Latest News

പാസ്‌പോര്‍ട്ട് അടങ്ങിയ ബാഗുമായി മറ്റൊരു യാത്രക്കാരന്‍ പോയി; മൂന്ന് ദിവസമായി ഡല്‍ഹി എയര്‍പോര്‍ട്ടില്‍ കുടുങ്ങി പ്രവാസി

2018-01-16 03:21:05am |

പാസ്‌പോര്‍ട്ട് അടങ്ങിയ ബാഗ് മറ്റൊരു യാത്രക്കാരന്‍ മാറി എടുത്തു കൊണ്ട് പോയതിനെ തുടര്‍ന്ന് പ്രവാസി മൂന്ന് ദിവസം എയര്‍പോര്‍ട്ടില്‍ കുടുങ്ങി. സത്യേന്ദ്ര സിങ് എന്ന യാത്രക്കാരനാണ് ഡല്‍ഹി ഇന്ദിരാ ഗാന്ധി എയര്‍പോര്‍ട്ടില്‍ മുന്ന് ദിവസം കുടുങ്ങിയത്. കാനഡയിലേക്കുള്ള ഒരു യാത്രക്കാരന്‍ ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് അടങ്ങിയ ബാഗ് അബദ്ധത്തില്‍ എടുത്തു കൊണ്ട് പോകുകയായിരുന്നു.

ബഹ്‌റിനിലേക്ക് പോകാന്‍ ശനിയാഴ്ചയാണ് സത്യേന്ദ്ര സിങ് ലക്‌നൗവില്‍ നിന്ന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് എയര്‍പോര്‍ട്ടില്‍ എത്തിയ സത്യേന്ദ്ര സുരക്ഷാ പരിശോധനയ്ക്കായി പോയ സമയത്ത് ബാഗ് സ്‌കാനറില്‍ വച്ച് പോകുകയായിരുന്നു. തിരികെ വന്നപ്പോള്‍ ബാഗ് നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് സെക്യുരിറ്റി ജീവനക്കാരെ വിവരം അറിയിച്ചു. അവര്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ബാഗ് കാനഡയിലേക്കുള്ള യാത്രക്കാരന്‍ മാറി എടുത്തതായി വ്യക്തമായത്.

എന്നാല്‍ അപ്പോഴേയ്ക്ക് എയര്‍ കാനഡ വിമാനം പുറപ്പെട്ടിരുന്നു. സത്യേന്ദ്രയുടെ പണവും വസ്ത്രവുമെല്ലാം ആ ബാഗിനുള്ളിലായിരുന്നു. ഇതേതുടര്‍ന്ന് എയര്‍പോര്‍ട്ട് ടെര്‍മിനലിന്റെ തറയിലാണ് ഇയാള്‍ കിടന്നുറങ്ങിയത്. സുരക്ഷാ കാരണങ്ങളാല്‍ പുറത്തേക്ക് പോകാനും കഴിഞ്ഞില്ല. അമേരിക്കന്‍ പൗരത്വമുള്ള സത്യേന്ദ്ര ലക്‌നൗവിലുള്ള മാതാപിതാക്കളെ കാണാനാണ് ഇന്ത്യയില്‍ എത്തിയത്. പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ ഇയാളെ പുറത്തേക്ക് വിടാന്‍ കഴിയില്ലെന്ന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി.

മൂന്ന് ദിവസം നീണ്ട കാത്തിരിപ്പിനൊടുവില്‍ തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ എത്തിയ എയര്‍ കാനഡ ഫ്‌ളൈറ്റില്‍ സത്യേന്ദ്രയുടെ ബാഗ് തിരിച്ചെത്തി. എന്നാല്‍ അതിന്റെ നിരക്ക് ഇയാളില്‍ നിന്ന് ഈടാക്കുമെന്ന് എയര്‍ കാനഡ അധികൃതര്‍ വ്യക്തമാക്കി. ഇന്ന് വൈകിട്ടത്തെ വിമാനത്തില്‍ സത്യേന്ദ്ര യു.എസിലേക്ക് പോകും.