Latest News

ഭാര്യയും മക്കളും ദുബായില്‍ കുടുങ്ങി; എമിറേറ്റ്‌സിനെതിരേ പൊട്ടിത്തെറിച്ച്‌ ശിഖര്‍ ധവാന്‍

2017-12-30 02:33:30am |

ദുബായ്∙ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പുറപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം ശിഖര്‍ധവാന്റെ ഭാര്യയും മക്കളും ദുബായില്‍ കുടുങ്ങി. യാത്രയുമായി ബന്ധപ്പെട്ട് കുട്ടികളുടെ ചില രേഖകള്‍ പൂര്‍ണമല്ലെന്നു പറഞ്ഞാണ് ധവാന്റെ കുടുംബത്തിന്റെ ദക്ഷിണാഫ്രിക്കയിലേക്കുള്ള തുടര്‍ യാത്ര തടഞ്ഞത്. ഇതില്‍ ക്ഷുഭിതനായ ധവാന്‍ വിമാനക്കമ്പനിയായ എമിറേറ്റ്‌സിനെതിരെ പൊട്ടിത്തെറിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് ധവാൻ പ്രതിഷേധം അറിയിച്ചത്. 

‘തീര്‍ത്തും അണ്‍പ്രൊഫഷണലായ സമീപനമാണ് എമിറേറ്റ്‌സിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം ദുബായ് വഴി ദക്ഷിണാഫ്രിക്കയിലേക്ക് പോവുകയായിരുന്നു. കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും വിമാനത്താവളത്തില്‍ വച്ചാണ് ചോദിച്ചത്. ഇക്കാര്യം ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അവര്‍ ഇപ്പോള്‍ ദുബായ് വിമാനത്താവളത്തില്‍ രേഖകള്‍ വരുന്നതിനായി കാത്തിരിക്കുകയാണ്. എന്തു കൊണ്ടാണ് എമിറേറ്റ്‌സ് അധികൃതര്‍ മുംബൈയില്‍ നിന്നും വിമാനം കയറുമ്പോള്‍ ഇക്കാര്യങ്ങള്‍ ആവശ്യപ്പെടാതിരുന്നത്. യാതൊരു കാരണവും ഇല്ലാതെ എമിറേറ്റ്‌സിന്റെ ഒരു ജീവനക്കാരന്‍ ഞങ്ങളോട് രൂക്ഷമായി പെരുമാറി’- ധവാന്‍ ട്വിറ്ററില്‍ കുറിച്ചു.