Latest News

കുമ്പസാരിക്കാന്‍ വന്ന സൗന്ദര്യറാണിയെ കൊലപ്പെടുത്തി; വൈദികന് 57 വര്‍ഷത്തിനു ശേഷം ജീവപര്യന്തം ശിക്ഷ, അരുംകൊലയ്ക്ക് പ്രേരിപ്പിച്ച കാരണം

2017-12-10 05:06:21am |

സാന്‍ അന്റോണിയോ: 1960കളില്‍ അമേരിക്കയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സൗന്ദര്യ റാണിയുടെ കൊലപാതകത്തില്‍ പ്രതിക്ക് ശിക്ഷ. കൊലപാതകം നടത്തിയ മുന്‍ കത്തോലിക്കാ വൈദികനെയാണ് ആറു പതിറ്റാണ്ടിനിപ്പുറം സൗത്ത് ടെക്‌സസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ജോണ്‍ ബെര്‍നാര്‍ഡ് ഫിയറ്റ് എന്ന മുന്‍ വൈദികനാണ് ശിക്ഷിക്കപ്പെട്ടത്. വൈദിക സേവനത്തിനു ശേഷം അരിസോണയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്ന 85കാരന്‍ ജോണ്‍ ഫിയറ്റിനെ ടെക്‌സസില്‍ എത്തിച്ച് വിചാരണ നടത്തിയാണ് ശിക്ഷ വിധിച്ചത്. ഫിയറ്റിന്റെ പ്രായം കണക്കിലെത്ത് ലഭിക്കാവുന്ന പരമാവധി ശിക്ഷയാണിതെന്ന് ‘ദ മോണിറ്റര്‍’, കെ.ആര്‍.ജി.വി ടിവി എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ചു ദിവസം നീണ്ട വിചാരണയില്‍ മുഖ്യസാക്ഷിയായ ട്രാപിസ്റ്റ് സന്യാസിയെ ഉള്‍പ്പെടെ 25 ഓളം പേരെ വിസ്തരിച്ചിരുന്നു. മിസൂരി സെമിനാരിയിലെ സന്യാസിയായ ഇദ്ദേഹത്തോട് ഫിയറ്റ് കൊലപാതക വിവരം ഏറ്റുപറഞ്ഞിരുന്നു.

1960ലെ വിശുദ്ധ വാരത്തിലാണ് കൊലപാതകം നടന്നത്. ഏപ്രില്‍ 16ന് വൈകിട്ട് മക്എ അലന്‍ സേക്രട്ട് ഹാര്‍ട്ട് കത്തോലിക്ക പള്ളിയില്‍ കുമ്പസാരത്തിന് പോയ സുന്ദരിയെ പിന്നീട് ആരും ജീവനോടെ കണ്ടിട്ടില്ല. അഞ്ചു ദിവസത്തിനു ശേഷം രു കനാലില്‍ നിന്നാണ് അവരുടെ മൃതദേഹം കണ്ടെടുത്തത്. അവര്‍ ക്രൂരമായി മര്‍ദ്ദനമേറ്റിരുന്നുവെന്നൂം അബോധാവസ്ഥയില്‍ മാനഭംഗത്തിനിരയായെന്നും പിന്നീട് ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

മക്അലനില്‍ സേവനമനുഷ്ഠിച്ചിരുന്ന സമയത്ത് തന്റെ പക്കല്‍ കുമ്പസാരത്തിന് എത്തിയ മുന്‍ ടെക്‌സസ് സുന്ദരി ഇറാനെ ഗാര്‍സെ (25) ആണ് കൊല്ലപ്പെട്ടത്. അന്ന് സെക്കന്‍ഡ് ഗ്രേഡ് അധ്യാപിക കൂടിയായിരുന്നു ഗാര്‍സെ. അന്ന് 27 വയസായിരുന്നു ഫിയറ്റിന് പ്രായം.

murder

ചിത്രം: ദ മോണിറ്റര്‍

കത്തോലിക്കാ വിശ്വാസി കൂടിയായ ജോണ്‍ കെന്നഡി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സമയം കൂടിയായിരുന്നു അത്. ഫിയറ്റിനൊപ്പമാണ് ഗാര്‍സെയെ ഒടുവില്‍ കണ്ടതെന്ന് പല സാക്ഷികളും മൊഴി നല്‍കിയെങ്കിലും കെന്നഡിയെ പ്രതിസന്ധിയിലാക്കുമെന്ന് കരുതി അന്വേഷണ സംഘം വൈദികനെ ചോദ്യം ചെയ്തിരുന്നില്ല. എന്നാല്‍ 1960 ഓഗസ്റ്റില്‍ ഒരു ടെക്‌സസ് വൈദികനില്‍ നിന്ന് മറ്റൊരു സഭാ മേധാവിക്ക് ലഭിച്ച കത്താണ് കേസിന് തുമ്പുണ്ടാക്കിയത്.

കേസില്‍ ദൃക്‌സാക്ഷികളില്ലെന്നും പ്രോസിക്യുഷന് വീഴ്ചയുണ്ടെന്നും പ്രതിഭാഗം ആരോപിച്ചതല്ലാതെ ഫിയറ്റിന് പങ്കില്ലെന്ന വാദമൊന്നും ഉന്നയിച്ചിരുന്നില്ല. കഴിഞ്ഞ 57 വര്‍ഷത്തിനിടെ കൊലപാതക വിവരം ഒളിച്ചുവച്ച് നിയമവ്യവസ്ഥയെ പരിഹസിക്കുകയായിരുന്നു ഫിയറ്റ് ചെയ്തതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അയാള്‍ പിന്നീട് വിവാഹിതനായി, കുടുംബമുണ്ടായി, കത്തോലിക്കാ സഭയുടെ എല്ലാ സംരക്ഷണവും തന്റെ കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ ഉപയോഗിച്ചുവെന്നും പ്രോസിക്യുഷന്‍ ആരോപിച്ചു.