Latest News

സ്റ്റോക്ഹോമില്‍ ആള്‍ക്കൂട്ടത്തിലേക്കു വാഹനം ഇടിച്ചുകയറ്റി

2017-04-09 08:32:24pm |

സ്റ്റോക്ഹോം: സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്ഹോമില്‍ ആള്‍ക്കൂട്ടത്തിലേക്കു വാഹനം ഇടിച്ചുകയറ്റി. ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടുപേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. നഗരത്തിലെ തിരക്കേറിയ ക്വീന്‍സ് സ്ട്രീറ്റിലെ കാല്‍നടക്കാര്‍ക്കു വേണ്ടിയുള്ള തെരുവായ ഡ്രോട്ട്നിങ്ഗാറ്റനില്‍ പ്രാദേശിക സമയം ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയാണു സംഭവം. ഭീകരാക്രമണമാണെന്നു സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വാന്‍ സ്ഥിരീകരിച്ചു.
നഗരത്തിന്റെ മറ്റൊരു മേഖലയില്‍ വെടിയൊച്ച കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്നു വ്യക്തമല്ല. തലസ്ഥാനം ഉടന്‍തന്നെ പൊലീസ് വലയത്തിലാക്കി. പൊതുയാത്രാ സംവിധാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ജനങ്ങളോടു നഗരത്തിലേക്കു വരുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്തിനു സമീപമുള്ള സെന്‍ട്രല്‍ ട്രെയിന്‍ സ്റ്റേഷന്‍ പൊലീസ് ഒഴിപ്പിച്ചു. സ്പെന്‍ഡ്രപ്സ് ബ്രൂവെറിയുടേതാണ് ആക്രമണം നടത്തിയ ട്രക്ക്. ഇതു വെള്ളിയാഴ്ച രാവിലെ തട്ടിയെടുത്തതായി വ്യക്തമായിട്ടുണ്ട്. സ്വീഡനിലെ ഇന്ത്യന്‍ എംബസിയുടെ സമീപത്തായാണ് ആക്രമണം ഉണ്ടായത്. എന്നാല്‍ എംബസി ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് അംബാസഡര്‍ മോണിക്ക മോഹ്ത അറിയിച്ചു.