Latest News

ശീതള്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് കഴുത്തറുത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളെ; ഏഴു വര്‍ഷത്തിനിപ്പുറത്ത് കയ്യില്‍ കിട്ടിയത് ഇരട്ടക്കുട്ടികളെ...!!!

2018-02-27 02:52:05am |

: '' ആ ദിവസത്തിന് ശേഷം ഏഴു വര്‍ഷമായി ഞങ്ങളുടെ ജീവിതം നിശ്ചലമായിരുന്നു. വര്‍ഷങ്ങളോളം ഉണ്ണാനോ ഉറങ്ങാനോ കഴിഞ്ഞിരുന്നില്ല. ഭാര്യ പിന്നീടൊരിക്കലും ജോലിക്ക് പോയിട്ടില്ല. ഞാന്‍ ജോലിക്ക് പോയിരുന്നത് തന്നെ മകള്‍ക്കും അമ്മായിക്കും നീതി കിട്ടാന്‍ വേണ്ടി മാത്രമായിരുന്നു.'' ഏക മകള്‍ കൊല്ലപ്പെട്ടിട്ട് ഏഴു വര്‍ഷമായി തീരാദു:ഖത്തിലായിരുന്ന സന്തോഷിന്റെയും ഭാര്യ ശീതളിന്റെയും ജീവിതത്തിലേക്ക് സന്തോഷം വീണ്ടും കയറി വന്നത് ഇരട്ടക്കുട്ടികളുടെ രൂപത്തിലാണ്.

അയല്‍ വീട്ടിലെ ഏറ്റവും വിശ്വസ്തന്‍ തന്നെ മോഷ്ടാവായി മാറിയപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്ന ഭാര്യാമാതാവിനൊപ്പം കഴുത്തറുത്ത് കൊലചെയ്യപ്പെട്ട ഏകമകളുടെ വിയോഗം സന്തോഷിനെയും ശീതളിനെയും തകര്‍ത്തുകളഞ്ഞിരുന്നു. ഏഴു വര്‍ഷത്തിന് ശേഷം വീണ്ടും മാതാപിതാക്കളാകാനുള്ള ചികിത്സയുടെ ഫലമായി ഇരുവര്‍ക്കും പിറന്നത് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ്. കഴിഞ്ഞ മാസമായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് സന്തോഷത്തെ വിധി വീണ്ടും പടി കയറ്റി വിട്ടത്.

2011 ജൂണ്‍ 3 നായിരുന്നു മകള്‍ വൈഷ്ണവിയും ശീതളിന്റെ അമ്മ രഞ്ജന നാഗോട്കറിനെയും അയല്‍ക്കാരന്‍ കൊലപ്പെടുത്തിയത്. ശീതള്‍ വീട്ടിലെത്തുമ്പോള്‍ കഴൂത്തറുത്ത മാതാവിന്റെയും മകളുടെയും മൃതദേഹം കണ്ടെത്തി. ജീവതം അന്ന് നിശ്ചലമായിപ്പോയി. വര്‍ഷങ്ങളോളം ഉറങ്ങാന്‍ കഴിയുമായിരുന്നില്ല. ആഹാരത്തിന് രുചിയുണ്ടായിരുന്നില്ല. സന്തോഷമില്ലാത്ത വേദനനിറഞ്ഞ് ദിവസങ്ങള്‍ വെറുതേ തള്ളിനീക്കുകയായിരുന്നു. സന്തോഷിനെയും ശീതളിനെയും സ്‌നേഹിക്കുന്നവരുടെ നിര്‍ദേശപ്രകാരമാണ് മാതാപിതാക്കളാകാന്‍ വീണ്ടും ഉപദേശിച്ചത്.

