റസ്റ്ററന്റ്.