Latest News

വഴിയരികില്‍ കാലിയായ ശവപ്പെട്ടി, മൃതദേഹം കാണാനില്ല: വിദേശത്തു നിന്നു തിരുവനന്തപുരത്തേയ്ക്കു മൃതദേഹം കൊണ്ടുവന്ന പെട്ടി വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

2018-02-05 02:52:53am |

പുലര്‍ക്കാലത്തു നടക്കാനിറങ്ങിയവര്‍ അരണ്ട വെളിച്ചത്തില്‍ കണ്ടത് ഒഴിഞ്ഞശവപ്പെട്ടി. കുമ്പനാട്-നല്ലിമല റോഡില്‍ ആറങ്ങാട്ടുപടി- കുമ്പനാടു വഴി കല്ലുമലയ്ക്കു പോകുന്ന റോഡിലാണു രാവിലെ നാടക്കാനിറങ്ങിയവര്‍ ഒഴിഞ്ഞ ശവപ്പെട്ടി കണ്ടെത്തിയത്. വിദേശരാജ്യങ്ങളില്‍ നിന്നു മൃതദേഹം എംബാം ചെയ്തു കൊണ്ടു വരുന്ന ശവപ്പെട്ടിയായിരുന്നു ഇത്. സംഭവം കണ്ടു ഭയന്നു പോയവര്‍ നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ നാട്ടുകാര്‍ കൂടി. പ്രദേശം മുഴുവന്‍ തിരഞ്ഞു എങ്കിലും മൃതദേഹം കണ്ടെത്താനായില്ല.

തുടര്‍ന്നു പോലീസ് സ്ഥലത്ത് എത്തി. ഈ പ്രദേശത്ത് അടുത്ത കാലത്തെങ്ങും വിദേശത്തു നിന്നു മൃതദേഹം കൊണ്ടു വന്നിട്ടില്ല എന്നു നാട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞ് എത്തിയ പോലീസ് വിശദമായി ശവപ്പെട്ടി പരിശോധിച്ചു. വിദേശത്തു നിന്നു തിരുവനന്തപുരത്തു മൃതദേഹം എത്തിച്ച ശവപ്പെട്ടിയാണ് ഇത് എന്നാണു സൂചന. ശവപ്പെട്ടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഈ പ്രദേശത്ത് ആള്‍ സഞ്ചാരം കുറവാണ്. ഇവിടെ അറവുശാല മാലിന്യങ്ങളും മനുഷ്യ വിസര്‍ജവും തള്ളുന്നതു പതിവാണ് എന്നു പറയുന്നു. മൃതദേഹം കൊണ്ടു വന്നതിനു ശേഷം ഉപേക്ഷിച്ചതാകാം ഈ പെട്ടി എന്നാണു പോലീസ് നിഗമനം.