Latest News

ആറു മാസത്തിനിടെ എല്ലുകള്‍ ഒടിഞ്ഞത് പലവട്ടം! ഷെറിനെ മലയാളി ദമ്പതികള്‍ കൊല്ലാക്കൊല ചെയ്‌തോ?

2017-12-01 02:40:42am |

ഹൂസ്റ്റൻ ∙ യുഎസിൽ കാണാതായതായി വളർത്തച്ഛൻ പരാതി നൽകുകയും പിന്നീടു ഡാലസിലെ വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽനിന്നു മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്ത മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസിനു മർദനമേറ്റതായി ഡോക്ടറുടെ മൊഴി. ഷെറിന്റെ കൈകാലുകളിലെ അസ്ഥികൾ പല തവണ ഒടിഞ്ഞിരുന്നതായും മുറിവുകൾ കരിഞ്ഞതിന്റെ പാടുകൾ ഉണ്ടായിരുന്നതായും മൃതദേഹ പരിശോധന നടത്തിയ ഡോക്ടർ കോടതിയെ അറിയിച്ചു. ഷെറിന്റെ വളർത്തച്ഛൻ വെസ്‍ലി മാത്യൂസും വളർത്തമ്മ സിനി മാത്യൂസും അറസ്റ്റിലായി ജയിലിലാണ്.

ഇവരുടെ മൂന്നു വയസ്സുകാരി കുഞ്ഞ് ചൈൽഡ് പ്രൊട്ടക്ടീവ് സർവീസസ് (സിപിഎസ്) സംരക്ഷണയിലായിരുന്നതു സംബന്ധിച്ചു രണ്ടു പേരും കോടതിയിൽ ഹാജരായി വിവരങ്ങൾ നൽകി. 2016 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയിൽ ഷെറിന്റെ ശരീരത്തിൽ പലതവണ പൊട്ടലുണ്ടായതായി മൃതദേഹ പരിശോധന നടത്തിയ ഡോ. സൂസൻ ഡാകിൽ എക്സ്റേ രേഖകൾ ഹാജരാക്കി കോടതിയെ അറിയിച്ചു. ഷെറിനെ ഇന്ത്യയിൽനിന്നു ദത്തെടുത്തതിനു ശേഷം പല തവണയായാണു മുറിവുകളും പൊട്ടലുകളും ഉണ്ടായതെന്നും അവർ പറഞ്ഞു.