Latest News

ഇവാൻകയ്ക്ക് ഇനി പ്രസിഡന്റാകണം! അണിയറക്കഥകളുമായി വിവാദ പുസ്തകം

2018-01-05 03:05:43am |

വാഷിങ്ടൻ∙ യുഎസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ഹിലറി ക്ലിന്റനല്ല, താനായിരിക്കണമെന്ന മോഹവുമായി ട്രംപിന്റെ മകൾ ഇവാൻക. ഡോണൾഡ് ട്രംപിന്റെ അപ്രതീക്ഷിത പ്രസിഡന്റ് സ്ഥാനലബ്ധിയും അതുമായി ബന്ധപ്പെട്ട വൈറ്റ്‌ഹൗസ് അണിയറക്കഥകളും വിവരിക്കുന്ന ‘ഫയർ ആൻഡ് ഫ്യൂറി: ഇൻസൈഡ് ദ് ട്രംപ് വൈറ്റ്‌ഹൗസ്’ എന്ന പുസ്തകത്തിലാണ് ഇതുൾപ്പെടെ വിവരങ്ങൾ.

പ്രസിഡന്റാകാൻ ആരാദ്യം മൽസരിക്കണമെന്നതിനെപ്പറ്റി ഇവാൻകയും ഭർത്താവ് ജാറെദ് കുഷ്‌നറും തമ്മിൽ ഒരു കരാറുണ്ടാക്കിയിട്ടുണ്ടത്രേ. അവസരം ഒത്തുവന്നാൽ ഇവാൻക തന്നെ ആദ്യം മൽസരിക്കും. പ്രസിഡന്റാകുകയെന്നതു ട്രംപിന്റെ ലക്ഷ്യമായിരുന്നില്ലെന്നും ഹിലറി ക്ലിന്റനോടു തോറ്റാലും ആ പ്രശസ്തിയുപയോഗിച്ചു ടിവി താരമായി എന്നെന്നും ശോഭിക്കാമല്ലോയെന്നു കരുതി മാത്രമാണു കക്ഷി രംഗത്തിറങ്ങിയതെന്നുമാണു പുസ്തകത്തിൽ പറയുന്നത്.

മാധ്യമ ചക്രവർത്തി റൂപെർട്ട് മർഡോക്കിന്റെ ജീവചരിത്രകാരനും ഗാർഡിയൻ പത്രത്തിലെ മുൻ കോളമിസ്റ്റുമായ മൈക്കൽ വുൾഫാണു രചയിതാവ്. വോട്ടെണ്ണൽ പുരോഗമിക്കവേ, താൻ ജയിക്കുമെന്നായപ്പോൾ ട്രംപ് വിളറി വെളുത്തതും ജയിക്കേണ്ടിയിരുന്നില്ലെന്നു പറഞ്ഞു ഭാര്യ മെലനിയ പൊട്ടിക്കരഞ്ഞതും വുൾഫ് പരാമർശിക്കുന്നുണ്ട്.

അമേരിക്കൻ ഭരണഘടനയെന്നാൽ എന്താണു സംഗതിയെന്നു സ്ഥാനാർഥി ട്രംപിനു പറഞ്ഞു കൊടുക്കാൻ ഉപദേശകൻ സാം നൺബെർഗ് ശ്രമം നടത്തിയതിനെപ്പറ്റിയും നാലാം ഭേദഗതി വരെ എത്തിയപ്പോഴേക്കും വല്ലാതെ ബോറടിക്കുന്നെന്നു പറഞ്ഞ് ട്രംപ് എഴുന്നേറ്റതിനെക്കുറിച്ചും സരസമായി വിവരിക്കുന്നു.

ട്രംപിന്റെ മകൻ ഡോണൾഡ് ജൂനിയർ, പ്രചാരണകാലത്തു റഷ്യൻ അഭിഭാഷകയെ കണ്ടതു ശരിയായില്ലെന്നു മുൻ ഉപദേശകൻ സ്റ്റീവ് ബാനൻ പറഞ്ഞതായി വിവാദപുസ്തകത്തിലുണ്ട്. ഇതിനോടു പ്രതികരിച്ച് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞതു ബാനനു വട്ടായിപ്പോയെന്നാണ്. വസ്തുക്കച്ചവടത്തിലൂടെ കോടീശ്വരനായ ട്രംപിനെ രാജ്യത്തെ നിരാശരായ യുവാക്കളുടെയും തീവ്രദേശീയവാദികളുടെയും പ്രതീക്ഷയായി പുനർരൂപകൽപന ചെയ്തതിൽ മുഖ്യപങ്കുവഹിച്ചത് സ്റ്റീവ് ബാനനായിരുന്നു.