Latest News

ബാങ്ക്​ അക്കൗണ്ടുകളിലൂടെ അമിതമായ അളവിൽ പണമിടപാട്​! ജയിൽ ശിക്ഷ അനുഭവിച്ച നാല്​ മലയാളികൾ മോചിതരായി

2017-12-07 03:35:39am |

റിയാദ്​: സ്വന്തം പേരിലുള്ള ബാങ്ക്​ അക്കൗണ്ടുകളിലൂടെ അമിതമായ അളവിൽ പണമിടപാട്​ നടത്തുകയും വിദേശത്തേക്ക്​ പണം അയക്കുകയും ചെയ്​ത കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച നാല്​ മലയാളികൾ മോചിതരായി. മലപ്പുറം തിരൂർ സ്വദേശി സുധീർ, ചെർപ്പുളശ്ശേരി വല്ലപ്പുഴ സ്വദേശികളായ ശിഹാബ്​, അബ്​ദുറഹ്​മാൻ, കോഴിക്കോട്​ കാപ്പാട്​ സ്വദേശി മുജീബ്​ എന്നിവരാണ്​ റിയാദിലെ മലസ്​ ജയിലിൽ നിന്ന്​ തിങ്കളാഴ്​ച രാത്രി മോചിതരായത്​. എല്ലാവർക്കും 20,000 റിയാലി​​െൻറ പിഴ ബാക്കിയുണ്ട്​. ഇനി ഗവർണറേറ്റിൽ നിന്നാണ്​ പിഴയൊടുക്കുന്നതും നാട്ടിലേക്ക്​ തിരിച്ചുപോകുന്നതും ഉൾപ്പെടെ കാര്യങ്ങളിൽ തീരുമാനമുണ്ടാവുക. ഇവരിൽ സുധീറിന്​ 32 മാസത്തിന്​ ശേഷമാണ്​ മോചനം ലഭിച്ചത്​.

റിയാദിൽ നിന്ന്​ 500 കിലോമീറ്ററകലെ ബീശയിൽ പ്ലാസ്​റ്റിക്​ കടയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം കുടുംബവുമായി നാട്ടിൽ അവധിക്ക് പോയി മടങ്ങുമ്പോൾ റിയാദ് വിമാനത്താവളത്തിൽ 2015 മേയ്​ മാസത്തിലാണ്​​ അറസ്​റ്റിലായത്​. അമിത അളവിൽ പണം അയച്ചതി​െൻറ പേരിൽ നിരീക്ഷണത്തിലുള്ള ആളാണെന്ന് പറഞ്ഞ് ഇമിേഗ്രഷൻ അധികൃതർ തടഞ്ഞുവെക്കുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തെ പോകാൻ അനുവദിച്ചു. അവർ ദിവസങ്ങളോളം റിയാദിൽ കഴിഞ്ഞശേഷം നാട്ടിലേക്ക്​ മടങ്ങി. സുധീറിനെ വിമാനത്താവളത്തിലെ സെല്ലിലാണ്​ ആദ്യം ഇട്ടത്​. പിന്നീട്​ മലസ്​ ജയിലിലേക്ക്​ മാറ്റി. സുധീറി​​െൻറ പേരിൽ അൽരാജ്​ഹി ബാങ്കിലുള്ള അക്കൗണ്ടിലൂടെ 22 ലക്ഷം റിയാൽ വിദേശത്തേക്ക്​ അയച്ചു എന്നതായിരുന്നു കേസ്​.

സുഹൃത്തുക്കൾ പലരും ഇൗ അക്കൗണ്ടിലുള്ള എ.ടി.എം കാർഡ്​ ഉപയോഗിച്ച്​ പണമയച്ചിരുന്നു. നാട്ടിൽ അവധിക്ക് പോയപ്പോഴും ഈ കാർഡ് സുഹൃത്തുക്കളുടെ കൈവശമായിരുന്നു. ഇതെല്ലാം കൂടി വലിയ തുകയായി മാറി സൗദി മോണിറ്ററിങ്​ ഏജൻസിയുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഇൗ കേസിൽ 20 മാസത്തെ തടവുശിക്ഷയാണ്​ വിധിച്ചത്​. എന്നാൽ ഇതേസമയത്ത്​ തന്നെ ബീശയിൽ മൊത്തവ്യാപാരിയായ ഒരു സൗദി പൗരൻ സുധീറിന്​ എതിരെ സ്വകാര്യ അന്യായവും ഫയൽ ചെയ്​തിരുന്നു. പ്ലാസ്​റ്റിക്​ കടയിലേക്ക്​ ആവശ്യമായ ഉൽപന്നങ്ങൾ വാങ്ങിയ വകയിൽ 1,75,000 റിയാൽ നൽകാനുണ്ടെന്ന്​ കാണിച്ചായിരുന്നു പരാതി. ബീശയിലെ സുഹൃത്തുക്കളായ അലി, സലീം എന്നിവരുടെ നേതൃത്വത്തിൽ പണം സ്വരൂപിച്ച്​ കൊടുത്ത്​ ഇടപാടിൽ കുറച്ച്​ തീർത്തിരുന്നു. ബാക്കിയുള്ള 45,000 റിയാൽ ആവശ്യപ്പെട്ടാണ്​ കോടതിയെ സമീപിച്ചത്​. ദമ്മാമിലുള്ള സുഹൃത്ത്​ ശംസുദ്ദീ​​ൻ വഴി വിഷയം അറിഞ്ഞ്​ കേരള പ്രവാസി ക്ഷേമനിധി ബോർഡ്​ ഡയറക്​ടർ ജോർജ്​ വർഗീസ്​ മോചന ശ്രമവുമായി മുന്നോട്ടുവന്നതാണ്​ വഴിത്തിരിവായത്​.

പണം നൽകിയതോടെ ആ സൗദി പൗരൻ റിയാദിലെത്തി​ കേസ്​ പിൻവലിച്ചു. ഇതിനിടെ നാട്ടിൽ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി ജലീലിനും മോചനത്തിന്​ സഹായിക്കണമെന്നാവശ്യപ്പെട്ട്​ പരാതി നൽകി. തടവുശിക്ഷ കഴിഞ്ഞതിനാൽ ജയിലിൽ നിന്ന്​ തിങ്കളാഴ്​ച റിയാദ്​ എയർപോർട്ട്​ സെല്ലിലേക്ക്​ മാറ്റിയിരുന്നു. അവിടെ നിന്ന്​ പുറത്തിറങ്ങാൻ സൗദി പൗരനായ ഒരാളുടെ ജാമ്യം ആവശ്യമായി. ജിദ്ദയിലുള്ള സുഹൃത്ത്​ ശൗക്കത്ത്​ വഴി റിയാദിലെത്തിയ സൗദി പൗരൻ റിയാദിലെ കേളി പ്രവർത്തകരുടെ സഹായത്തോടെ ഇവിടെയെത്തി ജാമ്യം നൽകി മോചനം സാധ്യമാക്കുകയായിരുന്നു. ഇനി റിയാദ്​ ഗവർണറേറ്റിൽ നിന്നാണ്​ അന്തിമ നടപടിയുണ്ടാകേണ്ടത്​. മോചിതരായ മറ്റ്​ മലയാളികളിൽ ശിഹാബും അബ്​ദുറഹ്​മാൻ സകാകയിലാണ്​ ജോലി ചെയ്​തിരുന്നത്​. മുജീബ്​ റിയാദിലും. ഇവർക്കെതിരെയും അമിതമായ തോതിൽ പണമയച്ച കേസാണുണ്ടായിരുന്നത്​.