സാന്താക്രൂസിലെ സൂര്യാ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലാണ് ശീതള്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. വീണ്ടും അച്ഛനാകാന്‍ കഴിയുമെന്ന് 44 കാരനായ സന്തോഷ് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഇരട്ടകളെ ആദ്യം കണ്ടപ്പോള്‍ തന്നെ അവര്‍ക്ക് തങ്ങളുടെ മുറിവ് ഉണക്കാന്‍ കഴിയുമെന്ന് മനസ്സിലായതായി സന്തോഷ് പറയുന്നു. ജീവിതത്തില്‍ ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കമെന്നാണ് 37 കാരി ശീതള്‍ പ്രതികരിച്ചത്. ക്രൂരമായ കുറ്റകൃത്യത്തിന് ഇരയായ തങ്ങളുടെ മകള്‍ക്കും അമ്മയ്ക്കും നീതി കിട്ടുന്നതില്‍ നിന്നും ശ്രദ്ധ അല്‍പ്പം പോലും പതറാനും അവര്‍ ആഗ്രഹിക്കുന്നില്ല. ജീവിതം ഓഫീസിനും കോടതിക്കുമായി പകുത്തിരിക്കുകയാണ്. കുറ്റാരോപിതന്‍ മേല്‍ക്കോടതിയെ ജാമ്യത്തിന് സമീപിച്ചാല്‍ എതിര്‍ക്കാന്‍ അവിടെ സന്തോഷ് പോകും. സുപ്രീംകോടതിയിലേത് ഉള്‍പ്പെടെ എതിരാളിയുടെ ഏഴ് ജാമ്യശ്രമങ്ങളാണ് സന്തോഷ് എതിര്‍ത്ത് തകര്‍ത്തത്.

കേസുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിന്റെയും കോടതി നടപടികളുടെയും പതിവ് സാന്നിദ്ധ്യമായിരുന്ന ശീതള്‍ ഗര്‍ഭാവസ്ഥയില്‍ മാത്രമാണ് കോടതി നടപടികള്‍ കേള്‍ക്കാന്‍ എത്താതിരുന്നത്. ഇരട്ട കൊലപാതകത്തിന് ശേഷം ശീതളും സന്തോഷും മുംബൈ സെന്‍ട്രലിലേക്ക് താമസം മാറിയിരുന്നു. വീടു മുഴുവന്‍ മകളുടെ ഓര്‍മ്മകളാണെന്നും ഫോര്‍ട്ടിലെ ഇഎന്‍ടി മുനിസിപ്പല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന സന്തോഷ് എപ്പോഴും കുട്ടികളെ കാണുമ്പോള്‍ മകളുടെ ഓര്‍മ്മകളില്‍ വിതുമ്പുമായിരുന്നു. ജനുവരി 19 ന് ശീതള്‍ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ ഇരുവരും സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടി. ആദ്യമായി ഇരട്ടകളെ കയ്യിലേക്ക് വാങ്ങുമ്പോള്‍ സന്തോഷിന് പിടിച്ചു നില്‍ക്കാനായില്ല.

മാസം തികയാതെ പിറന്ന കുട്ടികളില്‍ ആണ്‍കുട്ടിക്ക് 1.6 കിലോ തൂക്കമുണ്ടായിരുന്നു. മകള്‍ക്ക് 1.3 കിലോയും. കുട്ടികള്‍ക്ക് ഇതുവരെ പേരിട്ടിട്ടില്ല. വീണ്ടും മാതാപിതാക്കളാകാനുള്ള ചികിത്സ 15 ലക്ഷത്തില്‍ കവിയില്ലെന്ന് ആശുപത്രി ഇരുവര്‍ക്കും ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ ഇവര്‍ ഈ പണത്തിനായി വിവിധ ട്രസ്റ്റുകളെ സമീപിച്ചിട്ടുണ്ട്. അതേസമയം കുട്ടികള്‍ ഉണ്ടായാലും മകള്‍ വൈഷ്ണവിക്കും രഞ്ജനയ്ക്കും നീതി കിട്ടുന്നതാണ് പ്രഥമ പരിഗണനയെന്നും എല്ലാ സാക്ഷികളെയും വിസ്തരിച്ച് വിധി പറയുന്നതിന് തൊട്ടടുത്ത് എത്തി നില്‍ക്കുന്ന കേസില്‍ വിധി വരുന്നത് വരെ ഒട്ടും വിട്ടുകൊടുക്കില്ലെന്നാണ് ശീതള്‍ പറയുന്നത്.