Latest News

അപൂർവ ഗ്രൂപ്പ് രക്തം നൽകാൻ മലയാളി പറന്നു; ഖത്തറിൽ നിന്ന് കുവൈത്തിലേക്ക്

2017-12-02 02:40:24am |

ദോഹ ∙ ഖത്തറിൽ നിന്നു കുവൈത്തിൽ പറന്നെത്തി രക്തം ദാനം ചെയ്തു മലയാളി യുവാവിന്റെ മാതൃക. കണ്ണൂർ ഇരിട്ടി സ്വദേശിയും ഖത്തറിൽ പ്രവാസിയുമായ നിധീഷ് രഘുനാഥാണു രക്തദാനത്തിന്റെ മഹത്തായ സന്ദേശം തന്റെ പ്രവൃത്തിയിലൂടെ നിറവേറ്റിയത്. ബ്ലഡ് ഡോണേഴ്സ് കേരള– ഖത്തർ, കുവൈത്ത് ചാപ്റ്ററുകളുടെ ഏകോപനമാണ് ഈ അപൂർവ രക്തദാനത്തിലേക്കു വഴി തുറന്നത്.

കുവൈത്തിൽ ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയ വേണ്ട കർണാടക സ്വദേശിനിക്കാണ് രക്തം അത്യാവശ്യമായി വന്നത്. ‘ബോംബെ ഗ്രൂപ്പ്’ എന്ന പേരിൽ അറിയപ്പെടുന്ന അപൂർവ ഇനം രക്ത ഗ്രൂപ്പായിരുന്നു യുവതിയുടേത്. ലക്ഷത്തിൽ നാലു പേരിൽ മാത്രമാണ് ഈ അപൂർവ രക്തഗ്രൂപ്പുള്ളത്. എന്നാൽ, ഇതേ ഗ്രൂപ്പിലുള്ള രക്തം കുവൈത്തിൽ ലഭ്യമല്ലാതായതോടെ കാര്യങ്ങൾ സങ്കീർണമായി.

അടിയന്തര ശസ്ത്രക്രിയ വൈകുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. ഇതിനിടെ വിഷയം ബ്ലഡ് ഡോണേഴ്സ് കേരള– കുവൈത്ത് ചാപ്റ്ററിനു മുന്നിലെത്തി. പിന്നീട് ബോംബെ ഗ്രൂപ്പ് രക്തം തിരഞ്ഞുള്ള അന്വേഷണമായി. വാട്സാപിലെ വിവിധ ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ പാഞ്ഞെത്തി. ബിഡികെയുടെ ഖത്തർ ചാപ്റ്ററിനും വിവരമെത്തി. തുടർന്നുള്ള അന്വേഷണമാണ് ഖത്തറിൽ ബർവയിലുള്ള ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന നിതീഷിനു മുന്നിൽ അവസാനിച്ചത്.

nidheesh നിതീഷ്

ബിഡികെ–ഖത്തർ ചാപ്റ്റർ മുൻപു നടത്തിയ രക്തപരിശോധനയിൽ നിധീഷിന്റേത് ബോംബെ ഗ്രൂപ്പാണെന്നു കണ്ടെത്തിയിരുന്നു. നിധീഷിനെ ആശുപത്രിയിലെത്തിച്ച് ക്രോസ് മാച്ചിങ് ഉൾപ്പെടെയുള്ളവ പൂർത്തിയാക്കി. കമ്പനി അധികൃതരിൽ നിന്നും അനുമതി വാങ്ങി നിധീഷിനെ എത്രയും വേഗം ഖത്തറിലെത്തിക്കാനുള്ള നടപടികൾ ബിഡികെ– ഖത്തർ ചാപ്റ്റർ സ്വീകരിച്ചു.

വീസ നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച ഉച്ചയോടെ നിധീഷ് കുവൈത്തിലെത്തി. രക്ത പരിശോധന നടപടികൾ പൂർത്തിയാക്കി ജാബിരിയ രക്തബാങ്കിൽ രക്തദാനം നിർവഹിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ പൂർണ മനസോടെ തയാറായ നിധീഷിനു നന്ദി പറയുകയാണു കുവൈത്തിലെ പ്രവാസി സമൂഹം.

കുവൈത്തിലെ ആരോഗ്യ വിഭാഗം തന്നെ നിധീഷിനെ ആദരിച്ചു. ഇന്നു ഖത്തറിൽ തിരിച്ചെത്തുന്ന നിധീഷിന് ബ്ലഡ് ഡോണേഴ്സ് കേരള– ഖത്തർ ചാപ്റ്റർ പ്രവർത്തകർ സ്വീകരണം നൽകും. എല്ലാവരും മാതൃകയാക്കേണ്ട പ്രവർത്തിയാണു നിധീഷിന്റേതെന്ന് ബിഡികെ– ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ഷാജി വെട്ടുകാട്ടിൽ പറഞ്ഞു. രക്തദാനത്തിന്റെയും ബിഡികെ പോലുള്ള കൂട്ടായ്മകളുടെയും പ്രസക്തി വ്യക്തമാക്കുന്നതാണീ സംഭവമെന്നും ഷാജി പറഞ്ഞു.