സൗദിയില്‍ പുതിയ നിയമം; പങ്കാളിയുടെ ഫോണില്‍ ചാരപ്പണി നടത്തിയാല്‍ എട്ടിന്റെ പണി ; അഞ്ചുലക്ഷം റിയാല്‍ പിഴ, ഒരു വര്‍ഷം ജയിലും ഉറപ്പ്...!!

2018-04-04 01:53:25am |

റിയാദ്: കടുത്ത യാഥാസ്ഥിതികരുടെ നാടായ സൗദി അറേബ്യയില്‍ ഇനി പങ്കാളിയുടെ ഫോണിലേക്ക് ഒളിഞ്ഞുനോക്കാന്‍ ഭാര്യയായാലും ഭര്‍ത്താവായാലും രണ്ടു തവണ ആലോചിക്കും. നിഷ്ഠൂര നിയമങ്ങളുടെയും സ്ത്രീസ്വാതന്ത്ര്യമില്ലായ്മയുടെയും പേരില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ആരോപണത്തില്‍ നിന്നും പതിയെ പുറത്തുവന്നുകൊണ്ടിരിക്കുന്ന സൗദി അറേബ്യയിലെ പുതിയ നയം അനുസരിച്ച് പങ്കാളികളുടെ ഫോണ്‍ ചോര്‍ത്തി അപമാനപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ വന്‍തുക പിഴയും ഒരു വര്‍ഷം ജയിലില്‍ കിടക്കേണ്ടിയും വരും.

തിങ്കളാഴ്ചയാണ് സൗദി നടത്തിയ പുതിയ പ്രഖ്യാപനം അനുസരിച്ച് ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ഫോണില്‍ ചാരക്കണ്ണുമായി ചെന്നാല്‍ അഞ്ചു ലക്ഷം റിയാല്‍ പിഴയോ ഒരു വര്‍ഷം വരെ തടവോ ആയിരിക്കും തേടി വരിക. ഇക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സൗദി വിവരാവകാശ മന്ത്രാലയം തിങ്കളാഴ്ച വാര്‍ത്താകുറിപ്പ് പുറത്തു വിട്ടു. കഴിഞ്ഞയാഴ്ച നിലവില്‍ വന്ന സൈബര്‍ക്രൈം വിരുദ്ധ നിയമത്തിന്റെ ഭാഗമായിട്ടാണ് പുതിയ നിര്‍ദേശങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്.

വ്യക്തികളുടെയും സമൂഹത്തിന്റെയും സദാചാരവും സ്വകാര്യതയും സംരക്ഷിക്കാന്‍ വേണ്ടിയാണ് നിയമമെന്ന് മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്ത് മൊബൈല്‍ഫോണ്‍, സാമൂഹ്യമാധ്യമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ബ്‌ളാക്ക് മെയിലിംഗ്, പണാപഹരണം, അപമാനപ്പെടുത്തല്‍ തുടങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ സൗദിയില്‍ വര്‍ദ്ധിച്ചതായുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

കടുത്ത നിയമങ്ങള്‍ക്ക് കീഴില്‍ പോലും സെല്‍ഫോണ്‍ ആപ്പുകളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും പ്രചരണത്തിന്റെ കാര്യത്തില്‍ ഏറെ മുകളിലാണ് സൗദിയുടെ സ്ഥാനം. ഔദ്യോഗികവും പാരമ്പര്യവുമായ മറ്റനേകം കാര്യങ്ങളേക്കാളും 25 വയസ്സില്‍ താഴെ പ്രായക്കാരായ സൗദി അറേബ്യന്‍ പൗരന്മാര്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നത് മൊബൈല്‍ പ്‌ളാറ്റ്‌ഫോമുകളിലാണെന്നാണ് കണ്ടെത്തല്‍. ഇതോടെ രാജ്യത്ത് സൈബര്‍ ക്രൈമുകളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ്.

കഴിഞ്ഞ വര്‍ഷം പുതിയ ഭരണാധികാരി മൊഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തില്‍ എത്തിയതോടെ സൗദിയിലെ പൊതു നയങ്ങളില്‍ വലിയ മാറ്റമാണ് വന്നുകൊണ്ടിരിക്കുന്നത്. ഏറെ ജനകീയമായതും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്നതുമായ രീതിയില്‍ ഒരുപറ്റം പുതിയ നയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണിലാണ് സൗദി സ്ത്രീകള്‍ക്ക് കാര്‍ ഓടിക്കാന്‍ അനുമതി നല്‍കിയത്. പത്തുവര്‍ഷമായി നില നിന്നിരുന്ന സിനിമാ തീയറ്ററുകള്‍ക്കുള്ള നിരോധനവും എടുത്തുമാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഉയരുന്ന സൈബര്‍ ക്രൈമുകളുടെ കാര്യത്തില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ ഗ്രൂപ്പുകള്‍ക്കിടയില്‍ ശക്തമായ വിമര്‍ശനമാണ് സൗദി മേടിച്ചു കൂട്ടിയിരുന്നത്.