Latest News

ദുബായില്‍ കളഞ്ഞു കിട്ടിയത് ദശലക്ഷങ്ങൾ; സർക്കാരിന് വൻ നേട്ടം

2017-12-06 02:31:15am |

ഉടമസ്ഥരെ കണ്ടെത്താനാകാത്ത കളഞ്ഞുകിട്ടിയ വസ്തുക്കൾ വിറ്റഴിച്ചതിലൂടെ കഴിഞ്ഞ വർ‌ഷം ദുബായ് പൊലീസ് ട്രഷറിയിൽ അടച്ചത് 6.25 ദശലക്ഷം ദിർഹം. ഇത്തരം വസ്തുക്കൾ ലേലം ചെയ്തതിലൂടെ മാത്രം സർക്കാരിന് ലഭിച്ചത് 4.71 ദശലക്ഷം ദിർഹമാണ്. ഈ വർഷമിത് ഇതുവരെ 3.86 ദശലക്ഷം ദിർഹമാണ്. 2017ൽ 198,000 യുഎസ് ഡോളർ, 10,000 ബഹ്രൈനി ദിനാർ, 15,000 പൗണ്ട്, 80,000, 30,000 ഖത്തറി റിയാൽ, 3,000 കുവൈത്തി റിയാല്‍ എന്നിവ ഉടമസ്ഥരെ കണ്ടെത്തി തിരിച്ചുനൽകിയെന്നും അധികൃതർ‌ വ്യക്തമാക്കി.

കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ, സ്മാർട്ട് ബോര്‍ഡ് ഡിവൈസുകൾ, ലാപ്ടോപ്പുകൾ, ക്യാമറകൾ എന്നിവയുടെ കണക്കും പതിനായിരങ്ങളാണ്.

കളഞ്ഞു കിട്ടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ

∙മൊബൈൽ ഫോൺ– 14,000

∙സ്മാർട് ബോർഡ് വസ്തുക്കള്‍– 1,679

∙ലാപ്ടോപ്പുകൾ– 639

∙ക്യാമറകൾ–1,217

∙വാച്ചുകൾ– 11,000

ഇത്രയും വസ്തുക്കളാണ് കഴിഞ്ഞ മാസം ലേലത്തിൽ വിറ്റു പോയത്. 5,500 വസ്തുക്കളാണ് ആകെ മൊത്തം ഈ വർഷം ലഭിച്ചത്. കഴിഞ്ഞ വര്‍ഷമിത് 4,826 ആയിരുന്നു. 

ബിരുദ സർട്ടിഫിക്കറ്റുകൾ, വിവാഹ ഉടമ്പടികള്‍ തുടങ്ങിയവയും കളഞ്ഞുകിട്ടിയവയിൽ പെടും. എന്നാൽ ഉടമസ്ഥന്റെ വിലാസം ഇവയില്‍ കൃത്യമായി ഉള്ളതിനാൽ ഇത്തരം വസ്തുക്കൾ ഉടമസ്ഥർക്ക് തന്നെ അയച്ചുകൊടുക്കുകയാണ് പതിവ്. വാട്ടർ കൂളർ, ജെറ്റ് സ്കി, ജനറേറ്റർ, 60 ഇഞ്ച് എൽസിഡി ടിവി എന്നിവയും കണ്ടെത്തിയവയിൽ പെടും. 

സാധാരണയായി നഗരത്തിൽ നിന്നു കളഞ്ഞുകിട്ടുന്ന വസ്തുക്കൾ ഉടമസ്ഥർക്ക് തിരികെ ലഭ്യമാക്കാറാണ് പതിവ്. പൊലീസിന് ലഭിക്കുന്ന ഇത്തരം സാധനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക സ്ഥലങ്ങളും ദുബായ് പൊലീസിനുണ്ട്. ഉടമസ്ഥരെ കണ്ടെത്തി സാധനങ്ങൾ തിരികെ വാങ്ങാനാണ് പൊലീസുദ്യോഗസ്ഥർ സാധാരണ നിർദേശിക്കുക. ഇങ്ങനെ ഉടമസ്ഥർ തിരികെ വാങ്ങാത്ത വസ്തുക്കളാണ് ലേലത്തിൽ വിറ്റ് ആ പണം സർക്കാർ ഖജനാവിലെത്തുന്നത്. ഒരു വർഷം വരെ ഉടമസ്ഥർ എത്തിയില്ലെങ്കിൽ മാത്രമെ വസ്തുക്കൾ ലേലത്തിൽ വയ്ക്കാനും കഴിയും. 

എമിറേറ്റ് പൗരന്മാരുടെ തിരിച്ചറിയൽ കാർ‌ഡുകൾ, പാസ്പോർട്ടുകൾ എന്നിവ ബന്ധപ്പെട്ട വകുപ്പുകൾക്കാണ് ദുബായ് പൊലീസ് കൈമാറുന്നത്. തിരിച്ചറിയൽ രേഖകൾ വിദേശ പൗരന്മാരുടെയാണെങ്കിൽ അത് അതാതു രാജ്യങ്ങളിലെ എംബസികളിലേക്കും പോകും. ഒരാൾക്ക് ഒരു വസ്തു കളഞ്ഞുകിട്ടിയാൽ 48 മണിക്കൂറിനകം അത് അധികൃതർക്ക് കൈമാറിയിരിക്കണമെന്നാണ് ദുബായിലെ നിയമം. ഇങ്ങനെ വസ്തുക്കൾ തിരിച്ചേൽപ്പിച്ച് മാതൃകയാകുന്നവർക്ക് ദുബായ് പൊലീസ് സമ്മാനങ്ങളും നൽകാറുണ്ട്.