Latest News

ചരിത്രം തിരുത്തി സൗദിയില്‍ വനിതാ മന്ത്രിയുടെ നിയമനം

2018-02-28 03:12:21am |

റിയാദ്‌: ചരിത്രം സൃഷ്‌ടിച്ച്‌ സൗദിയില്‍ വനിതാ മന്ത്രിയുടെ നിയമനം. തൊഴില്‍, സാമൂഹിക വികസന വകുപ്പ്‌ ഡെപ്യൂട്ടി മന്ത്രിയായി തമാതിര്‍ ബിന്ദ്‌ യൂസിഫ്‌ അല്‍ റംഹയെ നിയമിച്ചുകൊണ്ടുള്ള സല്‍മാന്‍ രാജാവിന്റെ ഉത്തരവാണ്‌ ചരിത്രത്തിലിടം നേടിയത്‌. ആധുനിക സൗദിയുടെ ചരിത്രത്തില്‍ ഒരു വനിത മന്ത്രിപദവിയിലെത്തുന്നതിതാദ്യം. കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതിയായ വിഷന്‍ 2030 യുടെ ഭാഗമായി രാജ്യത്ത്‌ നടന്നു വരുന്ന വിപ്ലവകരമായ മാറ്റങ്ങളില്‍ ഏറ്റവും പുതിയതാണ്‌ വനിതാ മന്ത്രിയുടെ നിയമനം. ഇതിനു പുറമേ സൈനിക നേതൃത്വത്തിലും കാര്യമായ അഴിച്ചുപണി നടത്താന്‍ ഭരണകൂടം തയ്യാറായിട്ടുണ്ട്‌.

ചീഫ്‌ ഓഫ്‌ സ്‌റ്റാഫ്‌ സ്‌ഥാനത്ത്‌ നിന്ന്‌ ജനറല്‍ അബ്‌ദുള്‍റഹ്‌മാന്‍ ബിന്‍ സാലേ അല്‍ ബുനിയാനെ നീക്കി. സൗദി ശതകോടീശ്വരന്‍ അല്‍വലീദ്‌ ബിന്‍ തലാല്‍ രാജകുമാരന്റെ സഹോദരന്‍ തുര്‍ക്കി ബിന്‍ തലാലിനെ അസിര്‍ മേഖലയുടെ ഡെപ്യൂട്ടി ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്‌. അഴിമതി വിരുദ്ധ നീക്കത്തിന്റെ ഭാഗമായി ഏതാനും മാസം മുമ്പ്‌ അറസ്‌റ്റിലായ അല്‍വലീദ്‌ വന്‍തുക നഷ്‌ടപരിഹാരം നല്‍കിയാണ്‌ മോചിതനായത്‌.